തൃശൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജയിംസ് പഴയാറ്റില്‍ കാലം ചെയ്തു. ഇന്നലെ രാത്രി 10.50നു തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍.
പനി മൂലം ജൂണ്‍ 30നു മാര്‍ പഴയാറ്റിലിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രക്തം ഛര്‍ദിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ കരളിനോടു ചേര്‍ന്ന ഭാഗങ്ങളിലുണ്ടായ രക്തസ്രാവം രണ്ടുതവണ എന്‍ഡോസ്‌കോപ്പിയിലൂടെ നിയന്ത്രിച്ചെങ്കിലും വീണ്ടും രക്തസ്രാവം ഉണ്ടാകുകയായിരുന്നു. ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പായി 1978ലാണ് മാര്‍ ജെയിംസ് പഴയാറ്റില്‍ സ്ഥാനമേറ്റത്. ആത്മീയ ചൈതന്യത്തിന്റെയും സാമൂഹ്യ സേവനങ്ങളുടെയും ഔന്നത്യങ്ങളിലേക്ക് 32 വര്‍ഷം രൂപതയെ അദ്ദേഹം നയിച്ചു. 2010 ഏപ്രില്‍ 18നു പിന്‍ഗാമിയായി അഭിഷിക്തനായ മാര്‍ പോളി കണ്ണൂക്കാടന് അജപാലന ചുമതലകള്‍ കൈമാറിയശേഷം ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
പുത്തന്‍ചിറ പഴയാറ്റില്‍ തോമന്‍കുട്ടി-മറിയംകുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായാണ് 1934 ജൂലൈ 26 ന് ജെയിംസ് എന്ന ചാക്കോച്ചന്റെ ജനനം (ജെയിംസ് എന്നതു മാമ്മോദീസപ്പേരാണ്). സഹോദരങ്ങള്‍: കുഞ്ഞുവറീത്, പാവുണ്ണി, ത്രേസ്യ.
സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തൃശൂര്‍ തോപ്പ് സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിച്ചു. സിലോണിലെ കാന്‍ഡി പേപ്പല്‍ സെമിനാരിയിലും പൂനയിലുമായി വൈദികപരിശീലനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. 1961 ഒക്ടോബര്‍ മൂന്നിനു പൂനയില്‍ ബോംബെ മെത്രാപ്പോലീത്ത കര്‍ദിനാള്‍ ഡോ. വലേരിയന്‍ ഗ്രേഷ്യസില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് അവിഭക്ത തൃശൂര്‍ രൂപതയില്‍ സേവനം ചെയ്തു. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ അധ്യാപകനായിരിക്കേയാണ് മെത്രാനായി നിയമിതനാവുന്നത്. 1978 സെപ്റ്റംബര്‍ പത്തിന് കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലാണ് മാര്‍ പഴയാറ്റിലിനെ മെത്രാനായി അഭിഷേകം ചെയ്തത്.
ചെന്നൈ മേഖലയിലെ വിശ്വാസികളുടെ അജപാലന സേവനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ 1983ല്‍ ചെന്നൈ മിഷന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുത്തു. 1995ല്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ അസിസ്റ്റന്റായി നിയമിതനായി.
കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ സെക്രട്ടറി, വിദ്യാഭ്യാസ കമ്മീഷന്‍ അംഗം, സെമിനാരി കമ്മീഷന്‍ അംഗം, കുര്‍ബാന കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗുരുതരാവസ്ഥയില്‍ തൃശൂര്‍ ജൂബിലി മിഷനില്‍ പ്രവേശിപ്പിച്ച ചൊവ്വാഴ്ചതന്നെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ മാര്‍ പഴയാറ്റിലിനെ സന്ദര്‍ശിച്ചു സംസാരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാത്രി രക്തസ്രാവം വര്‍ധിച്ചതോടെ ഓര്‍മശേഷി നഷ്ടപ്പെട്ടു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു വ്യാഴാഴ്ച വെന്റിലേറ്ററിലേക്കു മാറ്റി. പിന്നീട് നില അതീവ ഗുരുതരമാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. അന്ത്യവേളയില്‍ തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രൂപത വികാരി ജനറാള്‍മാര്‍ അടക്കം സീനിയര്‍ വൈദികരും സന്യസ്തരും പ്രാര്‍ഥനയോടെ ആശുപത്രിയിലുണ്ടായിരുന്നു.