For what shall it profit a man if he shall gain the whole world and lose his own soul? (Mark 8:36)

ക്രിസ്തുമസിന് ഒരുങ്ങി ഡബ്ലിൻ സീറോ മലബാർ സഭ

ക്രിസ്തുമസിന്  ഒരുങ്ങി ഡബ്ലിൻ സീറോ മലബാർ സഭ

മനുഷ്യരക്ഷക്കായ് ഭൂമിയിലവതരിച്ച ദൈവകുമാരൻ്റെ തിരുജനനത്തിൻ്റെ ഓർമ്മപുതുക്കുന്ന ക്രിസ്തുമസിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇരുപത്തഞ്ച് ദിനങ്ങൾ നീണ്ട നോമ്പിനും ഒരുക്കങ്ങൾക്കും ശേഷം വിശ്വാസികൾ തിരുപിറവി ആചരിക്കും. ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ഡബ്ലിൻ നഗരത്തിലെ പതിനൊന്ന് സീറോ മലബാർ കുർബാന സെൻ്ററുകളിൽ പതിവ്പോലെ സീറോ മലബാർ ക്രമത്തിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടക്കും.
താലായിൽ ഡിസംബർ 24 നു ഉച്ചകഴിഞ്ഞ് 1:30 ന് ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വിശുദ്ധ കുർബാന നടക്കും കൂടാതെ ക്രിസ്തുമസ് ദിനത്തിൽ (ഡിസംബർ 25 നു) രാവിലെ 11:30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ബ്യൂമൗണ്ട് സെൻ്റ് ലൂക്ക് ദേവാലയത്തിൽ ഡിസംബർ 24നു ഉച്ചകഴിഞ്ഞ് 2:30 നും, നാവൻ ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ വൈകിട്ട് 4 മണിക്കും, ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വൈകിട്ട് 7 മണിക്കും, റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിൽ വൈകിട്ട് 8 മണിക്കും ക്രിസ്തുമസ് കുർബാന നടക്കും. ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ ഫിബ്സ്ബോറോ കുർബാന സെൻ്ററിൻ്റെ ക്രിസ്തുമസ് കുർബാന വൈകിട്ട് 9:30 നു നടക്കും. ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വൈകിട്ട് 10:30 ന് പിറവിതിരുനാൾ തിരുകർമ്മങ്ങളും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഡിസംബർ 24 നു വൈകിട്ട് 11 മണിക്ക് അത്തായി സെൻ്റ് മൈക്കിൾസ് ദേവാലയത്തിലും, ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽ ദേവാലയത്തിലും വിശുദ്ധ കുർബാന ആരംഭിക്കും. ബ്ലാഞ്ചർഡ്സ്ടൗൺ ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിലും, സോർഡ്സ് റിവർവാലി സെൻ്റ്. ഫിനിയൻസ് ദേവാലയത്തിലും 24നു വൈകിട്ട് 11:30 നു തിരുപിറവി ആഘോഷിക്കും.

തിരുപിറവിയുടെ സന്ദേശവുമായി വിവിധ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ കരോൾ സംഘങ്ങൾ ഭവനങ്ങൾ സന്ദർശിച്ചു. ഐറീഷ് കമ്യൂണിറ്റികളും, വിവിധ ഇൻഡ്യൻ കമ്യൂണിറ്റികളും സംഘടിപ്പിച്ച ക്രിസ്തുമസ് കരോൾ സർവ്വീസുകളിൽ സീറോ മലബാർ സഭാംഗങ്ങളുടെബ് സജീവസാന്നിധ്യം ഉണ്ടായിരുന്നു. സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ പുൽകൂട് മത്സരങ്ങൾ നടന്നുവരുന്നു.

ക്രിസ്തുമസ് കുർബാനയിലേയ്ക്ക് ഏവരേയും ക്ഷണിക്കുകയും അതോടൊപ്പം ക്രിസ്തുമസ് ആശംസകൾ നേരുകയും ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു