For whosoever shall call upon the name of the Lord shall be saved. (Romans 10:13)

ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് നവ നേതൃത്വം

ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് നവ നേതൃത്വം

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു. സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ഡബ്ലിൻ റീജിയണൽ കമ്മറ്റി യോഗത്തിലാണ് 2025 -26 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ ചാപ്ലിന്മാരായ ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. ബൈജു ഡേവിസ് കണ്ണാംപള്ളി എന്നിവരും സംബന്ധിച്ചു.
ഡബ്ലിനിലെ ഒൻപത് കുർബാന സെൻ്ററുകളിലേയും, നാസ്, അത്തായി, നാവൻ, ഡൺഡാൽക്ക്, ദ്രോഗഡ കുർബാന സെൻ്ററുകളിലേയും കൈക്കാരന്മാരും, ഭക്തസംഘടനാ ഭാരവാഹികളും വൈദീകരും ഉൾപ്പെട്ട റീജിയണൽ കോർഡിനേഷൻ കമ്മറ്റിയാണ് അടുത്ത രണ്ടുവർഷക്കാലം ഡബ്ലിൻ സീറോ മലബാർ സഭയെ നയിക്കുന്നത്.

2025-26 വർഷത്തേയ്ക്കുള്ള ഭാരവാഹികളായി ജിമ്മി ആൻ്റണി (ലൂക്കൻ) – ട്രസ്റ്റി സെക്രട്ടറിയായും, ബെന്നി ജോൺ (ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍) ട്രസ്റ്റി ഫിനാൻസ് ഇൻ ചാർജ്ജായും, റ്റോം തോമസ് (ബ്യൂമൗണ്ട്) ജോയിൻ്റ് സെക്രട്ടറിയായും, ജൂലി ചിരിയത്ത് (ബ്ലാഞ്ചാർഡ്സ്ടൗൺ) പി. ആർ. ഓ. ആയും തിരഞ്ഞെടുക്കപ്പെട്ടു.
ബിനുജിത്ത് സെബാസ്റ്റ്യൻ്റെയും, ജോബി ജോണിൻ്റേയും, ബിനോയ് ജോണിൻ്റേയും, ലിജി ലിജോയുടെയും നേത്യത്വത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലം ഡബ്ലിനിലെ സഭയ്ക്ക് ആത്മീയവും ഭൗതീകവുമായി മികച്ച വളർച്ച നേടാൻ കഴിഞ്ഞു എന്ന് യോഗം വിലയിരുത്തി. ഈ കാലഘട്ടത്തിൽ ഒട്ടേറെ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു, അതോടൊപ്പം ആത്മീയമായ ഒരു ഉണർവ്വ് ഉണ്ടാക്കാനും സാധിച്ചു. ഈ ഉയർച്ചയ്ക്ക് നേത്യത്വം നൽകിയ ബഹു വൈദീകർക്കും എല്ലാ കമ്മറ്റി അംഗങ്ങൾക്കും യോഗം കൃതജ്ഞത രേഖപ്പെടുത്തി. യൂറോപ്പിലെ വിശ്വാസ സമൂഹത്തിനു നേത്യത്വം നൽകുന്ന അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനും, കോർഡിനേറ്റർ ജനറൽ ഡോ.ക്ലമൻ്റ് പാടത്തിപ്പറമ്പിലിനും , അയർലണ്ടിലെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിലിനും നന്ദിരേഖപ്പെടുത്തിയ യോഗം നാളിതുവരെ നയിച്ച എല്ലാ ചാപ്ലിന്മാരുടേയും, സേവനങ്ങളെ നന്ദിപൂർവ്വം അനുസ്മരിച്ചു