For the wages of sin is death, but the gift of God is eternal life in Christ Jesus our Lord (Romans 6:23)

സെന്റ് തോമസ് പാസ്റ്ററൽ സെന്റർ… നന്ദിയോടെ ഡബ്ലിൻ സീറോ മലബാർ സഭ

സെന്റ്  തോമസ് പാസ്റ്ററൽ സെന്റർ...  നന്ദിയോടെ ഡബ്ലിൻ സീറോ മലബാർ സഭ

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളുടെ അഭിമാന നിമിഷമായിരുന്നു സെന്റ് പാസ്റ്ററൽ സെന്ററിന്റെ കൂദാശ കർമ്മം. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡബ്ലിൻ അതിരൂപത ആർച് ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് എന്നിവരുൾപ്പെടെയുള്ള വിശിഷ്ട അതിഥികളെ മുത്തുക്കുടകളുടെയും ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികളുടെയും നൂറിൽപരം അൾത്താരബാലകർ എന്നിവരുടെ അകമ്പടിയോടെ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. തുടർന്ന് പാസ്റ്ററൽ സെന്ററിന് സമീപമുള്ള ഔവർ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലിയ്ക്ക് ശേഷമായിരുന്നു കൂദാശ കർമ്മം. ദേവാലയത്തിൽ വച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് ഡെർമട്ട് മാർട്ടിൻ , ബിഷപ്പ് സ്റ്റീഫൻ സ്റ്റീഫൻ ചിറപ്പണത് എന്നിവർ ചേർന്ന് തിരി തെളിച്ചു.

പാസ്റ്ററൽ സെന്ററിന്റെ ഉത്ഘടനകര്മം കർദിനാൾ മാർ ജോർജ് ആലഞ്ചേരി നാടമുറിച്ച നിർവഹിച്ചു. സെന്ററിൽ സ്ഥാപിച്ച ശിലാഫലകം ആർച്ച്ബിഷപ് ഡെര്മട് മാർട്ടിൻ പ്രകാശനം ചെയ്തു. തുടർന്ന് പാസ്റ്ററൽ സെന്ററിലെ വിശുദ്ധ തോമാശ്ളീഹായുടെ തിരുസ്വരൂപത്തിന്റെ കൂദാശകർമ്മം ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് നിർവഹിച്ചു.

ഡബ്ലിൻ അതിരൂപത സീറോ മലബാർ സഭയ്ക്ക് നൽകിവരുന്ന സ്നേഹത്തിനും പിന്തുണയ്ക്കും കർദിനാൾ നന്ദി പറഞ്ഞു. പാസ്റ്ററൽ സെന്റർ ഒരുക്കി തന്നതിൽ ഡബ്ലിൻ അതിരൂപതയോട് ഏറെ കടപ്പെട്ടിരിക്കുന്നതായും കർദിനാൾ കൂട്ടിച്ചേർത്തു. പ്രവർത്തി ദിവസത്തിൽ ഇത്രയധികം വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും കർദിനാൾ പറഞ്ഞു. വിശ്വാസത്തിൽ വളരുവാനും വിശ്വാസം മറ്റുള്ളവർക്കുപകർന്ന് നൽകുവാനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി തരുന്ന പ്രാദേശിക സഭയോടൊപ്പം വളരണമെന്നും കർദിനാൾ പ്രസംഗത്തിൽ സൂചിപ്പിച്ചു.

അയർലണ്ടിലെ സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസക്രമജീവിതത്തിന് അവസരമൊരുക്കുവാൻ ഭാഗമാകുവാൻ കഴിഞ്ഞതിലുള്ള സന്തോഷം ഡബ്ലിൻ ആർച്ച്ബിഷപ് ഡെർമോട് മാർട്ടിൻ രേഖപ്പെടുത്തി. അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളുടെ സേവനതത്പരതയെയും ആർച്ച്ബിഷപ് ഡെർമട്ട് മാർട്ടിൻ പുകഴ്ത്തി.

അയര്ലണ്ടിലെയ്ക്ക് കുടിയേറിയ സീറോ മലബാർ വിശ്വാസികളുടെ ആരാധന ക്രമ ജീവിതത്തിന് ആവശ്യമായതെല്ലാം ഒരുക്കിത്തരുന്ന ഡബ്ലിൻ അതിരൂപതയ്ക്ക് ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് നന്ദി പറഞ്ഞു. സീറോ മലബാർ സഭയുടെ ചരിത്രവും അയർലണ്ടിലെ പ്രവർത്തങ്ങളും ഉൾപ്പെടുത്തിയുള്ള വിഡിയോ പ്രദർശനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിന് ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പിൽ സ്വാഗതം പറഞ്ഞു. അയർലണ്ട് കോഡിനേറ്റർ മോൺസിഞ്ഞോർ ആന്റണി പെരുമായൻ നന്ദി പറഞ്ഞു. അയര്ലണ്ടിലെത്തിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്കും ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിനുമുള്ള സ്നേഹോപഹാരം ബിഷപ്പ് ഡെർമട്ട് മാർട്ടിൻ സമ്മാനിച്ചു. അയർലണ്ടിലെ വിശ്വാസസമൂഹത്തോടുള്ള സ്നേഹത്തെ പ്രതി തിരക്കിനിടയിലും ഡബ്ലിനിൽ എത്തിച്ചേർന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്കുള്ള സ്നേഹോപഹാരം സെക്രട്ടറി ജോൺസൻ ചക്കാലയ്ക്കൽ, കൈക്കാരൻ ടിബി മാത്യു എന്നിവർ ചേർന്ന് നൽകി. അപ്പസ്റ്റോലിക് വിസിറ്റേഷൻ കോർഡിനേറ്റർ ഫാ. ചെറിയാൻ വാരികാട്ടും പരിപാടികളിൽ സംബന്ധിച്ചു.

പാസ്റ്ററൽ സെന്ററൽ നവീകരണത്തിന് നേതൃത്വം നൽകിയ ഡബ്ലിൻ അതിരൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ പോൾ കല്ലൻ, ജോൺ, ജിമ്മി എന്നിവരെയും സീറോ മലബാർ സഭ ആദരിച്ചു. പാസ്റ്ററൽ സെന്ററിന്റെ പ്രാരംഭ പ്രവർത്തങ്ങൾക്ക് നേത്രത്വം നൽകിയ ഫാ. ജോസ് ഭരണികുളങ്ങര, വിവിധ ഇടവകകളിൽ നിന്നും എത്തിയ ഐറിഷ് വൈദികർ, സിസ്റ്റേഴ്സ്, അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ മലയാളി വൈദികർ, മറ്റ് സന്യസ്ത സഭയിലെ മലയാളി വൈദികർ, സിസ്റ്റേഴ്സ്, സഭായോഗം അംഗങ്ങൾ, കഴിഞ്ഞ കുറെ മാസങ്ങളായി പാസ്റ്ററൽ സെന്ററിന്റെ നവീകരണത്തിനായി സഹായിച്ച സോണൽ കമ്മറ്റി, മാസ്സ് സെന്റർ ഭാരവാഹികൾ, മറ്റ് വ്യക്തികൾ എന്നിവർ നൽകിയ അകമഴിഞ്ഞ സന്നദ്ധ പ്രവർത്തങ്ങൾക്കും സേവനങ്ങൾക്കും പ്രാർത്ഥനകൾക്കും സീറോ മലബാർ സഭയ്ക്കു വേണ്ടി മോൺസിഞ്ഞോർ ആന്റണി പെരുമായൻ നന്ദി പറഞ്ഞു. പാസ്റ്ററൽ സെന്ററിന്റെ ഉത്ഘടനവും വെഞ്ചിരിപ്പും തത്സമയം ലോകം മുഴുവനും എത്തിച്ച ശാലോം ടീവിയ്ക്കും സീറോ മലബാർ സഭ നന്ദി രേഖപ്പെടുത്തി.

പാസ്റ്ററൽ സെന്ററിന്റെ ഉത്‌ഘാടനത്തിനും വെഞ്ചിരിപ്പിനും ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മേച്ചിറകത്ത്, സോണൽ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ചാണ്‌ പ്രവർത്തങ്ങൾ ഏകോപിപ്പിച്ചത്.