മാർതോമാ ശ്ലീഹായിൽനിന്ന് വിശ്വാസം സ്വീകരിച്ച് ആദ്യനൂറ്റാണ്ടിൽ ആരംഭിച്ച സീറോ മലബാർ സഭ കുടിയേറ്റക്കാരായ മക്കളിലൂടെ ലോകം മുഴുവൻ പടർന്ന് ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നു.
ജോലിയും നല്ല ജീവിത സാഹചര്യങ്ങളും തേടി അയർലണ്ടിൽ എത്തിയ ആദ്യകാല സഭാമക്കൾ ഇവിടെ ജോലിക്കും പഠനത്തിനുമായ് വന്ന മലയാളി വൈദികരുടെ കാർകത്വത്തിൽ ഭവനങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് ആരംഭിച്ചതാണ് അയർലണ്ടിലെ സീറോ മലബാർ ചരിത്രം. സഭാമക്കളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് സ്വന്തമായ് ഒരു വൈദികൻ്റെ ആവശ്യമുയരുകയും ഡബ്ലിൻ അതിരൂപതയിലും, സീറോ മലബാർ ആസ്ഥാനത്തും നിരന്തരം അപേക്ഷകളുമായ് സമീപിക്കുകയും, തൽഫലമായി തനതായ പൈതൃകവും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഡബ്ലിനിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ ആത്മീയ ശുശ്രൂഷകൾക്കായ് ഡബ്ലിൻ ആർച്ച് ബിഷപ്പ് ചാപ്ലിന്മാരെ നിയോഗിക്കുകയും ദേവാലയങ്ങളും, വൈദീക മന്ദിരവും ഉപയോഗത്തിനായ് വിട്ടുനൽകുകയും മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവരുന്നു. ഇപ്പോൾ ഡബ്ലിൻ അതിരൂപത നിയോഗിച്ച മൂന്ന് വൈദീകർ ഇവിടുത്തെ പത്ത് കുർബാന സെൻ്ററുകളിൽ സേവനം ചെയ്യുന്നതോടൊപ്പം ഡബ്ലിൻ അതിരൂപതയുടെ എട്ട് ദേവാലയങ്ങളിലും ശുശ്രൂഷചെയ്യുന്നു.
യൂറോപ്പിലെ സീറോ മലബാർ സഭാ വിശ്വാസികളുടെ ആത്മീയ സാമൂഹിക കാര്യങ്ങൾ ആരായുന്നതിനും ആ വിവരങ്ങൾ പരിശുദ്ധ സിംഹാസനത്തെ ധരിപ്പിക്കുന്നതിനുമായ് ഫ്രാൻസീസ് പാപ്പ നിയോഗിച്ച അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ. സ്റ്റീഫൻ ചിറപ്പണത്തിൻ്റെ നേതൃത്വത്തിലാണ് യൂറോപ്പിലെ സഭാ പ്രവർത്തനം. ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് അയർലണ്ടിലെ സഭാപ്രവർത്തനങ്ങളെ വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിവരുന്നു.
മേജർ ആർച്ച്ബിഷപ്പിൻ്റെ നിർദ്ദേശപ്രകാരം അയർലണ്ടിലെ ബിഷപ്പ് കോൺഫ്രൻസ് നിയോഗിച്ച സഭാ കോർഡിനേറ്റർ ഫാ. ക്ലമൻ്റ് പാടത്തിപറമ്പിലാണ് അയർലണ്ടിലെ സഭയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുത്ത വിശ്വാസികളും വൈദീകരുമടങ്ങിയ സഭായോഗം, പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അയർലണ്ടിലെ സീറോ മലബാർ സഭ, ചാരിറ്റി രജിസ്ട്രാർക്ക് കീഴിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നു.
ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രവർത്തനം
ഡബ്ലിൻ സോണിൻ്റെ കീഴിൽ 10 കുർബാന സെൻ്ററുകളാണ് നിലവിലുള്ളത്. കോർഡിനേറ്റർ ഉൾപ്പെടെ 3 വൈദീകരും കുർബാന സെൻ്ററിലെ ട്രസ്റ്റിമാരും വിവിധ ഡിപ്പാർട്ട്മെൻ്റ് പ്രതിനിധികളും, ഭക്തസംഘടന ഭാരവാഹികളും, നോമിനേറ്റുചെയ്യപ്പെട്ട അംഗങ്ങളും ചേർന്ന സോണൽ കോർഡിനേഷൻ കമ്മറ്റിയാണു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡബ്ലിൻ അതിരൂപതയുടേയും ചാരിറ്റി റഗുലേറ്ററുടേയും, ഗവണ്മെൻ്റിൻ്റേയും മാനദണ്ഡങ്ങൾക്കും നിർദ്ദേശങ്ങൾക്കുമനുസരിച്ചാണ് സഭാപ്രവർത്തനങ്ങൾ മൂന്നോട്ട് പോകുന്നത്.
ജനിച്ചുവളർന്ന നാടിനോടും ബന്ധങ്ങളോടും സൗഹൃദങ്ങളോടും അകന്ന് അയർലണ്ടിൽ എത്തിയ സഭാവിശ്വാസികൾക്ക് ആത്മീയ പിന്തുണ നൽകുക എന്നതാണ് സഭാ പ്രവർത്തനങ്ങളുടെ മുഖ്യലക്ഷ്യം. ജനിച്ച സഭയിൽ വളരുക, ആരാധനക്രമവും, പൈതൃകങ്ങളും, പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുക എന്നീ രണ്ടാം വർത്തിക്കാൻ സൂനഹദോസിൻ്റെ വിവിധ പ്രബോധനങ്ങൾക്കനുസരിച്ചും, കത്തോലിക്കാ സഭാ നിയങ്ങൾക്കനുസരിച്ചും സഭാമക്കൾക്കായ് ആത്മീയ ശുശ്രൂഷകൾ ചെയ്യാൻ സീറോ മലബാർ സഭ ഡബ്ലിൻ അതിരൂപതയുടെ പൂർണ്ണ പിന്തുണയോടെ പരിശ്രമിക്കുന്നു. ഞായറാഴ്ചകളിലും, കടമുള്ള അവസരങ്ങളിലും, സാധിക്കുന്ന എല്ലാദിവസവങ്ങളിലും വിശുദ്ധ കുർബാന അർപ്പിച്ചും തനത് ക്രമത്തിൽ കൂദാശകൾ പരികർമ്മംചെയ്തും സഭാപ്രവർത്തനങ്ങൾ തുടരുന്നു.
വിശ്വാസം കൈമാറപ്പെടുക എന്നത് മുഖ്യ പ്രവർത്തനമായ് കരുതുന്ന സഭ കുട്ടികൾക്കായുള്ള വിശ്വാസ പരിശീലന ക്ലാസുകൾക്ക് മുൻഗണന കൊടുക്കുന്നു. ദൈവവചനത്തിൽ ആഴപ്പെടുവാനുതകുന്ന ദൈവവചന ചോദ്യോത്തര പ്രോഗ്രാമുകള്‍, സഭയെ അടുത്തറിയാനുപകരിക്കുന്ന മറ്റ് ഓൺലൈൻ പോഗ്രാമുകൾ, മത്സരങ്ങൾ, അൾത്താര ശുശ്രൂഷാ പരിശീലനം തുടങ്ങിയവയാൽ കുഞ്ഞുങ്ങളുടെ സഭാ ജീവിതം ഊർജ്ജസ്വലമാക്കാൻ ശ്രമിക്കുന്നു.
ഇതിനോടകം 350 ഓളം കുട്ടികളെ അൾത്താരശുശ്രൂഷകരായ് വാർത്തെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
ബൈബിൾ കലോത്സവം, വിശ്വാസത്തിലാഴപ്പെടുവാനുതകുന്ന വിവിധ ധ്യാനങ്ങൾ, പരിശീലന പരിപാടികൾ, കാറ്റിക്കിസം ടീച്ചേഴ്സ് ട്രയിനിങ്ങ്, വിവിധ ഓൺലൈൻ പ്രോഗ്രാമുകൾ എന്നിവയും കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിൽ നടന്നുവരുന്നു. ഫാ. റോയ് വട്ടക്കാട്ട് അയർലണ്ടിലെ വിശ്വാസപരിശീലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഫാ. രാജേഷ് മേച്ചിറാകത്തിൻ്റെ നേതൃത്വത്തിൽ സീറോ മലബാർ യൂത്ത് മൂവ്മെൻ്റെ് യുവജനങ്ങൾക്കായ് വിവിധ പ്രവത്തങ്ങൾ നടത്തുന്നു. യുവജന ധ്യാനങ്ങൾ, യുവജന സംഗമങ്ങൾ, വ്യക്തിത്വവികസന പരിപാടികൾ, തീർതഥാടനങ്ങൾ, വിശ്വാസപരമായ സംശയനിവാരണ പരിപാടികൾ (Faith Hub) തുടങ്ങിയവയാൽ ഡബ്ലിൻ സീറോ മലബാർ യുവജനങ്ങൾ സഭാപ്രവർത്തനങ്ങളിൽ സജീവമാണ്.
സഭയുടെ ഫാമിലി അപ്പ്സ്തോലേറ്റിൻ്റെ കീഴിൽ മാതൃവേദി, പിതൃവേദി, എന്നിവ വിവിധ പരിപാടികൾ സംഘടിപ്പിച്ച് സജീവമായി പ്രവർത്തിക്കുന്നു. SMILE (Syro Malabar Inclusive Life Experience) സ്പെഷ്യലി ഏബിൾഡ് കുട്ടികളുടേയും അവരുടെ കുടുംബാങ്ങളുടേയും ആത്മീയ സാമൂഹീക ക്ഷേമത്തിനായ് പ്രവർത്തിക്കുന്നു. വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്ന യുവജനങ്ങൾക്കായ് വിവാഹ ഒരുക്ക സെമിനാർ ഒരുക്കുന്നതുവഴി നല്ലൊരു കുടുംബജീവിതത്തിനു തറക്കല്ലിടുവാനും സഭക്കു കഴിയുന്നു.
ധ്യാനങ്ങളും ആത്മീയ പ്രഭാഷണങ്ങളും വഴി ഉത്തമ ക്രൈസ്തവ ജീവിതത്തിലേയ്ക്ക് സഭാമക്കളെ നയിക്കാൻ ഡബ്ലിൻ സീറോ മലബാർ സഭ എന്നും മുൻപന്തിയിലാണ്.
കുടുംബങ്ങൾ തമ്മിൽ നല്ലൊരു സാമൂഹ്യബന്ധം സ്ഥാപിക്കാനും പ്രാർത്ഥനാകൂട്ടായ്മയിൽ വളരാനും കുടുബയൂണിറ്റുകളിൽ പ്രാർത്ഥനാ സമ്മേളനങ്ങളും വിവിധ പരിപാടികളും അതോടൊപ്പം കുടുംബസംഗമവും ഉപകരിക്കുന്നു.
ആഴമേറിയ വിശ്വാസത്തിൻ്റെ പ്രതിഫലനമെന്നോണം ഉപവിപ്രവർത്തനങ്ങളിലും സഭ സജീവമാണ്. ഓഖി, പ്രളയ ദുരിതങ്ങളിൽ വലഞ്ഞ സഹോദരരെ കൈയയച്ച് സഹായിക്കാൻ ഇവിടുത്തെ സഭാമക്കൾക്ക് കഴിഞ്ഞു. രോഗികളെ, ഭവനരഹിതരെ, നിർദ്ധനരെ സഹായിക്കുന്നതോടൊപ്പം സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുവാനും സഭക്ക് സാധിച്ചിട്ടുണ്ട്.
ഫിനാൻസ് ഡിപ്പാർട്ട്മെൻ്റ്
സഭയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് തിരഞ്ഞെടുക്കപ്പെട്ട അത്മായ ട്രസ്റ്റിയാണ്. വിശ്വാസികളിൽനിന്ന് വാർഷിക സംഭാവനയായ് സ്വീകരിക്കുന്ന 50 യൂറോയാണ് ഡബ്ലിൻ സോണൽ കമ്മറ്റിയുടെ ഒരുവർഷത്തെ പ്രവർത്തനങ്ങൾക്കുള്ള മുഖ്യ വരുമാനം. കുട്ടികളുടെ വിശ്വാസ, സാമൂഹിക പരിശീലനം, പൊതുപരിപാടികൾ (കുടുംബസംഗമം, ബൈബ്ലിൾ കലോത്സവം, ബൈബിൾ ക്വിസ്, ധ്യാനങ്ങൾ, തിരുനാളുകൾ..), പാസ്റ്റർസെൻ്ററിൻ്റേയും അജപാലനശുശ്രൂഷയുടേയും ചിലവുകൾ എന്നിവ ഈ തുക ഉപയോഗിച്ചാണ് നടത്തിവരുന്നത്.
ഡബ്ലിൻ സീറോ മലബാർ സഭയുടെ വരവ് ചിലവ് കണക്കുകൾ ഡബ്ലിൻ സോണൽ കമ്മറ്റിയിൽ മാസംതോറും അവതരിപ്പിക്കുന്നു. ഇൻ്റേണൽ ഓഡിറ്റിങ്ങിനും തുടർന്നുള്ള നിയമ പരമായ ഓഡിറ്റിങ്ങിനും ശേഷം റിപ്പോർട്ട് റവന്യൂ, ചാരിറ്റി റെഗുലേറ്ററി, ഡബ്ലിൻ അതിരൂപത തുടങ്ങിയ അധികാരികൾക്ക് സമര്‍പ്പിക്കുകയും തുടർന്ന് സഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. www.syromalabar.ie എന്ന വെബ്സൈറ്റിലെ പാരീഷ് മാനേജ്മെൻ്റ് സിസ്റ്റത്തിൽ (PMS) പ്രവേശിക്കുന്നവർക്ക് തങ്ങളുടെ കുർബാന സെൻ്ററിലേയും ഡബ്ലിൻ സോണിലേയും ഓഡിറ്റ് ചെയ്ത റിപ്പോർട്ട് ലഭ്യമാണ്. ഡബ്ലിൻ സോണിലേയും, ഒൻപത് കുർബാന സെൻ്ററിലേയും പൊതു ഉപയോഗത്തിനുള്ളതും, പ്രത്യേക ആവശ്യങ്ങൾക്കായ് ശേഖരിച്ചതും, ആസ്തിയും ചേർന്ന തുകയാണ് ഡബ്ലിൻ സീറോ മലബാർ സഭയുടെ നീക്കിയിരിപ്പായി നൽകിയിരിക്കുന്നത്. അകൗണ്ട് സംബന്ധമായ കാര്യങ്ങൾ അറിയുവാൻ അതത് കുർബാന സെൻ്റർ ട്രസ്റ്റിമാരുമായോ, സോണൽ ട്രസ്റ്റിയുമായോ (BENNY JOHN : 0873236132) ബന്ധപ്പെടാവുന്നതാണ്. ചാരിറ്റി സ്വീകരിക്കുന്ന വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് അവരുടെ പേരുകൾ പരസ്യമാക്കാൻ സാധിക്കില്ലെങ്കിലും വിശ്വാസികൾ സോണൽ ട്രസ്റ്റിമാരുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Hayden Brown Chartered Accountants ഔദ്യോഗിക ഓഡിറ്റർ ആയും Mason Hayes & Curran നിയമോപദേശകർ ആയും തുടർന്നുവരുന്നു.
കുർബാന സെൻ്ററിൻ്റെ പ്രവർത്തനം
ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട വിശ്വാസികളും, സംഘടനാ പ്രതിനിധികളും, നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളും ഉൾപ്പെട്ട പള്ളി കമ്മറ്റിയാണ് അതത് കുർബാന സെൻ്ററുകളുടെ ആത്മീയവും ഭൗതീകവുമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. എല്ലാ പ്രവർത്തനവും മാസാമാസം കൂടുന്ന പള്ളിക്കമ്മറ്റിയുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.
ഐറീഷ് കത്തോലിക്ക ദേവാലയങ്ങൾ
കത്തോലിക്കാ സഭാ കൂട്ടായ്മയിലെ വ്യത്യസ്ഥ ദൈവശാസ്ത്രവും ആരാധനാ രീതികളും, പാരമ്പര്യങ്ങളും കാത്തു സൂക്ഷിക്കുന്ന സീറോ മലബാർ സഭാമക്കൾക്ക് ആരാധനയ്ക്കും, മറ്റ് പ്രവർത്തനങ്ങൾക്കും സാധ്യതമാകുന്ന എല്ലാ സൗകര്യങ്ങളും ഐറീഷ് സഭ നൽകിപ്പോരുന്നു. ഐറീഷ് സഭയുടെ എല്ലാ പ്രവർത്തനങ്ങളിലും സീറോ മലബാർ സഭ സഹകരിച്ചുവരുന്നു. സഭാപ്രവർത്തനങ്ങൾക്കായ് വൈദീകരെ നിയമിച്ച് അവരുടെ ചിലവുകളിൽ ഭൂരിഭാഗവും വഹിക്കുന്ന അതിരൂപതയിലേയക്ക് വർഷംതോറും ഒരുസംഖ്യ സീറോ മലബാർ സഭയുടെ വിഹിതമായ് നൽകുന്നുണ്ട്. അതുപോലെ പ്രാദേശിക ദേവാലയങ്ങളേയും സഹായിക്കുന്നു. ഒട്ടേറെ സഭാമക്കൾ സീറോ മലബാർ സഭാപ്രവർത്തനങ്ങളോടൊപ്പം തങ്ങളുടെ സമീപ ഐറീഷ് ദേവാലയങ്ങളിലെ തിരുകർമ്മങ്ങളിലും, സാമൂഹിക പ്രവർത്തനങ്ങളിലും സഹകരിച്ച് പ്രവർത്തിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തുവരുന്നു. സീറോ മലബാർ സഭ ഈ പ്രവർത്തനങ്ങളെ എന്നും പ്രോത്സാഹിക്കുന്നു.
ചാരിറ്റി പ്രവർത്തനങ്ങൾ
സമ്പത്ത് പങ്കുവയ്ക്കപ്പെടേണ്ടതാണെന്നുള്ള ക്രിസ്തീയ മൂല്യമനുസരിച്ചും, സഭയുടെ സാമൂഹിക പ്രബോധനങ്ങൾ ഉൾക്കൊണ്ടും ദരിദ്രരെ സഹായിക്കുകയും, അർഹിക്കുന്നവരെ ശുശ്രൂഷിക്കുകയും ചെയ്യുന്ന ഉപവിപ്രവർത്തനങ്ങൾ ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ആദ്യനൂറ്റാണ്ടുകളിൽ ആദിമസഭയിൽ ആരംഭിച്ച (അപ്പ. പ്രവർത്തനങ്ങൾ) പങ്കുവയ്ക്കലിൻ്റെ ചൈതന്യത്തിൽ ഈ ഉപവിപ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.
ഡബ്ലിൻ സീറോ മലബാർ സഭയുടെ ആരംഭകാലം മുതൽ നടന്നുവരുന്ന ഓരോ ചാരിറ്റി പ്രവർത്തനങ്ങളും അതത് ഇടവക കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് നടത്തുന്നത്. സന്മനസുള്ള ഇടവകജനങ്ങളുടെ സംഭാവന സമാഹരിച്ച് അർഹരായവർക്ക് എത്തിക്കുന്നതിൽ സഭ എന്നും സജീവമാണ്.
നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിൻ്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.
(മത്തായി 6 : 3). എങ്കിലും ചിലർക്കെങ്കിലും നന്മചെയ്യാൻ പ്രചോദനമാകും എന്നതിനാൽ സഭ കഴിഞ്ഞ 2 വർഷം നടത്തിയ ഏതാനും ഉപവി പ്രവർത്തനങ്ങൾ നിങ്ങളുടെ അറിവിലേയ്ക്കായ് നൽകുന്നു.
കോവിഡ് പ്രതിസന്ധികൾക്കിടയിലും (2019 – 2020) വർഷങ്ങളിൽ സാമൂഹിക പ്രതിബദ്ധതയോടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കായ് 55,030.26 യൂറോയുടെ സഹായമാണ് ഡബ്ലിൻ സീറോ മലബാർ സഭ നൽകിയത്. കൂടാതെ മരണാനന്തര സഹായ നിധിയിൽനിന്ന് 17443.90 യൂറോയും. 2018 ലെ വെള്ളപ്പോക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായ് 54,375 യൂറോ സഭ നേരത്തെ കൈമാറിയിരുന്നു
2019 ലെ പ്രളയ ദുരിതാശ്വാസ നിധി ഉപയോഗിച്ച് (8,725 യൂറോ) തലശേരി അതിരുപതയിൽ കച്ചേരിക്കടവ് ഇടവകയിലും, താല കുർബാന സെൻ്റർ സ്നേഹവീട് പദ്ധതി പ്രകാരം തിരുനാൾ പ്രസുദേന്തിമാരിൽനിന്ന് സമാഹരിച്ച 8,200 യൂറോ ഉപയോഗിച്ച് മാനന്തവാടി രൂപതയുടെ ഇരുളം ഇടവകയിലും ഓരോ ഭവനം നിർമ്മിച്ച് കൈമാറി.
ബ്ലാക്ക്റോക്ക് സെൻ്റ് ജോസഫ് കുർബാന സെൻ്ററിൻ്റെ നേതൃത്വത്തിൽ പാലക്കാട് രൂപതയിലെ ചീനിക്കപ്പാറയിൽ ഒരു ഭവനത്തിൻ്റെ നിർമ്മാണത്തിനായ് 7147 യൂറോ സമാഹരിച്ചു നൽകി.
ബ്ലാഞ്ചാർഡസ്ടൗൺ കുർബാന സെൻ്റർ പാലാ അയ്യമ്പാറയിൽ ഒരു ഭവനത്തിനായ് 8,000 യൂറോയുടെ സമാഹരണവും പ്രവർത്തനങ്ങളുമായ് മുന്നോട്ട് പോകുന്നു. ലൂക്കൻ കുർബാന സെൻ്റർ ഫിസ്‌ബോറോ, ഇഞ്ചിക്കോർ കുർബാന സെൻ്ററുകളുടെ സഹകരണത്തോടെ ഒരു ഭവന നിർമ്മാണ പദ്ധതിക്കായ് തുക സമാഹരിച്ചുവരുന്നു. താല കുർബാന സെൻ്റർ സ്സ്നേഹവീട് പദ്ധതിക്കുകീഴിൽ ഈ വർഷം (2021) കോതമംഗലം രൂപതയുടെ കല്ലാനി ഇടവകയിൽ ഒരു ഭവന നിർമ്മാണത്തിനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ കമ്മറ്റിയുടെ കാലയളവിൽ (2019-20) ചികിൽസാ സഹായമെന്നനിലയിൽ 28 ആളുകൾക്കായി 11,133.23 യൂറോ കൈമാറി. ഈ വർഷം ഇതുവരെ 5 വ്യക്തികൾക്കായ് 1816.94 യൂറോ ഈ ഇനത്തിൽ കൈമാറിയിട്ടുണ്ട്.
വിവാഹ സഹായമായ് 2019-20 വർഷത്തിൽ 4078.52 യൂറോ നൽകാൻ കഴിഞ്ഞു. ഈവർഷം 2545 യൂറോ അഞ്ച് നിർദ്ധന യുവതികളുടെ വിവാഹത്തിനായ് നൽകി.
മിഷൻ സഹായമെന്ന നിലയിൽ സീറോ മലബാർ സഭയുടെ സിൽച്ചാർ മിഷന് ഡബ്ലിൻ സീറോ മലബാർ സഭ നൽകുന്ന പാലിയേറ്റീവ് കെയർ വെഹിക്കിൾ കൈമാറി. ഷംഷാബാദ് രൂപതയുടെ വടക്ക് കിഴക്ക് റീജിയണില്‍ ആസാം, ത്രിപുര, മിസോറം സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സില്‍ച്ചാര്‍ മിഷന്‍ ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. പാലിയേറ്റീവ് കെയർ പദ്ധതിക്ക് വേണ്ടിയാണ് വാഹനം ഉപയോഗിക്കുക. ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിലും, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും സംബന്ധിച്ച ചടങ്ങിൽ അസം ഹരിജന ക്ഷേമ-വനം വകുപ്പ് മന്ത്രി മേവര്‍ കുമാര്‍ ജമാത്തിയ പാലിയേറ്റീവ് കെയര്‍ മൊബൈല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡബ്ലിൻ സീറോ മലബാർ സഭയിലെ വൈദീകരുടേയും കമ്മറ്റിയംഗങ്ങളുടേയും, അൾത്താര ശുശ്രൂഷികളായ കുട്ടികളുടേയും, സന്മനസുള്ള വിശ്വാസികളുടേയും സംഭാവനയായ 12,938.87 യൂറോ ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്.
ആഫ്രിക്കയിലെ താൻസാനിയായിൽ ബൈബിൾ പ്രൊജക്ടിനായ് താല മാതൃവേദി സമാഹരിച്ച 1,315 യൂറോയും, വിജയവാഡായിൽ ഒരു പ്രയർ ഹാളിൻ്റെ പുനർനിമ്മാണത്തിനായ് 619.27 യൂറോയും കൈമാറാൻ സാധിച്ചു,
വിവിധ ആവശ്യങ്ങൾക്കായ് ഭാഗീകമായ് (അനാഥാലയം, ഭവനം നിർമ്മാണം, മരണാനന്തര സഹായം) 2019-20 വർഷം 897.89 യൂറൊയും 2021 വർഷം 455 യൂറോയും നൽകി.
മരണാനന്തര സഹായ നിധിയിൽ നിന്നു 2019-20 കാലയളവിൽ 7 കുടുംബങ്ങൾക്കായി 17443.90 യൂറോയും, 2021 വർഷത്തിൽ 3000 യൂറോയും നൽകി. ഇന്നുവരെ മരണാനന്തര സഹായ നിധിയിന്ന് 20 കുടുംബങ്ങൾക്കായ് 57432 യൂറോ നൽകുവാൻ സാധിച്ചു.
ഡബ്ലിൻ സീറോ മലബാർ സഭയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളെ സഹായിക്കുവാൻ താത്പര്യമുള്ളവർക്ക് www.syromalabar.ie എന്ന വെബ്സൈറ്റിലൂടെ സമ്പത്തിക സഹായങ്ങൾ നൽകുവാൻ സാധ്യമാണ്,
സഭയുടെ പ്രവർത്തനത്തെക്കുറിച്ച് അറിയുവാൻ ട്രസ്റ്റി സെക്രട്ടറി സീജോ കാച്ചപ്പള്ളിയെ (08731975755) ബന്ധപ്പെടാവുന്നതാണ്.
“ദരിദ്രരോടു ദയകാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്, അവിടുന്ന് ആ കടം വീട്ടുകതന്നെ ചെയ്യും” (സുഭാ 19:17) എന്ന വിശുദ്ധ വചനത്തിലധിഷ്ഠിതമായ് സഭയുടെ സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഡബ്ലിൻ സീറോ മലബാർ വിശ്വാസസമൂഹത്തെ അഭിനന്ദിക്കുകയും ഏവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.
സഭാപ്രവർത്തനങ്ങൾക്ക് എന്നും സഹായമായ് നിലകൊള്ളുന്ന ഡബ്ലിൻ അതിരൂപതാ നേതൃത്വത്തിനും അഭിവന്ദ്യ പിതാക്കന്മാർക്കും ഹൃദയം നിറഞ്ഞ നന്ദി. സഭാപ്രവർത്തനങ്ങളെ ക്രമീകരിക്കുന്ന സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനും സഭാപ്രവർത്തനത്തിനായ് എത്തിചേർന്ന വൈദികർക്കും നന്ദിപറയുന്നതോടൊപ്പം അവരെ വിട്ടുനൽകിയ രൂപതകൾകൾക്കും മെത്രാന്മാർക്കും ഡബ്ലിൻ സീറോ മലബാർ സഭയുടെ നന്ദി. സഭാ പ്രവർത്തനങ്ങളെ സഹായിക്കുന്ന മറ്റ് സീറോ മലബാർ സഭാമക്കളായ വൈദികരേയും ഐറീഷ് ഇടവക വൈദികരേയും നന്ദിയോടെ ഓർക്കുന്നു.
മാർത്തോമാശ്ലീഹായിൽനിന്ന് നമുക്ക് ലഭിച്ച വിശ്വാസവും, നമ്മുടെ പാരമ്പര്യങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ട് അയർലണ്ടിലെ മണ്ണിൽ നമ്മുക്ക് ഒത്തൊരുമയോടെ ക്രസ്തു സ്നേഹത്തിലും വിശ്വാസത്തിലും വളരാം.
ഡബ്ലിൻ സീറോ മലബാർ സഭയ്ക്കുവേണ്ടി
ബിജു എൽ. നടയ്ക്കൽ
പി. ആർ. ഒ.