ശക്ത്നായവന്‍ എനിക്ക് വലിയ കാരിയങ്ങള്‍ ചെയ്‌തിരിക്കുന്നു.(Luke : 1 : 49 )

ഡബ്ലിൻ സീറൊ മലബാർ സഭയുടെ ബൈബിൾ ക്വിസ് ശനിയാഴ്ച

ഡബ്ലിൻ സീറൊ മലബാർ സഭയുടെ ബൈബിൾ ക്വിസ് ശനിയാഴ്ച

വിശ്വാസികളിൽ ബൈബിൾ പഠനം പ്രോത്സാഹിപ്പിക്കുക, വിശുദ്ധരെ കൂടുതൽ പരിചയപ്പെടുക എന്നീ ലക്ഷ്യത്തോടെ ഡബ്ലിൻ സീറൊ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് എല്ലാവർഷവും സഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് ഈ വർഷം 2023 ജനുവരി 7 ശനിയാഴ്ച നടക്കും. ഡബ്ലിനിലെ പതിനൊന്ന് കുർബാന സെൻ്ററുകളിലും അന്നേദിനം ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ബൈബിൾ ക്വിസ് നടക്കുന്നത്. മൂന്നാംക്ലാസിലെ കുട്ടികൾ മുതൽ മാതാപിതാക്കൾ വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണു മത്സരങ്ങൾ നടത്തപ്പെടുക.

സബ് ജൂനിയർ (ക്ലാസ് 3&4) ജൂനിയർ (ക്ലാസ് 5&6) വിഭാഗങ്ങള്‍ക്ക് വി. മത്തായി എഴുതിയ സുവിശേഷം 1 മുതൽ 15 വരെ അധ്യായങ്ങളും വി. ചാവറ കുര്യാക്കൊസ് ഏലീയാസ് അച്ചനുമാണ് വിഷയം. സീനിയർ (ക്ലാസ് 7-9), സൂപ്പർ സീനിയേഴ്സ് (ക്ലാസ് 10-12), ജനറൽ (മാതാപിതാക്കളും മറ്റുള്ളവരും) വിഭാഗക്കാർക്ക് വി. മത്തായി എഴുതിയ സുവിശേഷം 1 മുതൽ 28 വരെ അധ്യായങ്ങളിൽ നിന്നും, വി. പൗലോസ് എഫേസൂസുകാർക്ക് എഴുതിയ ലേഖനങ്ങളിൽ (1-6) നിന്നും ഉള്ള ചോദ്യങ്ങളും, കൂടാതെ വി. ചാവറ കുര്യാക്കൊസ് ഏലീയാസ് അച്ചനെപറ്റിയുള്ള 5 മാർക്കിൻ്റെ ചോദ്യങ്ങളും ഉണ്ടാകും. ജനറൽ വിഭാഗത്തിനു ഇംഗ്ലീഷോ മലയാളമോ തിരഞ്ഞെടുക്കാവുന്നതാണ്. മറ്റ് വിഭാഗങ്ങൾക്ക് ഇംഗ്ലീഷാണു മാധ്യമം.
ഓരോ വിഭാഗത്തിലും ഡബ്ലിൻ മേഖലയിൽ നിന്ന് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് പതിവുപോലെ ട്രോഫി നൽകി ആദരിക്കുന്നതാണ്. യൂണിറ്റുതലങ്ങളിൽ നിന്നു വിജയികളാകുന്നവർക്ക് അതത് യൂണിറ്റുകൾ സമ്മാനങ്ങൾ നൽകുന്നതാണ്.

അഞ്ച് വിഭാഗങ്ങളിൽനിന്നും കുർബാന സെൻ്റർ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർ ഒരു ടീമായി പങ്കെടുക്കുന്ന ഗ്രാൻ്റ് ഫിനാലെ ‘BIBLIA ‘23’ ജനുവരി മാസം 21 നു ഉച്ചകഴിഞ്ഞ് 2 മണിക്ക് നടത്തപ്പെടും.

ബൈബിൾ ക്വിസിൻ്റ് രജിസ് ട്രേഷൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റിലെ പാരീഷ് മാനേജ്മെൻ്റ് സിസ്റ്റം (www.syromalabar.ie/PMS) വഴി ആരംഭിച്ചു. ജനുവരി 2 നു രജിട്രേഷൻ അവസാനിക്കും

ബൈബിളിനെ അടുത്തറിയാൻ ലഭിക്കുന്ന ഈ അവസരം നന്നായി വിനിയോഗിച്ച് ഈ മത്സരത്തിൽ പങ്കെടുക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു