To everything there is a season, and a time to every purpose under the heaven. (Ecclesiastes 3:1)

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നോക്ക് മരിയൻ തീർത്ഥാടനം മെയ് 18 ശനിയാഴ്ച്ച

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ  നോക്ക് മരിയൻ തീർത്ഥാടനം   മെയ് 18 ശനിയാഴ്ച്ച

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ നോക്ക് മരിയൻ തീർത്ഥാടനം മെയ് 18 ശനിയാഴ്ച്ച രാവിലെ 10.30ന് നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യതിഥി ആയി പങ്കെടുക്കും.
ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും.
സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്റെയും സഭായോഗത്തിന്റെയും നേതൃത്വത്തില്‍ മേയ് 18 ലെ നോക്ക് മരിയൻ തീര്‍ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അയർലണ്ടിലെ ലിവിങ് സെർട് പരീക്ഷയിലും ജൂനിയർ സെർട് (GCSE -Northen Ireland) പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളെയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലണ്ടിലെ കുടുംബങ്ങളെയും ആദരിക്കും.
നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അയർലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ അഭ്യര്‍ത്ഥിച്ചു.