ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു, എളിയവരെ ഉയര്‍ത്തി (Luke :1 :52 )

ഡബ്ലിൻ സീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം

ഡബ്ലിൻ സീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം

ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ അത്മായ നേതൃത്വം  ചുമതല ഏറ്റെടുത്തു. ഡബ്ലിൻ സീറോ മലബാർ സഭയുടെ ചുമതലയുള്ള റവ. ഡോ. ക്ലമൻ്റെ  പാടത്തിപ്പറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചാപ്ലിന്മാരായ റവ. ഫാ. രാജേഷ് മേച്ചിറാകത്ത്, റവ. ഫാ. റോയി വട്ടക്കാട്ട്  എന്നിവരും സംബന്ധിച്ചു. ഡബ്ലിനിലെ ഒൻപത് കുർബാന സെൻ്ററുകളിലേയും കൈക്കാരന്മാരും ഭക്തസംഘടനാ ഭാരവാഹികളും വൈദീകരും ഉൾപ്പെട്ട സോണൽ കോർഡിനേഷൻ കമ്മറ്റിയാണു അടുത്ത രണ്ടുവർഷക്കാലം ഡബ്ലിൻ സീറോ മലബാർ സഭയെ നയിക്കുന്നത്. 2019-20 വർഷത്തേയ്ക്കുള്ള ഭാരവാഹികളായി സിജോ കാച്ചപ്പള്ളി (ലൂക്കൻ) – ട്രസ്റ്റി സെക്രട്ടറിയായും, റ്റിബി മാത്യു (ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍) ട്രസ്റ്റി ഫിനാൻസ് ഇൻ ചാർജ്ജായും, ജോബി ജോൺ  (ഫിബ്സ്ബൊറൊ) ട്രസ്റ്റി സോണൽ കോർഡിനേറ്ററായും, ബിനുജിത്ത് സെബാസ്റ്റ്യൻ (ഇഞ്ചിക്കോർ) ജോയിൻ്റ് സെക്രട്ടറിയായും,  ബിജു നടയ്ക്കൽ (ബ്രേ) പി. ആർ. ഓ. ആയും ജയൻ മുകളേൽ (താല), ലിജിമോൾ ലിജൊ (ബ്ലാഞ്ചർഡ്സ്ടൗൺ) എന്നിവർ യൂത്ത് കോർഡിനേറ്റർമാരായും തിരഞ്ഞെടുക്കപ്പെട്ടു. എക്സികൂട്ടീവ് അംഗങ്ങളായി ജോസ് പള്ളിപ്പാട്ട് (സെൻ്റ്. ജോസഫ്, ബ്ലാക്ക്റോക്ക്), റോയി മാത്യു (ലൂക്കൻ) ജോയ് തോമസ് (സോർഡ്) എന്നിവരെ തിരഞ്ഞെടുത്തു. ഗാർഡാവെറ്റിങ്ങിൻ്റെ ചുമതല സോണി ജോസഫ് (താല) തുടർന്നും നിർവ്വഹിക്കും, ചൈൽഡ് സേഫ്റ്റി ഓഫീസറുടെ ചുമതല ബെന്നി ജോണും (ബ്ലാഞ്ചർഡ് സ്ടൗൺ), ഓഫീസിൻ്റെ ചുമതല റൈൻ ജോസും (ഇഞ്ചിക്കോർ) നിർവ്വഹിക്കും.

ജോൺസൺ ചക്കാലയ്ക്കലിൻ്റേയും, റ്റിബി മാത്യവിൻ്റേയും നേത്യത്വത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലം ഡബ്ലിനിലെ സഭയ്ക്ക് ആത്മീയവും ഭൗതീകവുമായി മികച്ച വളർച്ച നേടാൻ കഴിഞ്ഞു എന്ന് യോഗം വിലയിരുത്തി. ഈ കാലഘട്ടത്തിൽ ഒട്ടേറെ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു, അതോടൊപ്പം ആത്മീയമായ ഒരു ഉണർവ്വ് ഉണ്ടാക്കാനും സാധിച്ചു. സീറോ മലബാർ സഭയ്ക്ക് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം ലഭിച്ചത് ഈ കാലഘട്ടത്തിലാണെന്നത് പ്രശംസാർഹമാണു. ഈ ഉയർച്ചയ്ക്ക് നേത്യത്വം നൽകിയ ബഹു വൈദീകർക്കും  എല്ലാ കമ്മറ്റി അംഗങ്ങൾക്കും യോഗം കൃതജ്ഞത രേഖപ്പെടുത്തി. യൂറോപ്പിലെ വിശ്വാസ സമൂഹത്തിനു നേത്യത്വം നൽകുന്ന അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനും, ജനറൽ കോർഡിനേറ്റർ ഡോ. ചെറിയാൻ വാരിക്കാട്ടച്ചനും, അയർലണ്ടിലെ നാഷണൽ കോർഡിനേറ്റർ മോൺ. ആൻ്റണി പെരുമായനും നന്ദിരേഖപ്പെടുത്തിയ യോഗം നാളിതുവരെ നയിച്ച എല്ലാ ചാപ്ലിന്മാരുടേയും, പ്രത്യേകിച്ച് കഴിഞ്ഞ രണ്ടുവർഷം ചാപ്ലിന്മാരായിരുന്ന ജോസ് ഭരണികുളങ്ങര അച്ചൻ്റേയും, ആൻ്റണി ചീരാംവേലിൽ അച്ചൻ്റേയും സേവനങ്ങളെ  ഏറെ നന്ദിയോടെ അനുസ്മരിച്ചു.