A double minded man is unstable in all his ways. (James 1:8)

ആതുരസേവനരംഗത്തു റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കണം: കെസിബിസി ലേബര്‍ കമ്മീഷന്‍


കൊച്ചി: കേരളത്തിലെ ആതുരസേവനരംഗത്തെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും ഇന്‍ഷ്വറന്‍സ്, ടെലികോം മേഖലകള്‍ക്ക് ഉള്ളതുപോലെ ഹോസ്പിറ്റല്‍ റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നു കെസിബിസി ലേബര്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം, വൈസ് ചെയര്‍മാന്‍മാരായ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, ബിഷപ് യൂഹന്നാന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ ചേര്‍ന്നു പുറത്തിറക്കിയ മേയ്ദിന സന്ദേശത്തിലാണ് ഈ നിര്‍ദേശം. മേയ്ദിന സന്ദേശം നാളെ പള്ളികളില്‍ വായിക്കും.

കേരളത്തിലെ ആതുരസേവനരംഗത്ത് സമഗ്രമായ മാറ്റം ആവശ്യമാണ്. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഫലപ്രദവും കാര്യക്ഷമവുമായ നീക്കങ്ങള്‍ അടിയന്തരമായി ഉണ്ടാകണം. ഈ രംഗത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ ശരിയായ നടത്തിപ്പിനും അവിടെ ജോലിചെയ്യുന്നവര്‍ക്കു ന്യായമായ വേതനം ലഭിക്കുന്നതിനുമുള്ള നീക്കങ്ങളാണു നടത്തേണ്ടത്. സ്ഥാപനങ്ങള്‍ നടത്തുന്നവരുടെയും അവിടെ ജോലിചെയ്യുന്നവരുടെയും സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സ്ഥിരം സംവിധാനമാണ് ഉണ്ടാകേണ്ടത്.

എണ്ണത്തിലും ഗുണമേന്മയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാള്‍ വളരെ നല്ല നിലയിലാണു സ്വകാര്യമേഖലയിലെ പല സ്ഥാപനങ്ങളും. അതിന് ആനുപാതികമായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അവര്‍ക്കു ശ്രദ്ധകിട്ടുന്നില്ല. പലപ്പോഴും അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിക്ക് ഇരകളാകുന്നുണ്ട്.

ആതുരശുശ്രൂഷാ സ്ഥാപനങ്ങളില്‍ ഏറ്റവും അധികം പരാധീനതകള്‍ അനുഭവിക്കുന്ന ഒരു വിഭാഗമാണു നഴ്സുമാര്‍. മനുഷ്യജീവനെ സംരക്ഷിക്കുക എന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാരുടെ ജീവിതവും സംരക്ഷിക്കപ്പെടണം. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും ശമ്പളത്തില്‍ വലിയ അന്തരമുണ്ട്.

ഡോക്ടര്‍മാര്‍ക്കു വലിയ ശമ്പളം കൊടുക്കാന്‍വേണ്ടി നഴ്സുമാരുടേതു കുറയ്ക്കുകയാണു ചെയ്യുന്നത്. ജോലിക്കാര്‍ക്കു ന്യായമായ വേതനം കൊടുക്കണമെന്നും എന്താണു ന്യായമായ വേതനം എന്നും വളരെ വ്യക്തമായി സഭയുടെ പ്രബോധനങ്ങളിലുണ്ട്. മെച്ചപ്പെട്ട വേതനത്തിനും മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ക്കുംവേണ്ടി യൂണിയനുകള്‍ രൂപീകരിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ സഭ പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ട്. ഇത്തരം യൂണിയനുകള്‍ തങ്ങളുടെ കടമകള്‍ കൂടി സ്മരിക്കണം. സമരം ചെയ്യാനുള്ള അവകാശത്തെയും സഭയുടെ സാമൂഹിക പ്രബോധനം അംഗീകരിക്കുന്നുണ്ട്. എന്നാല്‍, കേരളത്തിലെ സമരങ്ങള്‍ പലപ്പോഴും മാനദണ്ഡങ്ങള്‍ പാലിച്ചല്ല നടത്തുന്നത് എന്നതു ദുഃഖകരമാണ്. ഏതു കാരണത്താലായാലും അക്രമസമരങ്ങളെ സഭ അംഗീകരിക്കുന്നില്ല. അസംഘടിത തൊഴിലാളികളുടെ വളര്‍ച്ചയ്ക്കും വികസനത്തിനും സാമൂഹിക സുരക്ഷയ്ക്കുംവേണ്ടി ഫലപ്രദമായ പദ്ധതികള്‍ സര്‍ക്കാരുകള്‍ ആവിഷ്കരിക്കണം.

നവസുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വളരെ പ്രധാനപ്പെട്ട മേഖലയാണു തൊഴില്‍ രംഗം. ഈ രംഗത്തു കെസിബിസിയുടെ കീഴിലുള്ള കേരള ലേബര്‍ മൂവ്മെന്റിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. ചുരുങ്ങിയ കാലയളവില്‍ തന്നെ അസംഘടിത തൊഴിലാളികളുടെ സംഘാടനത്തില്‍ തനതായ സ്ഥാനം ഉറപ്പിക്കാന്‍ കെഎല്‍എമ്മിനായിട്ടുണ്ട്. ദേശീയ ട്രേഡ് യൂണിയനുകള്‍ അവഗണിച്ചിരുന്ന അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ദേശീയ ചര്‍ച്ചാവിഷയമാക്കി മാറ്റുന്നതില്‍ കെഎല്‍എമ്മിനു മുഖ്യ പങ്കു വഹിക്കാന്‍ കഴിഞ്ഞു. നിര്‍മാണത്തൊഴിലാളി ഫോറം, ഗാര്‍ഹികത്തൊഴിലാളി ഫോറം, തയ്യല്‍ത്തൊഴിലാളി ഫോറം, ചെറുകിട തോട്ടം തൊഴിലാളി ഫോറം തുടങ്ങിയ വിവിധ തൊഴിലാളി ഫോറങ്ങള്‍ കെഎല്‍എമ്മിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം പുതിയ നാലു തൊഴിലാളി ഫോറങ്ങള്‍ കൂടി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നുണ്െടന്നും കെസിബിസി ലേബര്‍ കമ്മീഷന്‍ മേയ്ദിന സന്ദേശത്തില്‍ പറയുന്നു.