Now faith is the substance of things hoped for, the evidence of things not seen. (Hebrews 11:1)

പ്രവാസികളായ കത്തോലിക്കാ യുവാക്കളെ ഏകോപിപ്പിക്കാന്‍ പദ്ധതി


കൊച്ചി: പ്രവാസികളായ കത്തോലിക്കാ യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിനു സീറോ മലബാര്‍ സഭ പുതിയ പദ്ധതിക്കു രൂപം നല്കി. സീ റോ മലബാര്‍ യൂത്ത് അപ്പോസ്തലേറ്റിന്റെ (എസ്എംവൈഎ) നേതൃത്വത്തിലാണു പദ്ധതി.

മാതൃ ഇടവകാതിര്‍ത്തി വിട്ടു മറ്റു സ്ഥലങ്ങളില്‍ ജോലിക്കും പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി താമസിക്കുന്ന യുവാക്കളുടെ വിവരശേഖരണമാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഇതിനായി പ്രത്യേകം തയാറാക്കിയ ഫോമുകള്‍ സീറോ മലബാര്‍ രൂപതകളിലെ എല്ലാ ഇടവകകളിലും കേരളത്തിനു പുറത്തുള്ള സഭയുടെ പള്ളികളിലും മിഷന്‍ സെന്ററുകളിലും വിതരണം ചെയ്യും. ജോലി, പഠന ആവശ്യങ്ങള്‍ക്കായി പുറത്തേക്കു പോകുന്ന യുവാക്കള്‍ മാതൃഇടവകയില്‍നിന്നു ലഭിക്കുന്ന നിശ്ചിത ഫോം പൂരിപ്പിച്ചു താമസസ്ഥലത്തെ പള്ളിയിലോ മിഷന്‍ സെന്ററുകളിലോ ഏല്പിച്ചു രജിസ്റര്‍ ചെയ്യണം.

വ്യക്തിയെയും ജോലിചെയ്യുന്നതോ പഠിക്കുന്നതോ ആയ സ്ഥാപനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാതൃഇടവകയിലേക്കു നല്കുന്നതിനുള്ള നിശ്ചിത ഫോറം താമസസ്ഥലത്തെ മിഷന്‍ സെന്റര്‍ വഴി വിതരണം ചെയ്യും. അവിടത്തെ ചുമതലയുള്ള വൈദികനാണു ഫോറം സാക്ഷ്യപ്പെടുത്തി വ്യക്തിയുടെ ഇടവകയിലേക്കു നല്‍കേണ്ടത്. ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാര്‍ മിഷന്‍ സെന്ററുകളും പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

ഓരോ ഇടവകയിലേക്കും നൂറു ഫോമുകള്‍ നല്കും. വരുന്ന അധ്യയനവര്‍ഷം പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാനും സീറോ മലബാര്‍ യൂത്ത് അപ്പോസ്തലേറ്റിന്റെ രക്ഷാധികാരിയുമായ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്തും കോ-ഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്യന്‍ കൈപ്പന്‍പ്ളാക്കലും (ഫോണ്‍: 9495835693) അറിയിച്ചു. ഇവര്‍ക്കൊപ്പം ഫാ.ജോസ് ആലഞ്ചേരി, ഫാ.ഫ്രാങ്ക്ളിന്‍ ജോസഫ്, സിസ്റര്‍ ഐസി, സിസ്റര്‍ ജിന്‍സ റോസ് എന്നിവരും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നു. യുവാക്കള്‍ക്ക് ആധ്യാത്മികവും ഭൌതികവുമായ ആവശ്യങ്ങളില്‍ പിന്തുണ നല്കാനും സഭാ കൂട്ടായ്മയില്‍ അവരെ ശക്തിപ്പെടുത്താനുമാണു പുതിയ പദ്ധതി.