For whosoever shall call upon the name of the Lord shall be saved. (Romans 10:13)

ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റു


വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് പാപ്പ ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 8.50 നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച് 19 ന് തന്നെ സ്ഥാനോരോഹണച്ചടങ്ങ് നടത്താന്‍ പുതിയ മാര്‍പ്പാപ്പാ അഭിലഷിച്ചതില്‍ ഏറെ പ്രസക്തിയുണ്ട്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ ലത്തീന്‍ ഭാഷയില്‍ 9.30 ന് വിശുദ്ധ കുര്‍ബാന തുടങ്ങി. മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ച ദിവ്യബലിയില്‍ സഭയിലെ മുഴുവന്‍ കര്‍ദിനാള്‍മാരും സഹകാര്‍മികത്വം വഹിച്ചു. ദിവ്യബലിയില്‍ സുവിശേഷ വായന ഗ്രീക്ക് ഭാഷയിലും പ്രാര്‍ഥനകള്‍ മറ്റു ഭാഷകളിലുമാണ് ക്രമീകരിച്ചിരുന്നത്.
വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചുതന്നെ മാര്‍പാപ്പയുടെ സ്ഥാനിക ചിഹ്നങ്ങളായ പാലിയവും മോതിരവും ഏറ്റുവാങ്ങി. കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ ആഞ്ചലോ സൊഡാനോയാണു മോതിരം അണിയച്ചത്. കര്‍ദിനാള്‍ തിരുസംഘത്തിന്റെ പ്രോട്ടോ ഡീക്കന്‍ കര്‍ദിനാള്‍ ഷാന്‍ ലൂയീസ് ടൌരാന്‍ പാലിയം ധരിപ്പിച്ചു.
പാപ്പായുടെ സ്വദേശമായ അര്‍ജന്റീന അടക്കമുള്ള ലോകരാജ്യങ്ങളില്‍ നിന്നു നിരവധി പ്രമുഖര്‍ ചടങ്ങിനെത്തി. യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, അര്‍ജന്റീന പ്രസിഡന്റ് ക്രിസ്റീന കിര്‍ച്ചനര്‍, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയ്, ഫ്രഞ്ച് പ്രധാനമന്ത്രി ഷാങ് മാര്‍ക്ക് അയ്റോ, സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ, തായ്വാന്‍ പ്രസിഡന്റ് മാ യിംഗ് ജിയോയു, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൌസേഫ്, മെക്സിക്കോ പ്രസിഡന്റ് എന്റികെ പെനാ നിയെറ്റോ, ചിലി പ്രസിഡന്റ് സെബാസ്റ്യന്‍ പിനേറ, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഹെര്‍മാന്‍ വാന്‍ റോംപി, യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഹൊസേ മാനുവല്‍ ബറോസ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം ചടങ്ങുകള്‍ക്കുണ്ടായിരുന്നു. ആയിരം വര്‍ഷത്തിനുശേഷം മാര്‍പ്പാപ്പായുടെ സ്ഥാനാരോഹത്തിനു കോണ്‍സ്റ്റാന്റീനോപോളിലെ എക്വിമിനിക്കല്‍ പാത്രിയോര്‍ക്കീസ് ബര്‍ത്തലോമിയോയുടെ സാന്നിധ്യവും ഇത്തവണത്തെ ചടങ്ങിന്റെ പ്രത്യേകതയായിരുന്നു.
ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ജോസ് കെ. മാണി എംപി,ആന്റോ ആന്റണി എപി തുടങ്ങിയവര്‍ വത്തിക്കാനിലെ ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്ത്യയിലെ സഭയില്‍ നിന്ന് കര്‍ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ളിമീസ് ബാവ, ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ടെലസ്ഫോര്‍ടോപ്പോ, ഐവാന്‍ ഡയസ് എന്നിവരും സീറോ മലബാര്‍ കുരിയാ ബിഷപ് ബോസ്കോ പുത്തൂര്‍, മാവേലിക്കര രൂപത അധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബത്തേരി രൂപതാ അധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ്, അമേരിക്കയിലെ മലങ്കര കാത്തലിക് എക്സാര്‍കേറ്റ് ബിഷപ് തോമസ് മാര്‍ യൌസേബിയൂസ് തുടങ്ങിവരും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.
ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 ലക്ഷം വിശ്വാസികള്‍ റോമില്‍ എത്തിയിരുന്നു. ഇന്നു പകല്‍ സമയം മുഴുവന്‍ റോമിലെ എല്ലാ പൊതുവാഹനങ്ങളിലും സൌജന്യയാത്രചെയ്യാമെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്.