കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി (88) കാലം ചെയ്തു. 39 വർഷം കോട്ടയം ക്നാനായ അതിരൂപതയുടെ വളർച്ചയ്ക്കു നേതൃത്വം വഹിച്ച മാർ കുന്നശേരിയുടെ ദേഹവിയോഗം ഇന്നലെ വൈകുന്നേരം നാലിനു തെള്ളകം കാരിത്താസ് ആശുപത്രിയിലായിരുന്നു.
കബറടക്കം കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ കത്തീഡ്രലിൽ ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കും.
1928 സെപ്റ്റംബർ 11നു കടുത്തുരുത്തി കുന്നശേരി ജോസഫ്-അന്നമ്മ ദന്പതികളുടെ മൂത്തപുത്രനായി ജനിച്ച കുര്യാക്കോസ്, കോട്ടയം സിഎൻഐ എൽപിഎസ്, കടുത്തുരുത്തി സെന്റ് മൈക്കിൾസ്, കോട്ടയം എസ്എച്ച് മൗണ്ട് ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്നു സ്കൂൾ പഠനം പൂർത്തിയാക്കി. കോട്ടയം തിരുഹൃദയക്കുന്ന് സെന്റ് സ്റ്റനിസ്ലാവോസ് മൈനർ സെമിനാരിയിലും ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്ത യൂണിവേഴ്സിറ്റിയിലുംനിന്ന് വൈദിക പരിശീലനം നേടിയശേഷം 1955 ഡിസംബർ 21നു റോമിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു. റോമിൽനിന്നു കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ ബോസ്റ്റണ് സർവകലാശാലയിൽനിന്നു പൊളിറ്റിക്സിൽ എംഎയും കരസ്ഥമാക്കി. 1967 ഡിസംബർ ഒന്പതിന് പോൾ ആറാമൻ മാർപാപ്പ കോട്ടയം രൂപതയുടെ പിന്തുടർച്ചാവകാശത്തോടുകൂടിയ സഹായമെത്രാനായി നിയമിച്ചു. 1968 ഫെബ്രുവരി 24നായിരുന്നു മെത്രാഭിഷേ കം. ബിഷപ് മാർ തോമസ് തറയിൽ വിരമിച്ചതിനെത്തുടർന്ന് 1974 മേയ് അഞ്ചിനു രൂപതാധ്യക്ഷനായി ചുമതലയേറ്റു.
ക്നാനായ സമുദായത്തിന്റെ വളർച്ചയിൽ മാർ കുന്നശേരി അർപ്പിച്ച സേവനം സ്തുത്യർഹമാണ്. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററും അനുബന്ധ മന്ദിരങ്ങളും കോതനല്ലൂരിൽ തൂവാനിസ പ്രാർഥനാ മന്ദിരവും ഇദ്ദേഹമാണ് സ്ഥാപിച്ചത്. തെള്ളകം കാരിത്താസ് ആശുപത്രിയെ ആതുരശുശ്രൂഷാ രംഗത്ത് മികവിന്റെ മാതൃകാ സ്ഥാപനമാക്കി വളർത്തിയതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു.
കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ആയുർവേദ ആശുപത്രി, നാച്വറോപ്പതി യോഗ സെന്റർ എന്നിവയുടെ സ്ഥാപകനും മാർ കുന്നശേരിയാണ്. വല്ലന്പ്രോസിയൻ ബനഡിക്ടൻ സഭ, ലിറ്റിൽ ഡോട്ടേഴ്സ് ഓഫ് ഒൗവർ ലേഡി ഓഫ് പ്രോവിഡൻസ്, ഡോട്ടേഴ്സ് ഓഫ് മോസ്റ്റ് പ്രഷ്യസ് ബ്ലഡ് തുടങ്ങിയ സന്യാസ സമൂഹങ്ങളെ രൂപതയിലെത്തിക്കുന്ന തിലും വളർത്തുന്നതിലും പ്രധാന പങ്കുവഹിച്ചു.
വടവാതൂർ പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലർ, കത്തോലിക്കാ-ഓർത്തഡോക്സ്-യാക്കോബായ എക്യുമെനിക്കൽ ഡയലോഗ് സമിതി അംഗം, കെസിബിസി എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചു. കോട്ട യം രൂപതയെ അതിരൂപതയായി ഉയർത്തിയപ്പോൾ 2005 മേയ് ഒന്പതിനു മാർ കുന്നശേരി പ്രഥമ ആർച്ച് ബിഷപ്പായി നിയമിതനായി. 2006 ജനുവരി 14നു വിരമിച്ചശേഷം തെള്ളകത്ത് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.