ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് കുടുംബസംഗമം ഇന്ന് ഡബ്ലിൻ നേസ് റോഡിലുള്ള കോർക്കാ പാർക്കിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ വിവിധങ്ങളായ കലാ, കായിക വിനോദപരിപാടികളോടെ നടത്തപ്പെടുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിനിലേയും പരിസര പ്രദേശങ്ങളിലേയും സീറോ മലബാർ വിശ്വാസികൾക്ക് ഒത്തുചേരാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമായി ഫമീലിയ കുടുംബസംഗമം മാറും. കോവിഡ് മൂലം രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന കുടുബസംഗമത്തിനു ആയിരങ്ങൾ പങ്കെടുക്കും.
കുട്ടികളുടെ ഫുഡ്ബോൾ മൽസരങ്ങളോടെ ആഘോഷപരിപാടികൾക്ക് തുടക്കമാവും. കുട്ടികൾക്കായി ബൗൺസിങ്ങ് കാസിൽ, ഫേസ് പെയിന്റിംഗ്, വിവിധ ഗെയിമുകൾ എന്നിവ ഒരുക്കിയിരിക്കുന്നു. മുതിർന്നവർക്കും ദമ്പതികൾക്കുമായി പ്രത്യേക മത്സരങ്ങൾ, സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, മ്യൂസിക്ക് ബാൻ്റ്, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ എന്നിവ കുടുംബസംഗമവേദിയെ വർണ്ണാഭമാക്കും. വാശിയേറിയ വടംവലി മത്സരം കൃത്യം മൂന്ന് മണിക്ക് ആരംഭിക്കും. വനിതകൾക്കായി പ്രത്യേക മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. കുക്കിങ്ങ് മത്സരവും, തീറ്റമത്സരവും ഈ വർഷത്തെ പ്രത്യേകതയാണ്.
അയർലണ്ടിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയോടുകൂടി കുടുംബസംഗമത്തിനു തിരശീല വീഴും. സഭാ൦ഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.