ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാരാചരണത്തിനു ഓശാന ഞായറാഴ്ച തുടക്കം കുറിക്കും. യേശു ക്രിസ്തുവിൻ്റെ പീഡാനുഭവത്തിൻ്റെ സ്മരണ പുതുക്കപ്പെടുന്ന ഈ കാലയളവിൽ സ്വർഗോന്മുഖ യാത്ര ചെയ്യുന്ന വിശ്വാസ സമൂഹം വചനാ അധിഷ്ഠിത ജീവിതത്തിലൂടെയും, ഉപവി പ്രവർത്തികൾ വഴിയും, അനുരഞ്ജന ശുശ്രൂഷ സ്വീകരണത്തിലൂടെയും വിശ്വാസ ജീവിതത്തിൽ ആഴപ്പെടുന്നു. ജീവിത നവീകരണത്തിനു സഭാ മക്കളെ സഹായിക്കുന്നതിന് നോമ്പ് കാല ധ്യാനം ക്രമീകരിച്ചിരുന്നു. അന്താരാഷ്ട്ര വചന പ്രഘോഷകനും പ്രമുഖ സൈക്കോളജിസ്റ്റുംമായ റവ ഫാ ഡോ. കുര്യൻ പുരമഠംമാണു ധ്യാനം നയിച്ചത്. ഇതോടൊപ്പം എല്ലാ കുർബാന സെൻ്ററുകളിലും കുമ്പസാരത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഡബ്ലിൻ സോണിൻ്റെ കീഴിലുള്ള പതിനൊന്നു കുർബാന സെൻ്ററുകളിലും ഓശാന ഞായറാഴ്ച തിരുക്കർമങ്ങൾ ആചരിക്കപ്പെടുന്നതാണ് . ഈശോയുടെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കുന്ന പെസഹാ വ്യാഴാഴ്ച ഒൻപതു സെന്ററുകളിൽ കാൽ കഴുകൽ ശുശ്രൂഷയും മറ്റു തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്. കാൽവരി കുന്നിലേക്കുള്ള പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴിയും പീഡാനുഭവ തിരുക്കർമ്മങ്ങളും ഒട്ടു മിക്ക സെൻ്ററുകളിലും ദുഃഖവെള്ളിയാഴ്ച നടത്തപ്പെടുന്നതാണ്. സീറോ മലബാർ വിശ്വാസികളുടെ ഗൃഹാതുരത്വ ഓർമകളുടെ ഭാഗം ആയി കരുതപ്പെടുന്ന ഈസ്റ്റർ ദിനത്തിലെ പാതിരാ കുർബാന മിക്ക സെൻ്ററുകളിലും ഉണ്ടായിരിക്കുന്നതാണ്. അനുരഞ്ജന ശുശ്രുഷ യിൽ പങ്കെടുത്തു വിശുദ്ധവാര ആചരണത്തിനായി വിശ്വാസികൾ ഒരുങ്ങണമെന്നു സീറോ മലബാർ സഭയുടെ ആദ്ധ്യാത്മിക നേതൃതം ഓർമപ്പെടുത്തി