I can do all things through Christ which strengthen me. (Philippians 4:13)

സീറോ മലബാർ സഭയുടെ വലിയ ഇടയനു ഡബ്ലിനിൽ ഊഷ്മള സ്വീകരണം. നോക്ക് തീർത്ഥാടനം ശനിയാഴ്ച

സീറോ മലബാർ സഭയുടെ വലിയ ഇടയനു ഡബ്ലിനിൽ ഊഷ്മള സ്വീകരണം. നോക്ക് തീർത്ഥാടനം ശനിയാഴ്ച

ഡബ്ലിൻ : സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനു ഡബ്ലിനിൽ ഊഷമള സ്വീകരണം. മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റശേഷം നടത്തുന്ന ആദ്യ വിദേശയാത്രയിൽ അയർലണ്ടിൽ എത്തിചേർന്ന റാഫേൽ തട്ടിൽ പിതാവിനും സീറോ മലബാർ സഭയുടെ യൂറോപ്യനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനും അയർലണ്ട് സീറോ മലബാർ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയുടെ നേതൃത്വത്തിൽ ഡബ്ലിൻ എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി. കാറ്റിക്കിസം ഡയറക്ടർ ഫാ, റോയ് വട്ടക്കാട്ടും, അയർലണ്ട് സീറോ മലബാർ സഭയുടെ ട്രസ്റ്റിമാരായ ജൂലി റോയ്, സീജോ കാച്ചപ്പിള്ളി എന്നിവരും ഡബ്ലിൻ സോണൽ സെക്രട്ടറി ബിനുജിത്ത് സെബാസ്റ്റ്യനും, ട്രസ്റ്റിമാരും, വിവിധ ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറിമാരും സ്വീകരണത്തിൽ പങ്കെടുത്തു. റോമിലെ വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം അയർലണ്ടിൽ എത്തിച്ചേർന്ന മാർ റാഫേൽ തട്ടിൽ തിരികെ റോമിലെത്തി പരിശുദ്ധ പിതാവിനെ സന്ദർശിക്കും.

മെയ് പതിനൊന്ന് ശനിയാഴ്ച പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ മരിയൻ തീർത്ഥാടനത്തിനു മേജർ ആർച്ച് ബിഷപ്പ് നേതൃത്വം നൽകും. . ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയിൽ ആരാധനയും തുടർന്ന് ആഘോഷമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികനായിരിക്കും. സീറോ മലബാർ സഭയുടെ യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തും, സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും അയർലണ്ടിലെ മുഴുവൻ സീറോ മലബാർ വൈദീകരും തീർത്ഥാടനത്തിൽ പങ്കെടുക്കും.

കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും മാതാവിൻ്റേയും വിശുദ്ധരുടേയും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം അയർലണ്ടിലെ സീറോ മലബാർ പ്രവാസി സമൂഹത്തിൻ്റെ വിശ്വാസ പ്രഘോഷണമായിരിക്കും. അയർലണ്ട് സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃവേദി, പിതൃവേദി, അൾത്താര ബാലസഖ്യം, ചെറുപുഷ്പം മിഷ്യൻ ലീഗ് (CML), സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (SMYM) എന്നിവർ പ്രദക്ഷിണത്തിൽ അണിചേരും. അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്ന് ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ നോക്ക് തീർത്ഥാടനത്തിൽവച്ച് മേജർ ആർച്ച് ബിഷപ്പിൽ നിന്ന് ദിവ്യകാരുണ്യം സ്വീകരിക്കും.

കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും, അയർലണ്ടിലെ ലിവിങ് സെർട്ട് (A Level – Northern Ireland) പരീക്ഷയിലും ജൂനിയർ സെർട്ട് (GCSE -Northen Ireland) പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലണ്ടിലെ വലിയ കുടുംബങ്ങളേയും ആദരിക്കും. ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള സമ്മാന ദാനവും തദ്ദവസരത്തിൽ നടക്കും. സീറോ മലബാര്‍ സഭ നാഷണല്‍ പാസ്റ്ററൽ കൗൺസിലിൻ്റേയും വിവിധ കുർബാന സെൻ്ററുകളുടേയും നേതൃത്വത്തില്‍ നോക്ക് മരിയൻ തീര്‍ഥാടനത്തിനത്തിനുള്ള ഒരുക്കങ്ങൽ പൂർത്തിയായി. അയർലണ്ടിലേയും നോർത്തേൻ അയർലണ്ടിലേയും 37 കുർബാന സെൻ്ററുകളിൽനിന്നുള്ള ആയിരങ്ങൾ നോക്ക് ബസലിക്കായിൽ ഒത്തുചേരും. നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.