Trust not in oppression, and become not vain in robbery: if riches increase, set not your heart upon them. (Psalm 62:10)

കുഞ്ഞുങ്ങളെ അൾത്താരയോട് ചേർത്ത് വളർത്തുക : ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത്

കുഞ്ഞുങ്ങളെ അൾത്താരയോട് ചേർത്ത് വളർത്തുക : ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത്

അൾത്താരയോട് ചേർത്ത് വളർത്തുന്ന കുഞ്ഞുങ്ങളെപറ്റി മാതാപിതാക്കൾക്ക് ദുഃഖിക്കേണ്ടി വരില്ലെന്ന് ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു. ഡബ്ലിൻ സീറോ മലബാർ സഭയുടെ കുർബാന സെന്ററുകളിലെ കമ്മറ്റി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു ബിഷപ്പ്.

വിശ്വാസ പരിശീലനം കുടുംബങ്ങളിൽ ആരംഭിക്കണം, ലിറ്റർജിയാണ് ഏറ്റവും വലിയ കാറ്റിക്കിസം. ദൈവതിരുമുൻപിൽ മുട്ടു കുത്തുന്ന മാതാപിതാക്കളുടെ കുട്ടികളിലാണ് ദൈവവിളി കാണപ്പെടുന്നത്. ശക്തമായ ദൈവവിശ്വാസവും സഭാ സ്നേഹവും ഉള്ള അയർലണ്ടിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിൽനിന്ന് ധാരാളം ദൈവവിളി ഉണ്ടാകുമെന്ന് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു

നമ്മുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും കുട്ടികൾ വളർന്നു വരുവാൻ, നമ്മുടെ കുട്ടികൾ തമ്മിൽ ഇടപെടുവാൻ പറ്റിയ കൂടുതൽ സാഹചര്യങ്ങൾ ഉണ്ടാകണം. അതിന്‌ കൂടെക്കൂടെയുള്ള ബലിയർപ്പണങ്ങളും കാറ്റിക്കിസം ക്ലാസ്സുകളും ധ്യാനങ്ങളും മറ്റ് പരിപാടികളും സഹായിക്കും.

അൽമായരുടെ സഭാ സേവനവും ഒരു ദൈവവിളിയാണ്. സഭാ സേവനത്തിന് നിയോഗിക്കപ്പെട്ട ആളുകൾ തങ്ങളുടെ താൽപര്യം അല്ല മറിച്ച് ദൈവേഷ്ടവും സമൂഹനന്മയും ആണ് സംരക്ഷിക്കേണ്ടത് ബിഷപ്പ് പുതിയ കമ്മറ്റിയംഗങ്ങളെ ഉദ്ബോധിപ്പിച്ചു.

ഡബ്ലിൻ സീറോ മലബാർ സഭയുടെ മുഖപത്രമായ ഹെസദിന്റെ പുതിയ ലക്കം എഡിറ്റർ മജു പേക്കനിൽ നിന്ന് സ്വീകരിച്ച ബിഷപ്പ് മുൻ സോണൽ കമ്മറ്റി ട്രസ്റ്റി സെക്രട്ടറി ജോൺസൺ ചാക്കാലയ്ക്കലിന് നൽകി പ്രകാശനം ചെയ്തു. മനോഹരമായി രൂപകല്പന ചെയ്ത കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ന്യൂസ് ലെറ്റർ എല്ലാ കുടുംബങ്ങളിലും വിതരണം ചെയ്യും.

ഡബ്ലിനിലെ ഒൻപത് കുർബാന സെന്ററുകളിലെ കമ്മറ്റി അംഗങ്ങളും കാറ്റിക്കിസം ഹെഡ്മാസ്റ്റർമാരും ഡബ്ലിനിലെ സീറോ മലബാർ ചാപ്ലിൻമാരും യോഗത്തിൽ പങ്കെടുത്തു.