ഡബ്ലിൻ സീറോ മലബാർ സഭയുടെ ആത്മായ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 4, 5 തീയതികളിൽ (വെള്ളി, ശനി) നടക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് തെരഞ്ഞെടുപ്പ് നടത്തുക. PMS ല്‍ (പാരിഷ് മാനേജ്മെൻറ് സിസ്റ്റം) രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കുടുംബങ്ങൾക്കും പങ്കെടുക്കുവാൻ സാധിക്കും, വോട്ടെടുപ്പ് ആരംഭിക്കുന്ന ഡിസംബർ 4 വെള്ളിയാഴ്ച (ഇന്ന്) വൈകിട്ട് 4 വരെ PMS ൽ രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർചെയ്ത എല്ലാ കുടുബങ്ങൾക്കും വോട്ട് ചെയ്യാൻ സാധിക്കും വിധം ഡിസംബർ 4 വെള്ളിയാഴ്ച വൈകിട്ട് 9 നു ആരംഭിക്കുന്ന വോട്ടെടുപ്പ് ശനിയാഴ്ച വൈകിട്ട് 5 നു സമാപിക്കും. എല്ലാ കുടുംബങ്ങളും വോട്ടവകാശം വിനിയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
കുടുംബ യൂണിറ്റുകളിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.
യൂണിറ്റിലെ 21 വയസ് പൂർത്തിയായ എല്ലാവരും തിരഞ്ഞെടുക്കപ്പെടാൻ യോഗ്യരാണ്. കുടുംബ നാഥനോ അഥവാ കുടുംബനാഥൻ നോമിനേറ്റ് ചെയ്യുന്ന വ്യക്തിക്കോ 5 അംഗങ്ങളെ തിരഞ്ഞെടുക്കുവാനുള്ള അവകാശമുണ്ട്. PMS വഴിയാണ് വോട്ടെടുപ്പ് നടക്കുക.
കൂടുതൽ വോട്ട് ലഭിക്കുന്ന ആദ്യ അഞ്ചുപേർ യൂണിറ്റ് പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ, ആനിമേറ്റർ (പുരുഷൻ), ആനിമേറ്റർ (സ്ത്രീ) എന്നീ നിലയിൽ പ്രവർത്തിക്കുന്നു..
യൂണിറ്റിലെ കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ആദ്യത്തെ ഒന്നോ, രണ്ടോ, മൂന്നോ ആളുകൾ (രണ്ടുപേരുണ്ടെങ്കിൽ ഒരാൾ സ്ത്രീയായിരിക്കും) പള്ളി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. പള്ളിക്കമ്മറ്റി പിന്നീട് കൂടി മറ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു.
ഡബ്ലിൻ സീറോ മലബാർ സഭയുടെ യുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ സഭാ സ്നേഹവും നേതൃത്വപാടവവും ഉള്ള അംഗങ്ങളെ തിരഞ്ഞെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉത്തരവാദിത്വത്തോടെ പ്രയോജനപ്പെടുത്തണമെന്ന് സഭാമക്കൾ ഏവരോടും അഭ്യർത്ഥിക്കുന്നതായി സീറോ മലബാർ സഭാ നേതൃത്വം അറിയിക്കുന്നു.