വത്തിക്കാന്‍:പാപ്പാ ഫ്രാന്‍സ്സിസിന്‍റെ സ്ഥാനാരോഹണ കര്‍മ്മം മാര്‍ച്ച് 19-ന് ആഗോളസഭാമദ്ധ്യസ്ഥന്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ മഹോത്സവത്തില്‍ നടത്തപ്പെടും, പ്രഥമദിനം മരിയന്‍ തീര്‍ത്ഥാടകേന്ദ്ര സന്ദര്‍ശനത്തോടെ ആരംഭിച്ചു. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ സമ്മേളനം മാര്‍ച്ച് 13-ന് തിരഞ്ഞെടുത്ത അര്‍ജന്‍റീനിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗ്ഗോളിയോയാണ് തന്‍റെ അജപാലന ശുശ്രൂഷയുടെ പ്രഥമ ദിനം പരിശുദ്ധ കന്യകാ നാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചുകൊണ്ട് ആരംഭിച്ചത്.
വത്തിക്കാനില്‍നിന്നും 7 കിലോമീറ്റര്‍ അകലെയുള്ള മേരി മേജര്‍ ബസിലക്കയിലേയ്ക്ക് പ്രാദേശിക സമയം രാവിലെ 8 മണിക്ക് കാറില്‍ സഞ്ചരിച്ച പാപ്പ, അവിടെ പരിശുദ്ധ കര്‍ബ്ബാനയുടെ മുഖ്യ അള്‍ത്താരയിലും, ‘റോമിന്‍റെ സംരക്ഷക’ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കന്യകാനാഥയുടെ തിരുസ്വരൂപത്തിന്‍റെ മുന്നിലും നടത്തിയ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കും സന്ദര്‍ശനത്തിനുശേഷം, താമസസ്ഥലമായ ഡോമൂസ് പാവ്ളോ സെക്തോവഴി, വത്തിക്കാനിലേയ്ക്ക് മടങ്ങി.
വത്തിക്കാനിലെ സാന്‍ മാര്‍ത്താ മന്ദിരത്തില്‍ ഇപ്പോള്‍ താമസിക്കുന്ന പാപ്പ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കുംശേഷം മാത്രമേ അപ്പസ്തോലിക അരമനയിലേയ്ക്ക് താമസം മാറ്റുയുള്ളൂവെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
മാര്‍ച്ച് 14 വ്യാഴാഴ്ച വൈകുന്നേരം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് വോട്ടര്‍മാരായ കര്‍ദ്ദിനാള്‍ സംഘത്തോടും കോണ്‍ക്ലേവ് ഭാരവാഹികളോടും ചേര്‍ന്ന് പുതിയ പാപ്പ വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയില്‍ ബലിയര്‍പ്പിക്കും. മാര്‍ച്ചു 15-ാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ സഭയിലെ എല്ലാ കര്‍ദ്ദിനാളന്മാരുമായി കൂടിക്കാഴ്ച നടത്തും.
16-ാം തിയതി ശനിയാഴ് രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ലോകമാധ്യമ പ്രവര്‍ത്തകരെയും, വാര്‍ത്താ ഏജെന്‍സികളെയും പാപ്പ അഭിസംബോധനചെയ്യും.
മാര്‍ച്ച് 17-ാം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പഠനമുറിയുടെ ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട് ജനങ്ങള്‍ക്കൊപ്പം തൃകാലപ്രാര്‍ത്ഥനയും വിവിധ ഭാഷകളില്‍ പ്രഭാഷണവും നടത്തുന്ന പാപ്പ ജനങ്ങളെ ആശിര്‍വ്വദിക്കും. മാര്‍ച്ച് 18-തിങ്കളാഴ്ച പാപ്പ പ്രാര്‍ത്ഥനയില്‍ ചിലവഴിക്കും.
മാര്‍ച്ച് 19-ാം തിയതി വത്തിക്കാനില്‍ വിശുദ്ധപത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍വച്ച് രാവിലെ 9.30-ന് പുതിയ പാപ്പായുടെ സ്ഥാനാരോഹണ കര്‍മ്മങ്ങള്‍ നടത്തപ്പെടും. അതോടെ ആധുനിക സഭാ ചരിത്രത്തില്‍ പാപ്പാ ഫ്രാന്‍സ്സിസിന്‍റെ പുതിയ അദ്ധ്യയം തുറക്കപ്പെടും.