Let not your heart be troubled: ye believe in God, believe also in me. (John 14:1)

ക്രിസ്തുമസിന് ഒരുങ്ങി ഡബ്ലിൻ സീറോ മലബാർ സഭ

ക്രിസ്തുമസിന്  ഒരുങ്ങി ഡബ്ലിൻ സീറോ മലബാർ സഭ

മനുഷ്യരക്ഷക്കായ് ഭൂമിയിലവതരിച്ച ദൈവകുമാരൻ്റെ തിരുജനനത്തിൻ്റെ ഓർമ്മപുതുക്കുന്ന ക്രിസ്തുമസിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇരുപത്തഞ്ച് ദിനങ്ങൾ നീണ്ട നോമ്പിനും ഒരുക്കങ്ങൾക്കും ശേഷം വിശ്വാസികൾ തിരുപിറവി ആചരിക്കും. ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ഡബ്ലിൻ നഗരത്തിലെ എട്ട് സീറോ മലബാർ കുർബാന സെൻ്ററുകളിൽ പതിവ്പോലെ സീറോ മലബാർ ക്രമത്തിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടക്കും.

താലായിൽ 24 നു ഉച്ചകഴിഞ്ഞ് 2 മണിക്ക് ഫെർട്ടകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വിശുദ്ധ കുർബാന നടക്കും. ഇഞ്ചിക്കോർ മേരി ഇമാക്കുലേറ്റ് ദേവാലയത്തിൽ 24നു വൈകിട്ട് 4:30 നും ഫിബ്സ്സ്ബറോയിൽ ഫിൻഗ്ലാസ് സെൻ്റ്. കനീസസ് സ്ക്ലൂൾ ഹാളിൽ വൈകിട്ട് 7:30 നും, ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വൈകിട്ട് 10:30 നും ക്രിസ്തുമസ് കുർബാന നടക്കും. ബ്ലാക്ക്റോക്ക് സെൻ്റ് ജോസഫ് കുർബാന സെൻ്ററിൽ ഗാർഡിയൻ ഏയ്ഞ്ചൽ ദേവാലയത്തിൽ 24 നു വൈകിട്ട് 10:30 നു വിശുദ്ധ കുർബാന ആരംഭിക്കും. ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിലും, ബ്ലാഞ്ചർഡ്സ്ടൗൺ ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിലും 24നു വൈകിട്ട് 11 മണിക്ക് തിരുപിറവി ആഘോഷിക്കും. സോർഡ്സ് റിവർവാലി സെൻ്റ്. ഫിനിയൻസ് ദേവാലയത്തിൽ 24 വൈകിട്ട് 11:30 തിനാണ് പാതിരാകുർബാന.

തിരുപിറവിയുടെ സന്ദേശവുമായി വിവിധ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ കരോൾ സംഘങ്ങൾ ഭവനങ്ങൾ സന്ദർശിച്ചു. ഐറീഷ് കമ്യൂണിറ്റികളും, വിവിധ ഇൻഡ്യൻ കമ്യൂണിറ്റികളും സംഘടിപ്പിച്ച ക്രിസ്തുമസ് കരോൾ സർവ്വീസുകളിൽ സീറോ മലബാർ സഭാംഗങ്ങളുടെസഭാംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ പുൽകൂട് മത്സരങ്ങൾ നടന്നുവരുന്നു.
`ഹൃദയതാലം` എന്നപേരിൽ ചെറു വീഡിയോ സന്ദേശങ്ങൾ മുൻ വർഷത്തേപ്പോലെ കഴിഞ്ഞ 25 ദിവസങ്ങളിൽ ഒരുക്കിയിരുന്നു. ക്രിസ്തുമസിനു ആത്മീയമായി ഒരുങ്ങാൻ സഹായകമാകുന്ന വീഡിയോകൾ ഡബ്ലിൻ സീറോ മലബാർ സഭയുടെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.

ക്രിസ്തുമസ് കുർബാനയിലേയ്ക്ക് ഏവരേയും ക്ഷണിക്കുകയും അതോടൊപ്പം ക്രിസ്തുമസ് ആശംസകൾ നേരുകയും ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.