Blessed are the meek for they shall inherit the earth. (Matthew 5:5)

സഭ പാവങ്ങള്‍ക്കൊപ്പം: ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭ എന്നും പാവങ്ങള്‍ക്കൊപ്പമാണെന്നും അവരുടെ ശുശ്രൂഷയാണ് സഭയുടെ ദൌത്യമെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ.
വിശുദ്ധ ഫ്രാന്‍സിസ് അസീസി ദാരിദ്യ്രത്തിന്റെയും സമാധാനത്തിന്റെയും മനുഷ്യനായതുകൊണ്ടാണ് താന്‍ ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. തന്നെ മാര്‍പാപ്പയായി തെരഞ്ഞെടുത്ത കോണ്‍ക്ളേവിലെ അപൂര്‍വ നിമിഷങ്ങളും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു.
“ബ്രസീലിലെ സാവോപൌളോ അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ക്ളോഡിയോ ഹ്യൂമ്സ് ആയിരുന്നു എന്റെ അടുത്തിരുന്നത്. കര്‍ദിനാള്‍മാര്‍ എന്നെ മാര്‍പാപ്പയായി തെരഞ്ഞെടുത്തുവെന്ന വിവരം അറിഞ്ഞയുടന്‍ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു പാവങ്ങളെ മറക്കരുതെന്നു പറഞ്ഞു. അതെന്റെ മനസിനെ വല്ലാതെ പിടിച്ചുലച്ചു. ഞാന്‍ പെട്ടെന്നു വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ ഓര്‍ത്തു. ഫ്രാന്‍സിസ് അസീസി എന്നെ സംബന്ധിച്ചിടത്തോളം ദാരിദ്യ്രത്തിന്റെയും സമാധാനത്തിന്റെയും മനുഷ്യനാണ്. അങ്ങനെ ഫ്രാന്‍സിസ് എന്ന പേര് ഞാന്‍ സ്വീകരിക്കുകയായിരുന്നു”- മാര്‍പാപ്പ വ്യക്തമാക്കി.
സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തനത്തിനും സമാനതകളേറെയുണ്ട്. എന്നാല്‍, സഭ വിശ്വാസത്തിന്റെ ദൃഷ്ടിയിലൂടെയാണ് ലോകകാര്യങ്ങളെ നോക്കിക്കാണുന്നത്. മാര്‍പാപ്പമാര്‍ മാറിമാറി വരാം. എന്നാല്‍ സഭയുടെ ആണിക്കല്ല് ക്രിസ്തുവാണ്. ക്രിസ്തുവില്ലാതെ സഭയില്ല.
ലോകത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവിക പദ്ധതിയുടെ ഭാഗമാണ്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗം, തന്റെ തെരഞ്ഞെടുപ്പ് തുടങ്ങിയവയെല്ലാം അതിന്റെ ഭാഗം തന്നെയാണ്- ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.
എല്ലാ സ്ഥാപനങ്ങളിലെയുംപോലെ സഭയിലും നന്മകളും തിന്മകളുമുണ്ട്. തിന്മയെ മാത്രം വാര്‍ത്തയാക്കുന്ന സമീപനത്തിനുപകരം സത്യം, നന്മ, സൌന്ദര്യം എന്നിവയെ കണ്െടത്തി പ്രചരിപ്പിക്കുന്ന രീതി മാധ്യമ പ്രവര്‍ത്തകര്‍ സ്വീകരിക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് പതിനാറാമനെ അദ്ദേഹം താമസിക്കുന്ന കാസ്റല്‍ ഗൊണ്േടാള്‍ഫോയിലെത്തി അടുത്ത ശനിയാഴ്ച സന്ദര്‍ശിക്കുമെന്നും മാര്‍പാപ്പ അറിയിച്ചു. ഇറ്റാലിയന്‍ ഭാഷയിലാണ് മാര്‍പാപ്പ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശീര്‍വാദം നല്കിയ മാര്‍പാപ്പ, മാധ്യമങ്ങള്‍ നല്കുന്ന പിന്തുണയ്ക്കു നന്ദിയും പറഞ്ഞു. ഇന്ന് പതിവുപോലെ ത്രികാല ജപ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന മാര്‍പാപ്പ, വിശ്വാസികള്‍ക്കു പൊതുദര്‍ശനവും ആശീര്‍വാദവും നല്കും.