My brethren count it all joy when you fall into diverse temptations (James 1:2)

ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം

ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം

ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു. ഡബ്ലിൻ സോണിലെ പത്ത് കുർബാന സെൻ്ററുകളിലേയും കൈക്കാരന്മാരും ഭക്തസംഘടനാ ഭാരവാഹികളും വൈദീകരും ഉൾപ്പെട്ട സോണൽ കോർഡിനേഷൻ കമ്മറ്റിയാണു അടുത്ത രണ്ടുവർഷക്കാലം ഡബ്ലിൻ സീറോ മലബാർ സഭയെ നയിക്കുന്നത്.

സീജോ കാച്ചപ്പിള്ളിയെ (ലൂക്കൻ) – ട്രസ്റ്റി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു, ബെന്നി ജോൺ (ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍) ട്രസ്റ്റി ഫിനാൻസ് ഇൻ ചാർജ്ജായും, സുരേഷ് സെബാസ്റ്റ്യൻ (ലൂക്കൻ) ട്രസ്റ്റി ഹോം & ഈവൻ്റ് ആയും, ജോയ് പൗലോസ് (ബ്ലാക്ക് റോക്ക്) ജോയിൻ്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു, ബിജു നടയ്ക്കൽ (ബ്രേ) പി. ആർ. ഓ. ആയി തുടരും.

എക്സികൂട്ടീവ് അംഗങ്ങളായി ജോയിച്ചൻ മാത്യു (താല), ഡോ. ഷേർലി റെജി (താല) തോമസ് ആൻ്റണി (ബ്ലാഞ്ചാർഡ്സ് ടൗൺ) എന്നിവരെ തിരഞ്ഞെടുത്തു. ഗാർഡാവെറ്റിഗ്, ചൈൽഡ് സേഫ് ഗാർഡിങ്ങ് എന്നീ ചുമതലകൾ ജിമ്മി ആൻ്റണി (ലൂക്കൻ) നിർവ്വഹിക്കും, കാറ്റിക്കിസം ഹെഡ്മാസ്റ്റർ കോർഡിനേറ്ററായി ജോസ് ചാക്കോ (സോർഡ്സ്) തുടരും. ജിൻസി ജിജി (ലൂക്കൻ), സിൽജോ തോമസ് (ബ്ലാക്ക് റോക്ക്) എന്നിവർ യൂത്ത് കോർഡിനേറ്റർമാരുടെ ചുമതല വഹിക്കും. രഹസ്യ വോട്ടെടുപ്പുവഴിയാണു ഈ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റെ പാടത്തിപ്പറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ സൂം ഫ്ലാറ്റ്ഫോമിൽ കൂടിയ യോഗത്തിൽ ചാപ്ലിന്മാരായ ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയി വട്ടക്കാട്ട് എന്നിവരും സംബന്ധിച്ചു. സീജോ കാച്ചപ്പിള്ളിയുടേയും, റ്റിബി മാത്യുവിൻ്റേയും, ജോബി ജോണിൻ്റേയും നേത്യത്വത്തിൽ ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞ കഴിഞ്ഞ രണ്ടു വർഷക്കാലം ഡബ്ലിനിലെ സഭയ്ക്ക് ആത്മീയവും ഭൗതീകവുമായ മികച്ച വളർച്ച നേടാൻ കഴിഞ്ഞു എന്ന് യോഗം വിലയിരുത്തി. ഈ കാലഘട്ടത്തിൽ ഒട്ടേറെ പുതിയ സംരംഭങ്ങൾ ആരംഭിക്കുവാനും, അതോടൊപ്പം ആത്മീയമായ ഒരു ഉണർവ്വ് ഉണ്ടാക്കാനും സാധിച്ചു. ഈ ഉയർച്ചയ്ക്ക് നേത്യത്വം നൽകിയ ബഹു വൈദീകർക്കും എല്ലാ കമ്മറ്റി അംഗങ്ങൾക്കും യോഗം കൃതജ്ഞത രേഖപ്പെടുത്തി.

കോവിഡ് മാനദന്ധങ്ങൾ നിലനിന്നതിനാൽ ഡിസംബർ 5 നു ഡബ്ലിൻ സോണിലെ എല്ലാ കുർബാന സെൻ്ററുകളിലെ ഭാരവാഹികളേയും ഓൺലൈൻ വോട്ടെടുപ്പുവഴി തിരഞ്ഞെടുത്തു. എല്ലാ സഭാഗങ്ങൾക്കും പങ്കെടുക്കുവാൻ സാധിക്കുംവിധമാണു ഇലക്ഷൻ ക്രമീകരിച്ചിരുന്നത്. സഭാചരിത്രത്തിലാദ്യമായാണു ഓൺലൈനിലൂടെ ആത്മായ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഓരോ കുർബ്ബാന സെൻ്ററുകളിലേയും തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങൾ സൂം മീറ്റിങ്ങിലൂടെ സമ്മേളിച്ച് രഹസ്യവേട്ടെടുപ്പ് വഴി കൈക്കാരന്മാരേയ്യും സെക്രട്ടറിയേയും തിരഞ്ഞെടുത്തു. കോവിഡ് കാലഘട്ടത്തിലും പുതുമയാർന്ന ഒട്ടേറെ പ്രവർത്തനങ്ങളാണു ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.