കോവിഡ് വ്യാപനത്തെ തുടർന്ന് ഗവൺമെൻറ് നിർദ്ദേശപ്രകാരം താൽക്കാലികമായി നിർത്തിവെച്ച വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുർബാന അർപ്പണം ഈയാഴ്ച ഭാഗീകമായി പുനരാരംഭിക്കുന്നു.
ഗവൺമെൻറിന്റേയും HSE യുടെയും, ഡബ്ലിൻ അതിരൂപതയുടെയും കർശന നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും വിശുദ്ധ കുർബാന അർപ്പണം.
ആദ്യഘട്ടമെന്ന നിലയിൽ റിയാൾട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ ഇന്ന് (ജൂൺ 29 തിങ്കൾ) മുതൽ വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.. ആദ്യം പേര് തരുന്ന 48 പേർക്കാണ് അവസരം.. ഈ വിശുദ്ധ കുർബാനയുടെ ലൈവ് ടെലികാസ്റ്റിംഗ് തുടർന്നും ഉണ്ടായിരിക്കുന്നതാണ്.
ഡബ്ലിനിലെ മറ്റ് കുർബാന സെന്ററുകളിൽ വിശുദ്ധ കുർബാന പുനരാരംഭിക്കാനുള്ള ക്രമീകരണങ്ങൾ അതത് ദേവാലയങ്ങളുടെ സാഹചര്യമനുസരിച്ച് ദേവാലയ അധികൃതരുമായി ചേർന്ന് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
താല കുർബാന സെൻററിൽ ക്രമീകരണങ്ങൾ പൂർത്തിയായി തിങ്കൾ, ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ അഞ്ചു ദിവസങ്ങളിൽ ഓരോ കുടുംബ യൂണിറ്റിനും പങ്കെടുക്കത്തക്ക വിധത്തിൽ വിശുദ്ധ കുർബാന ക്രമീകരിച്ചിരിക്കുന്നു. അതിനുള്ള അറിയിപ്പ് ഓരോ കുടുംബത്തിനും ഇതിനകം കൊടുത്തിട്ടുണ്ട്.
വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഉള്ള പൊതു നിർദ്ദേശങ്ങൾ
വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വൈദികൻ ഉൾപ്പെടെ 50 എന്ന് നിജപ്പെടുത്തിയിരിക്കുന്നു. മുൻകൂട്ടി അറിയിച്ചവർക്ക് മാത്രമേ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനുള്ള അനുവാദമുള്ളൂ.. കൂടുതൽ വിവരങ്ങൾ കുർബാന സെൻറർ സെക്രട്ടറിയിൽനിന്ന് അറിയുന്നത് ആയിരിക്കും.
വിശുദ്ധ കുർബാന ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും എത്തിച്ചേരണം.
ദേവാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപും ദേവാലയം വിട്ടു പോകുന്നതിനുമുൻപും ദേവാലയത്തിൽ ലഭിക്കുന്ന ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.
പ്രത്യേകം നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ ഇരിക്കുവാൻ അനുവദിക്കുകയുള്ളൂ. ഒരു കുടുംബത്തിൽ നിന്ന് ഉള്ളവർക്ക് മാത്രമേ ഒരുമിച്ചിരിക്കാൻ അനുവാദമുള്ളൂ.. സാമൂഹിക അകലം കർശനമായി നടപ്പാക്കുന്നതാണ്.
ദേവാലയത്തിൽ ഹന്നാൻ വെള്ളം ഉണ്ടായിരിക്കുന്നതല്ല. കാഴ്ച സമർപ്പണം ഉണ്ടായിരിക്കില്ല.. നേർച്ച അതിന് നിർദ്ദേശിച്ച സ്ഥലത്ത് നിക്ഷേപിക്കാവുന്നതാണ്.
ദേവാലയത്തിൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല.
വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളിയങ്കണത്തിലുള്ള കൂടിച്ചേരലുകൾ നിരുത്സാഹപ്പെടുത്തുന്നു.
വിശുദ്ധ കുർബാന കൈകളിൽ മാത്രമേ സ്വീകരിക്കുവാൻ അനുവദിക്കുകയുള്ളൂ. വിശുദ്ധ കുർബാന സ്വീകരണത്തെ സംബന്ധിച്ച് ഓരോ ദേവാലയത്തിലും വ്യത്യസ്ത ക്രമീകരണങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. വോളണ്ടിയേഴ്സിന്റെ നിർദ്ദേശങ്ങൾ ദയവായി അനുസരിക്കുക.
രോഗപ്രതിരോധത്തിന് ഏറ്റവും അനുയോജ്യം എന്നതിനാൽ ഫേസ് മാസ്ക് ധരിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നു.
വിശുദ്ധ കുർബാനയ്ക്കുശേഷം HSE നിർദ്ദേശങ്ങൾക്ക് അനുസൃതമായി ദേവാലയം ശുചീകരിക്കുന്നതാണ്.
ഈ പ്രത്യേക സാഹചര്യത്തിൽ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് പകരം ഏതെങ്കിലുമൊരു കുർബാനയിൽ പങ്കെടുക്കാവുന്നതാണ്. രോഗപ്രതിരോധശേഷി കുറഞ്ഞ, രോഗ വ്യാപന സാധ്യതയുള്ള ആളുകൾ തുടർന്നും ദേവാലയത്തിൽ വന്ന് വിശുദ്ധ കുർബാനയിൽ സംബന്ധിക്കേണ്ടത്തില്ല. വിശുദ്ധ കുർബാന കടത്തിൽനിന്ന് തുടർന്നും ഇളവ് ഉണ്ടായിരിക്കുന്നതാണ്.
വീണ്ടും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അനുവദിച്ച ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് സാമൂഹ്യ ഉത്തരവാദിത്വത്തോട് കൂടി കുർബാനയിൽ പങ്കെടുക്കുവാൻ വിശ്വാസികളെ ക്ഷണിക്കുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ അറിയിക്കുന്നു.
ബിജു എൽ. നടയ്ക്കൽ
P.R.O.