Blessed are the meek for they shall inherit the earth. (Matthew 5:5)

അയർലണ്ട് സീറോ മലബാർ സഭയ്ക്ക് പുതിയ വെബ്സൈറ്റ്

അയർലണ്ട് സീറോ മലബാർ സഭയ്ക്ക് പുതിയ വെബ്സൈറ്റ്

നോക്ക് : അയരലണ്ട് സീറോ മലബാർ സഭയുടെ പുതിയ വെബ് സൈറ്റ് www.syromalabarcatholic.ie പ്രകാശനം ചെയ്തു. അയർലണ്ടിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അയർലണ്ട് സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ വെബ്സൈറ്റ് ഉത്ഘാടനം ചെയ്തു. സീറോ മലബാർ ഗാൽവേ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര, സീറോ മലബാർ നാഷണൽ കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ OCD, നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ജിൻസി ജിജി, ഡബ്ലിൻ സോണൽ ട്രസ്റ്റിമാരായ് സീജോ കാച്ചപ്പിള്ളി, ബെന്നി ജോൺ, സുരേഷ് സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.

ഫിബ്സ്ബറോ കുർബാന സെൻ്ററിലെ കാറ്റിക്കിസം ഹെഡ്സ്മാസ്റ്റർ ശ്രീ റോമിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വെബ്സൈറ്റിൽ നിന്ന് അയർലണ്ട് സീറോ മലബാർ സഭയുടെ എല്ലാ റീജിയണൽ വെബ്സൈറ്റുകളിലേക്കും ലിങ്ക് ഉണ്ടായിരിക്കും. അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളുടെ വിവരങ്ങൾ, വിശുദ്ധ കുർബാന സമയം, വൈദീകർ, അഡ്മിനിസ്ട്രേഷൻ വിവരങ്ങൾ, വിവിധ ഡിപ്പാർട്ട്മെൻ്റുകളെ സംബന്ധിച്ച വിവരങ്ങൾ, ന്യൂസുകൾ എന്നിവ ഉൾക്കൊള്ളുന്ന വെബ്സൈറ്റിൽ നിന്ന് പാരിഷ് മാനേജ്മെൻറ് സിസ്റ്റത്തിലേയ്ക്കും മറ്റ് ഉപകാരപ്രദമായ വെബ്സൈറ്റുകളിലേയ്ക്കും പ്രവേശിക്കുവാൻ കഴിയും. വിവിധ അപേക്ഷാഫോറങ്ങൾ, കലണ്ടർ, ന്യൂസ് ലെറ്റർ, പ്രാർത്ഥനാ ബുക്കുകൾ മറ്റു ഉപകാരപ്രദമായ വിവരങ്ങൾ എന്നിവ ഈ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. മാര്യേജ് പ്രിപ്പറേഷൻ കോഴ്സ് രജിസ്ട്രേഷൻ, മറ്റ് ഈവൻ്റ് രജിസ്ട്രേഷൻ, ഡൊണേഷൻ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് ഉണ്ട്. വിശുദ്ധ കുർബാനയുടെ ലൈവ് സംപ്രേഷണവും ഈ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

സീറോ മലബാർ സഭ നോക്ക് ബസലിക്കയിൽ ആരംഭിച്ച കുർബാന മധ്യേയായിരുന്നു വെബ്സൈറ്റ് പ്രകാശനം. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് നാനൂറോളം വിശ്വാസികൾ ശനിയാഴ്ച നടന്ന തിരുകർമ്മങ്ങളിൽ സംബന്ധിച്ചു. രണ്ടാം ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മുതൽ മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഉച്ചയക്ക് 1 മണിക്ക് ആരാധനയും ജപമാലയും തുടർന്ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

Biju L.Nadackal
PRO, SMCC Ireland