I can do all things through Christ which strengthen me. (Philippians 4:13)

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക നോമ്പ്കാല ധ്യാനത്തിനു നാളെ തുടക്കമാകും

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക നോമ്പ്കാല ധ്യാനത്തിനു നാളെ തുടക്കമാകും

ഡബ്ലിൻ സീറോ മലബാർ സഭ പതിവായി സംഘടിപ്പിക്കുന്ന നോമ്പ്കാല ധ്യാനത്തിനു നാളെ ആരംഭം കുറിക്കും. പ്രസിദ്ധ ധ്യാനഗുരു റവ. ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് OCD അച്ചനാണ് ധ്യാനം നയിക്കുന്നത്. ഇഗ്നേഷ്യസ് അച്ചൻ ഡബ്ലിനിൽ എത്തിച്ചേർന്നു.

ഇന്ന്, ഏപ്രിൽ 12 നാല്പതാം വെള്ളിയാഴ്ച വൈകിട്ട് ഡബ്ലിൻ സീറോ മലബാർ സഭയുടെ ഒൻപത് കുർബാന സെൻ്ററുകളും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്രേ ഹെഡിലേയ്ക്കുള്ള കുരിശിൻ്റെ വഴിയോടെ ഈ വർഷത്തെ വിശുദ്ധ വാരതിരുകർമ്മങ്ങൾക്ക് തുടക്കമാകും. വൈകിട്ട് 2:30 നു ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ നടക്കുന്ന വി.കുർബാനയ്ക്ക് ശേഷം നാലുമണിക്ക് ബ്രേ ഹെഡ് കാർ പാർക്കിൽ നിന്ന് പരിഹാര പ്രദക്ഷിണം ആരംഭിക്കും.

ഡബ്ലിനിലേയും സമീപ പ്രദേശങ്ങളിലേയും മുഴുവൻ വിശ്വാസികൾക്കും ധ്യാനത്തിലും, തിരുകർമ്മങ്ങളിലും, വാർഷിക കുമ്പസാരത്തിലും പങ്കെടുക്കുവാൻ സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെ മൂന്ന് വ്യത്യസ്ത മേഖലകളിൽ, വ്യത്യസ്ത അവസരങ്ങളിലായി ഈവർഷത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നു.

നാളെയും മറ്റന്നാളും (ഏപ്രിൽ 13, 14) താല ഫെർട്ടകെയിൻ ദേവാലയത്തിൽ വച്ച് (Church of the Incarnation, Fettercairn, Kilcarrig Ave, Fettercairn, Dublin 24) ബ്രേ, ബ്ലാക്ക് റോക്ക്, താല കുർബാന സെൻ്ററുകളിലെ ആളുകളെ പ്രാധാനമായും ഉദ്ദേശിച്ച് നോമ്പുകാല ധ്യാനം നടക്കുന്നു.

നാളെ രാവിലെ 10 മണിമുതൽ 5 വരെ വചനപ്രഘോഷണവും, ഓശാന ഞായറാഴ്ച 11 മണിമുതലുള്ള വചനപ്രഘോഷണത്തെ തുടർന്ന് ഓശാന തിരുകർമ്മങ്ങളും നടത്തുന്നു.

സോർഡ്സ്, ബ്യൂമൗണ്ട്, ബ്ലാഞ്ചർഡ് ടൗൺ കുർബാന സെൻ്ററുകൾക്കായി ബ്ലാഞ്ചർഡ്സ് ടൗണിലെ, Church of the Sacred Heart of Jesus, Huntstown, Dublin 15 ദേവാലയത്തിൽ വച്ച് ഏപ്രിൽ 16,17 തീയതികളിൽ (ചൊവ്വാ, ബുധൻ) വൈകിട്ട് 5 മുതൽ 9 വരെ ധ്യാനം നടത്തുന്നു.

ഇഞ്ചിക്കോർ, ഫിബ്സ്ബൊറൊ, ലൂക്കൻ കുർബാന സെൻ്ററുകളെ ഉദ്ദേശിച്ച് ദു:ഖവെള്ളി, വലിയ ശനി ദിവസങ്ങളിൽ (ഏപ്രിൽ 19, 20) ധ്യാനവും അന്നേദിവസത്തെ തിരുകർമ്മങ്ങളും നടത്തുന്നു. പാമേഴ്സ് ടൗണിലുള്ള Palmerstown Sport Complex,Johnstown, Dublin 20 ൽ ആണ് ധ്യാനം നടക്കുക. സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

ധ്യാന ദിവസങ്ങളിൽ പതിവ്പോലെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ബ്രേ, ബ്ലാക്ക്റോക്ക്, താലാ സെൻ്ററുകൾ സംയുക്തമായി താലായിലെ ധ്യാന കേന്ദ്രത്തിൽവച്ചും, മറ്റ് ആറു കുർബാന സെൻ്ററുകളിൽ പതിവ്പോലെയും ഓശാന തിരുകർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

പെസഹാ വ്യാഴത്തേയും ഉയർപ്പ് ഞായറാഴ്ചയിലേയും തിരുകർമ്മങ്ങൾ എല്ലാ കുർബാന സെൻ്ററുകളിലും ഉണ്ടായിരിക്കും

ദു:ഖവെള്ളി, വലിയശനി ദിവസങ്ങളിലെ തിരുകർമ്മങ്ങൾ മൂന്നു സബ് സോണുകളിലായി ക്രമീകരിച്ചിരിക്കുന്നു. താലായിലെ ഫെർട്ടകെയിൻ ദേവാലയത്തിൽ (Church of the Incarnation, Fettercairn) രാവിലെ പത്ത് മണിക്കും , ബ്ലാഞ്ചർഡ്സ്ടൗണിലെ ഹൺഡ്സ്ടൗൺ തിരുഹൃദയ ദെവാലയത്തിൽ (Church of Sacred Heart of Jesus, Huntstown) രാവിലെ 9 മണിക്കും, ലൂക്കനിൽ പാമേഴ്സ് ടൗണിൽ നടക്കുന്ന ധ്യാനത്തിനൊപ്പവും തിരുകർമ്മങ്ങൾ നടക്കും.

അയർലണ്ടിലെ മുഴുവൻ ക്രൈസ്തവ വിശ്വാസികളേയും നോമ്പുകാലധ്യാനത്തിൽ പങ്കെടുത്ത് ഈസ്റ്ററിനായി ഒരുങ്ങാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു