A double minded man is unstable in all his ways. (James 1:8)

സിസ്റ്റർ പാസ്കലിനു ഡബ്ലിൻ സീറോ മലബാർ സഭയുടെ ആദരാഞ്ജലികൾ

സിസ്റ്റർ പാസ്കലിനു ഡബ്ലിൻ സീറോ മലബാർ സഭയുടെ ആദരാഞ്ജലികൾ

ഇൻഡ്യയിലെ തെരുവോരങ്ങളിൽ കഴിയുന്ന അശരണർക്കായി ജീവിതത്തിൻ്റെ സിംഹഭാഗവും ഉഴിഞ്ഞുവച്ച് തൊണ്ണൂറ്റി ഒൻപതാം വയസിൽ ദൈവസന്നിധിയിലേയ്ക്ക് യാത്രയായ ഐറീഷ് സിസ്റ്റർ പാസ്കലിനു ഡബ്ലിൻ സീറോ മലബാർ സഭയുടെ ആദരാഞ്ജലികൾ.

ഇന്ന് വൈകിട്ട് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ഡബ്ലിൻ സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ നേതൃത്വം നൽകി. ഫാ. റോയ് വട്ടക്കാട്ടും സഭാ പ്രതിനിധികളും സംബന്ധിച്ചു.

പാവപ്പെട്ടവരിലും നിരാംലബലരിലും ക്രിസ്തുവിനെ കണ്ട് മറ്റൊരു മദർ തെരേസയായി വിശുദ്ധ ജീവിതം നയിച്ച സിസ്റ്റർ നവംബർ ഒന്നിനാണ് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്.

പ്രസൻ്റേഷൻ സഭാംഗമായിരുന്ന സിസ്റ്റർ പാസ്കൽ നീണ്ട 45 വർഷക്കാലം കൽക്കട്ടയിൽ ജീവിച്ച് നിരവധി അനാഥാലയങ്ങൾ നിർമ്മിക്കുകയും അവിടുത്തെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകി അവരെ ജീവിതത്തിലേക്ക് കൈയടിച്ചുയർത്തുകയും ചെയ്തു. മദർ തെരേസയോടോപ്പം പ്രവർത്തിച്ചിട്ടുള്ള സിസ്റ്റർ പാസ്കർൽ കേരളവും സന്ദർശിച്ചിരുന്നു. ഏറെക്കാലം ലൂക്കനിൽ താമസിച്ച സിസ്റ്റർ ലൂക്കൻ സീറോ മലബാർ വിശ്വാസ സമൂഹത്തിന് ഏറെ പ്രിയങ്കരിയും സുപരിചതയുമായിരുന്നു.

കഴിഞ്ഞ 4 വർഷമായി ഡബ്ലിനിലെ കോൺവെൻ്റിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്ത്യയെയും ഇന്ത്യക്കാരെയും ഏറെ സ്നേഹിച്ചിരുന്ന സിസ്റ്റർ ഇന്ത്യക്കാർ ഏറെയുള്ള ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ തന്നെ തന്റെ ശവസംസ്കാര ശുശ്രൂഷ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു.

സിസ്റ്ററിന്റെ സംസ്കാരം നാളെ (നവംബർ 5 ന്) രാവിലെ 11ന് ലൂക്കൻ ഡിവൈൻ മേഴ്സി പള്ളിയിലെ പ്രാർഥനകൾക്ക് ശേഷം നടക്കും.