For what shall it profit a man if he shall gain the whole world and lose his own soul? (Mark 8:36)

ഡബ്ലിനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിച്ചു


ഡബ്ലിനില്‍ ജൂണ്‍ 10 മുതല്‍ നടന്നുവന്ന 50-ാമത് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപനം പ്രൗഢഗംഭീരമായി നടന്നു. ഇരുന്നൂറോളം രാജ്യങ്ങളില്‍നിന്നുമായി ഒന്നരലക്ഷം വിശ്വാസികള്‍ ജൂണ്‍ 17ന് (ഞായര്‍) ഡബ്ലിനിലെ ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ദിവ്യബലിയില്‍ പങ്കുചേര്‍ന്നു.മാര്‍പാപ്പയുടെ പ്രതിനിധി ക്യൂബെക്ക് (കാനഡ) കര്‍ദിനാള്‍ മാര്‍ക്ക് ഔലത്ത്, ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡെര്‍മിറ്റ് മാര്‍ട്ടിന്‍ എന്നിവര്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രശസ്ത ക്രിസ്തീയ ഗാന സംവിധായകന്‍ ഫാ. ലിയാം ലോട്ടന്റെ നേതൃത്വത്തില്‍ കുര്‍ബാന മധ്യേ ഗാനങ്ങളാലപിച്ചു. കുര്‍ബാനയിലെ ആദ്യവായന എസക്കിയേലിന്റെ പുസ്തകത്തില്‍ നിന്നുള്ള ലേഖന ഭാഗം പൗലോസ് ശ്ലീഹാ കൊറീന്തോസിലെ സഭയ്ക്ക് എഴുതിയതുമായിരുന്നു. മാര്‍ക്കോസിന്റെ സുവിസേഷം നാലാം അധ്യായത്തിലെ കടുകുമണിയുടെ ഉപമയായിരുന്നു സുവിശേഷ ഭാഗം. മുന്‍കൂട്ടി റിക്കാര്‍ഡ് ചെയ്തിരുന്ന മാര്‍പാപ്പയുടെ സന്ദേശം ക്രോക്ക്പാര്‍ക്ക് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനം കരഘോഷത്തോടെ കേട്ടു. ഡോ. ഡെര്‍മിറ്റ് മാര്‍ട്ടിന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. സമാപനാശിര്‍വാദത്തോടെ ചടങ്ങുകള്‍ക്കു പരിസമാപ്തിയായി.

സീറോ മലാബാര്‍ സഭ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സഭാ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, ഫാ. ജോസ് ചെറിയമ്പനാട്, ഫാ. ജോസ് പാലക്കീല്‍, ഫാ. മാത്യു അരയ്ക്കപ്പറമ്പില്‍, ഫാ. മനോജ് പൊന്‍കാട്ടില്‍, ഫാ. ആന്റണി നല്ലൂക്കുന്നേല്‍ തുടങ്ങിയവരുള്‍പ്പെടെ നിരവധി വൈദികരും നൂറുകണക്കിന് മലയാളികളും ചടങ്ങില്‍ പങ്കെടുത്തു. അയര്‍ലണ്ട് പ്രസിഡന്റ് മൈക്കിള്‍ സി.ഹിഗ്ഗിന്‍സ്, പ്രധാനമന്ത്രി എന്‍സാ കെന്നി, നോര്‍ത്തേണ്‍ അയര്‍ലണ്ട് ഉപപ്രധാനമന്ത്രി മാര്‍ട്ടിന്‍ മക് ഗിന്നസ് തുടങ്ങിയവരുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. അമ്പത്തിയൊന്നാം ദിവ്യകാരണുണ്യകോണ്‍ഗ്രസ് 2016 ല്‍ ഫിലിപ്പീന്‍സിലെ സെബുവിലാണ ്‌സമ്മേളിക്കുന്നത്. 160 ശില്‍പ്പശാലകളും 225 മുഖ്യപ്രഭാഷണങ്ങളും ഒരാഴ്ച നീണ്ട ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സവിശേഷതകളായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിനി സിസ്റ്റര്‍ ടെറി എബ്രഹാം (അയര്‍ലണ്ട്) വചനം പങ്കുവച്ചിരുന്നു. ഇതിനുപുറമേ വോളണ്ടിയര്‍മാരായി അമ്പതില്‍പ്പരംമലയാളികളും സേവനമനുഷ്ഠിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സജീവസാന്നിധ്യവും പ്രവാസി മലയാളി സമൂഹത്തിന് അവിസ്മരണീയമായി.