Now faith is the substance of things hoped for, the evidence of things not seen. (Hebrews 11:1)

നോക്ക് ബസലിക്കയിൽ എല്ലാ മാസവും സീറോ മലബാർ വിശുദ്ധ കുർബാന

നോക്ക് ബസലിക്കയിൽ എല്ലാ മാസവും സീറോ മലബാർ വിശുദ്ധ കുർബാന

നോക്ക് : അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയിൽ സീറോ മലബാർ വിശുദ്ധ കുർബാന ആരംഭിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഡിസംബർ 30 നു നോക്ക് തീർത്ഥാടന കേന്ദ്രത്തിലെ ഫാ. ഡേവീസ് വടക്കുമ്പാടൻ സി.എം. ഐ. യുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്ക് അയർലണ്ട് സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. ജോസ് ഭരണികുളങ്ങര (ഗാൽവേ റീജണൽ കോർഡിനേറ്റർ) എന്നിവർ സഹകാർമ്മികരായിരുന്നു.

2022 ഫെബ്രുവരി മാസം മുതൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് 1:30 നു നോക്ക് ബസലിക്കയിൽ സീറോ മലബാർ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയ്ക്ക് മുമ്പായി കുമ്പസാരത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്നുള്ള മാസങ്ങളിൽ അയർലണ്ടിലെ എല്ലാ സീറോ മലബാർ വൈദീകരും ഇവിടെയെത്തി വി. കുർബാന അർപ്പിക്കുന്നതാണ്.

അയർലണ്ടിലെ സീറോ മലബാർ വിശ്വാസികൾ മെയ്‌മാസത്തിൽ നടത്തിവരുന്ന നോക്ക് തീർത്ഥാടനത്തിൽ വടക്കൻ അയർലണ്ടിലേയും റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലേയും വിവിധ ഭാഗങ്ങളിൽനിന്നും ആയിരങ്ങൾ പങ്കെടുക്കുന്നു. അയർലണ്ടിൽ നടക്കുന്ന ഏറ്റവും വലിയ തീർത്ഥാടനമാണ് സീറോ മലബാർ സഭ നടത്തിവരുന്ന നോക്ക് തീർത്ഥാടനം. വിശ്വാസികളുടെ ദീർഘനാളായുള്ള ആഗ്രഹമായിരുന്നു മാസത്തിലൊരിക്കലെങ്കിലും പരിശുദ്ധ ദൈവമാതാവിൻ്റെ പ്രത്യക്ഷീകരണം നടന്ന നോക്ക് തീർത്ഥാടന കേന്ദ്രത്തിൽ സീറോ മലബാർ വിശുദ്ധ കുർബാന അർപ്പിക്കുക എന്നത്. സീറോ മലബാർ അയർലണ്ട് നാഷണൽ പാസ്റ്ററൽ കൗൺസിൽ (സഭായോഗം) പ്രതിനിധികൾ ഈ ആവശ്യം പലപ്പോഴായി ഉന്നയിക്കുകയും സഭാധികാരികളുമായി സംസാരിക്കാൻ നാഷണൽ കോർഡിനേറ്ററെ ചുമതലപ്പെടുത്തുകയും ചെയ്തു.

ടൂം ആർച്ച് ബിഷപ്പ് മൈക്കിൾ ന്യൂറിയുമായും, നോക്ക് അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബോൺസുമായും സീറോ മലബാർ അപ്പസ്തോലിക്ക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തും, നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപ്പറമ്പിലും മറ്റു വൈദീകരും നടത്തിയ കൂടികാഴ്ചകളുടേയും ചർച്ചകളുടേയും ഫലമായി മാസത്തിലൊരിക്കൽ വിശുദ്ധ കുർബാന എന്ന ആവശ്യത്തിനു ഔദ്ദോഗീക അംഗീകാരം ലഭിച്ചു.

തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബോൺസ് നൽകിവരുന്ന എല്ലാ സഹകരണങ്ങൾക്കും നന്ദിപറയുന്നതായും, ഫാ. ഡേവീസ് വടക്കുമ്പാടൻ നോക്കിലെത്തുന്ന മലയാളികൾക്ക് ചെയ്യുന്ന എല്ലാ സഹായങ്ങളേയും നന്ദിയോടെ ഓർക്കുന്നതായും അയർലണ്ട് സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.
സ്ഥാനം ഒഴിയുന്ന ടൂം ആർച്ച് ബിഷപ്പ് മൈക്കിൾ ന്യൂറിയെ നന്ദിയോടെ ഓർക്കുന്നതോടൊപ്പം പുതിയ ആർച്ച്ബിഷപ്പ് ഫ്രാൻസീസ് ഡഫിക്ക് എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നതായി സീറോ മലബാർ നാഷണൽ കോർഡിനേറ്റർ അറിയിച്ചു.

Biju L.Nadackal
PRO,
Syro Malabar Catholic Church, Ireland