For whosoever shall call upon the name of the Lord shall be saved. (Romans 10:13)

മാധ്യമങ്ങള്‍ വ്യക്തികളെ നന്മയിലേക്കു നയിക്കണം: മാര്‍ ചക്യത്ത്


കൊച്ചി: മാധ്യമങ്ങള്‍ക്കു വ്യക്തികളെയും സമൂഹങ്ങളെയും നന്മയിലേക്കു നയിക്കാന്‍ സാധിക്കണമെന്നു ബിഷപ് മാര്‍ തോമസ് ചക്യത്ത് ഓര്‍മിപ്പിച്ചു. കെസിബിസി മാധ്യമ കമ്മീഷന്‍ സമര്‍പ്പിതര്‍ക്കായി സംഘടിപ്പിച്ച ത്രിദിന മാധ്യമ ശില്പശാല പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തെ സുന്ദരവും മനോഹരവുമാക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയും. നല്ല വ്യക്തികളെയും ഉത്തമസമൂഹത്തെയും രൂപപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. വ്യക്തികള്‍ക്കു നന്മയിലേക്കു പ്രചോദനം നല്കുന്നതും സമൂഹത്തിനു മാതൃകയാക്കാവുന്നതുമായ വാര്‍ത്തകളും പരിപാടികളും അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്കു സാധിക്കണം. മാനവസമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ.സ്റീഫന്‍ ആലത്തറ അധ്യക്ഷത വഹിച്ചു. മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോസഫ് നിക്കോളാസ്, റവ.ഡോ.ജോസ് പാലക്കീല്‍, ഫാ.ഡായി കുന്നത്ത്, സിസ്റര്‍ അലീന വിന്‍സി, സിസ്റര്‍ മഞ്ജുഷ, സിസ്റര്‍ അനീഷ എന്നിവര്‍ പ്രസംഗിച്ചു. ശില്പശാല നാളെ സമാപിക്കും.