ശക്ത്നായവന്‍ എനിക്ക് വലിയ കാരിയങ്ങള്‍ ചെയ്‌തിരിക്കുന്നു.(Luke : 1 : 49 )

വിശ്വാസനിറവില്‍ ദേവസഹായം പിള്ള വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍


 

  • വിശ്വാസവര്‍ഷത്തില്‍ സഭയ്ക്കു ലഭിച്ച സമ്മാനം: കര്‍ദിനാള്‍ ആഞ്ചലോ അമാറ്റോ 
  • പ്രഖ്യാപനം നിരവധി സഭാ മേലധ്യക്ഷന്‍മാരുടെ സാന്നിധ്യത്തില്‍ 
നാഗര്‍കോവില്‍: വിശ്വാസത്തിന്റെ നിറവില്‍ ക്രൈസ്തവ രക്തസാക്ഷി ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയും നാമകരണ നടപടികള്‍ക്കുള്ള വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനുമായ കര്‍ദിനാള്‍ ആഞ്ചലോ അമാറ്റോയാണു നാഗര്‍കോവിലിലെ കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഇന്നലെ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതായി പ്രഖ്യാപിച്ചത്. നിറഞ്ഞ കരഘോഷത്തോടെ വിശ്വാസിസമൂഹം കര്‍ദിനാളിന്റെ പ്രഖ്യാപനം സ്വീകരിച്ചു. നിരവധി സഭാ മേലധ്യക്ഷന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
 
ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തുന്ന ചടങ്ങിന്റെ രീതികള്‍ കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ വിശദീകരിച്ചു. കോട്ടാര്‍ രൂപതാ ബിഷപ് ഡോ. പീറ്റര്‍ റമീജിയൂസ് വിശിഷ്ടാതിഥികളെ ക്ഷണിച്ചു. മുംബൈ ആര്‍ച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ദേവസഹായം പിള്ളയുടെ ജീവചരിത്രം വായിച്ചു. തമിഴ് പരിഭാഷയും പിന്നാലെ വായിച്ചു.
തുടര്‍ന്നു കര്‍ദിനാള്‍ ആഞ്ചലോ അമാറ്റോ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തിക്കൊണ്ട് വത്തിക്കാനില്‍നിന്നുള്ള പ്രഖ്യാപനം വായിച്ചു. പ്രഖ്യാപനത്തിന്റെ രേഖ അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. പിന്നാലെ അതിന്റെ തമിഴ് പരിഭാഷ കോട്ടാര്‍ ബിഷപ് ഡോ. പീറ്റര്‍ റമീജിയൂസ് വായിച്ചു.
തുടര്‍ന്ന് ദൈവത്തിനു നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള ഗാനം വേദിയില്‍ മുഴങ്ങി. നൂറുകണക്കിന് അല്മായര്‍ മുത്തുക്കുടകളുടെ അകമ്പടിയോടെ ദേവസഹായം പിള്ളയുടെ തിരുസ്വരൂപം സദസിനു നടുവിലൂടെ വേദിയിലേക്ക് ആനയിച്ചു. വേദിയില്‍ ഇടതുവശത്തായി സ്ഥാപിച്ച തിരുസ്വരൂപത്തില്‍ മാലചാര്‍ത്തി കര്‍ദിനാള്‍മാര്‍ വാഴ്ത്തപ്പെട്ടവനോടുള്ള ആദരവ് പ്രകടിപ്പിച്ചു.
തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു കര്‍ദിനാള്‍ ആഞ്ചലോ അമാറ്റോ മുഖ്യകാര്‍മികനായിരുന്നു. ദേവസഹായം പിള്ളയുടെ ജീവിതം അദ്ദേഹം ലോകത്തിനു നല്‍കിയ സന്ദേശമായിരുന്നുവെന്നു ദിവ്യബലിക്കിടെ അനുഗ്രഹപ്രഭാഷണം നടത്തിയ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ പറഞ്ഞു.
ദേവസഹായം പിള്ളയുടെ പേരില്‍ നട്ടാലത്ത് പള്ളി പണിയുമെന്ന് കോട്ടാര്‍ ബിഷപ് ഡോ. പീറ്റര്‍ റമീജിയൂസ് അറിയിച്ചു. പള്ളിയില്‍ സ്ഥാപിക്കാനുള്ള തറക്കല്ല് കര്‍ദിനാള്‍ ആഞ്ചലോ അമാറ്റോ ആശീര്‍വദിച്ചു. നട്ടാലം, കുളച്ചല്‍, പുലിയൂര്‍ക്കുറിച്ചി, വടക്കംകുളം, ആറല്‍വാമൊഴി, കോട്ടാര്‍, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലുള്ള ദേവാലയങ്ങളില്‍ ദേവസഹായം പിള്ളയുടെ തിരുസ്വരൂപം വണക്ക ത്തിനായി സ്ഥാപിക്കും.
 ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വിശ്വാസവര്‍ഷത്തില്‍ സഭയ്ക്കു ലഭിച്ച സമ്മാനമാണെന്നു മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയും ദേവസഹായം പിള്ളയുടെ നാമകരണ നടപടികള്‍ക്കുള്ള വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനുമായ കര്‍ദിനാള്‍ ആഞ്ചലോ അമാറ്റോ. ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചശേഷം ഇന്നലെ വൈകുന്നേരം നാഗര്‍കോവില്‍ കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടിലെ പ്രത്യേകവേദിയില്‍ നടന്ന വിശ്വാസബലിയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തില്‍ ഉറച്ചുനിന്നതിനു ദൈവം നല്‍കിയ അംഗീകാരംകൂടിയാണു ദേവസഹായം പിള്ളയുടെ വാഴ്ത്തപ്പെട്ട പദവി. അദ്ദേഹം സ്വന്തം രക്തസാക്ഷിത്വത്തിലൂടെ വിശ്വാസത്തെക്കുറിച്ചു സന്ദേശം നല്‍കി. പ്രേഷിത പ്രവൃത്തിയിലൂടെ അദ്ദേഹം ദൈവനാമം ഉയര്‍ത്തിപ്പിടിച്ചു. കുരിശിന്മേലുള്ള വിശ്വാസം നമുക്കു മുറുകെപ്പിടിക്കാം. ദേവസഹായം പിള്ളയെന്ന 300 വര്‍ഷം മുമ്പു ജീവിച്ചിരുന്ന രക്തസാക്ഷിയെ നാം ദേവാലയങ്ങളില്‍ വണങ്ങാന്‍ പോകുകയാണ്.-കര്‍ദിനാള്‍ പറഞ്ഞു.
ഇന്ത്യന്‍ മനഃസാക്ഷിയുടെയും തമിഴിന്റെയും പ്രതീകമായാണ് ദേവസഹായം പിള്ള അറിയപ്പെടുക. വിവിധ സംസ്കാരങ്ങളുടെ കൂട്ടായ്മ കൂടിയാണ് ദേവസഹായംപിള്ളയുടെ വാഴ്ത്തപ്പെട്ട പദവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ചടങ്ങില്‍ നിരവധി സഭാ മേലധ്യക്ഷന്‍മാര്‍ പങ്കെടുത്തു. തിരുക്കര്‍മങ്ങള്‍ക്കു കര്‍ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഡോ. ടെലസ്ഫോര്‍ ടോപ്പോ, മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ് സ്റാനിസ്ളാവോസ് ഫെര്‍ണാണ്ടസ്, സീറോ മലബാര്‍ സഭ കൂരിയാ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ത്താണ്ഡം ബിഷപ് വിന്‍സെന്റ് മാര്‍ പൌലോസ്, ബാഹ്യകേരള ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍, താമരശേരി ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, പൂന ബിഷപ് ഡോ. തോമസ് ഡാബ്രേ, വിജയപുരം ബിഷപ് ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരക്കശേരില്‍, പുത്തൂര്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, പത്തനംതിട്ട ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റം, മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ്, സീറോ മലങ്കര കൂരിയ മെത്രാന്‍ തോമസ് മാര്‍ അന്തോണിയോസ്, തിരുവല്ല അതിരൂപതാ സഹായമെത്രാന്‍ ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്, കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍, ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.