ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു, എളിയവരെ ഉയര്‍ത്തി (Luke :1 :52 )

ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കണം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍


കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ന്യൂനപക്ഷക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി തുല്യനീതി നടപ്പിലാക്കണമെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ചു നടപ്പിലാക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ മുസ്ളീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധര്‍, പാര്‍സി എന്നീ അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അര്‍ഹതയുണ്ട്.  കേന്ദ്രസര്‍ക്കാരിന്റെ ഏതാനും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ഒഴികെ നിലവിലുള്ള എല്ലാ ക്ഷേമപദ്ധതികളും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷ വിഭാഗത്തി ന് മാത്രമായിട്ടാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.  ഇത് ക്രൈസ്തവരുള്‍പ്പെടെ ഇതര ന്യൂനപക്ഷവിഭാഗങ്ങളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിരുദ്ധ സമീപനവും അവഹേളനവുമാണ്.  ന്യൂനപക്ഷ ക്ഷേമവകുപ്പ് ഗവണ്‍മെന്റ് പ്രഖ്യാപിത പദ്ധതികള്‍ സമുദായ സംഘടനകളിലൂടെ നടപ്പിലാക്കുന്നത് ശരിയായ നടപടിയല്ല.  മറിച്ച്, സര്‍ക്കാര്‍ സംവിധാനത്തിലൂടെയായിരിക്കണമെന്നും ക്ഷേമ പദ്ധതികളില്‍ സുതാര്യതയുണ്ടാകണമെന്നും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ സൂചിപ്പിച്ചു.