കൊച്ചി: റവ.ഡോ. ജോസ് പുത്തന്‍വീട്ടില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാനായി നിയമിക്കപ്പെട്ടു. കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സഭ സിനഡാണ് റവ.ഡോ. പുത്തന്‍വീട്ടിലിനെ തെരഞ്ഞെടുത്തത്. മൌണ്ട് സെന്റ് തോമസില്‍ വൈകുന്നേരം 3.15നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. ഇതേ സമയം വത്തിക്കാനിലും നിയമനവാര്‍ത്ത പ്രസിദ്ധപ്പെടുത്തി. മാര്‍ തോമസ് ചക്യത്ത് വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. നിലവില്‍ അതിരൂപത പ്രോ വികാരി ജനറാളാണ് റവ.ഡോ. പുത്തന്‍വീട്ടില്‍. ദൈവശാസ്ത്ര പണ്ഡിതനായ ഇദ്ദേഹം എറണാകുളം ഇടപ്പള്ളി ഇടവകാംഗമാണ്. ഇടപ്പള്ളി ടോളിനു സമീപം പുത്തന്‍വീട്ടില്‍ പരേതനായ ദേവസിയുടെയും മേരിയുടെയും മകനാണ്. വിവിധ ഇടവകകളില്‍ വികാരിയായും വടവാതൂര്‍ പൌരസ്ത്യവിദ്യാപീഠത്തില്‍ സിസ്റമാറ്റിക് തിയോളജി പ്രഫസര്‍, വൈസ് പ്രസിഡന്റ്, നിവേദിത ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫോര്‍മേഷന്‍ ആന്‍ഡ് ഫെല്ലോഷിപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍, ഡീന്‍ ഓഫ് സ്റഡീസ് എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.