Be not deceived; God is not mocked: for whatsoever a man soweth, that shall he also reap. (Galatians 6:7)

രാഷ്ട്രീയരംഗത്ത് ആത്മാവ് നഷ്ടപ്പെട്ട ജീര്‍ണ്ണത’ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍


കോട്ടയം: രാഷ്ട്രീയരംഗത്ത് ആത്മാവ് നഷ്ടപ്പെട്ട ജീര്‍ണ്ണതയാണ് ഇന്നുള്ളതെന്നും, ധാര്‍മ്മികതയും സാമൂഹ്യനീതിയും മാത്രമല്ല, തലമുറകളായി കാത്തുസൂക്ഷിക്കുന്ന സംസ്കാരവും കൈമോശം വന്നുകൊണ്ടിരിക്കുന്നത്  പൊതുസമൂഹത്തോടും പ്രത്യേകിച്ച്, വരും തലമുറയോടുമുള്ള വെല്ലുവിളിയാണെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.
രാഷ്ട്രീയ ഭരണതലങ്ങളില്‍ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്കും നിരുത്തരവാദിത്വ നിലപാടുകള്‍ക്കുമെതിരെ ജനവികാരമുയരണമെന്നും, സമുദായങ്ങളും പൊതുസമൂഹവും പ്രതികരിക്കണമെന്നും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
രാഷ്ട്രീയ രംഗത്ത് നിരന്തരമായ അപചയമാണ്.  പാര്‍ട്ടികള്‍ തമ്മില്‍ അനാരോഗ്യകരമായ  പരസ്പര ആക്ഷേപങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കുമപ്പുറം രാജ്യത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമുള്ള അജണ്ടകള്‍ നിശ്ചയിക്കുന്നതിലും നടപ്പാക്കുന്നതിലും ഭരണനേതൃത്വങ്ങള്‍ പരാജയപ്പെടുന്നു.  ആദര്‍ശത്തിന്റെയും ആശയത്തിന്റെയും പ്രവര്‍ത്തന പദ്ധതികളുടെയും പ്രതിച്ഛായയുമായി ജനങ്ങളെ അഭിമുഖീകരിക്കുവാന്‍ പ്രാപ്തിയുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ അഭാവം വലിയ പ്രതിസന്ധിയാണ്.  കൊള്ളയും കൊലയും അഴിമതിയും നിറഞ്ഞ് ആദര്‍ശശുദ്ധിയും, സേവനമനോഭാവവും അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന മേഖലകളില്‍ നിന്ന് യുവതലമുറ ഓടിയകലുന്നത് ഗൌരവമായി കാണണം.

ജനജീവിതത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതും നിരന്തരം വെല്ലുവിളി ഉയര്‍ത്തുന്നതുമായ ഒട്ടനവധി ജനകീയ പ്രശ്നങ്ങളില്‍ സമൂഹം വീര്‍പ്പുമുട്ടുമ്പോള്‍ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ വികലമായ വിഷയങ്ങളില്‍ പരസ്പരം ആരോപണപ്രത്യാരോപണങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് ലജ്ജാകരവും, സാംസ്കാരിക അധഃപതനവുമാണെന്ന് വി.സി.സെബാസ്റ്യന്‍ പറഞ്ഞു.