Jesus saith unto him, I am the way, the truth, and the light: no man cometh unto the father, but by me. (John 14:6)

പ്രവാസികള്‍ വിശ്വാസത്തിന്റെ സാക്ഷ്യം നല്‍കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി


സീറോമലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് അയര്‍ലണ്ടിലെത്തിയത്. സത്യവും നീതിയും മുറുകെപ്പിടിച്ചും പാവങ്ങളുടെ പക്ഷംചേര്‍ന്നും എന്നും കര്‍മനിരതനാകുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരി. ഡബ്ളിന്‍ ബര്‍ലിംഗ്ടണ്‍ ഹോട്ടലില്‍ അഭിവന്ദ്യ പിതാവുമായി രാജു കുന്നക്കാട്ട് നടത്തിയ അഭിമുഖം.

 പ്രവാസികള്‍ക്ക് ആരാധനാസൌകര്യം പരിമിതമാണല്ലോ. ഇത് പരിഹരിക്കാന്‍ സഭ എന്തെല്ലാമാണ് ചെയ്യുന്നത് ?

റോമിലെ പരിശുദ്ധ സിംഹാസനത്തോടും വിവിധ രാജ്യങ്ങളിലുള്ള സഭാധികാരികളോടും നേരിട്ട് ആവശ്യമുന്നയിച്ച് സ്ഥിരമായ ഒരു സംവിധാനം ഏര്‍പ്പെടുത്താനാണ് സഭ ആഗ്രഹിക്കുന്നത്. സീറോമലബാര്‍ സഭയുടെ സാന്നിധ്യംകൊണ്ട് അയര്‍ലണ്ടിലെ മാത്രമല്ല, മറ്റു രാജ്യങ്ങളിലും സഭ ശക്തമാകും എന്ന കാര്യത്തില്‍ സംശയമില്ല. ചില രാജ്യങ്ങളില്‍ സഭ നേരിടുന്ന പ്രശ്നങ്ങളും ഇപ്പോഴത്തെ അവസ്ഥയുംമൂലം നമ്മുടെ ആവശ്യങ്ങള്‍ ഉടനടി നടപ്പാക്കാന്‍ പ്രയാസമുണ്ട്. എങ്കിലും ഘട്ടംഘട്ടമായി പ്രവാസികളായ സീറോമലബാര്‍ കത്തോലിക്കര്‍ക്ക് ആരാധനാസൌകര്യമൊരുക്കാന്‍ സഭ ശ്രദ്ധിക്കുന്നതാണ്. വിശുദ്ധ കുര്‍ബാനയുടെ ഭക്തിയോടെയുള്ള ആചരണം, തിരുനാളാഘോഷങ്ങള്‍, കുടുംബക്കൂട്ടായ്മാ പ്രവര്‍ത്തനം, നോമ്പാചരണം തുടങ്ങിയ കാര്യങ്ങള്‍ അതത് രാജ്യങ്ങളിലെ സഭാ വിശ്വാസികളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

പ്രവാസികള്‍ക്ക് മാതൃസഭയോടുള്ള കടപ്പാട് എന്തൊക്കെയാണ്. സഭാപിതാക്കന്മാര്‍ ആഗ്രഹിക്കുന്നതെന്താണ് ?

പ്രവാസികളെ ഇന്ത്യയിലുള്ള മാതൃസഭ സ്വന്തമായി കരുതുന്നു. പ്രവാസികളുടെ വളര്‍ച്ച സഭയുടെ വളര്‍ച്ചയാണ്. സഭയുടെ വിശ്വാസപാരമ്പര്യവും സഭാപ്രബോധനങ്ങളും അഭംഗുരം കാത്ത് സംരക്ഷിക്കേണ്ടത് പ്രവാസികളുടെ കടമയാണ്. അത് പ്രവാസികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട് എന്നതില്‍ സന്തോഷമുണ്ട്. സഭയുടെ എല്ലാ പരിശ്രമങ്ങളിലും സഹകരിക്കണം. സുവിശേഷപരമായ പ്രവര്‍ത്തനങ്ങളിലുള്ള ഭാഗഭാഗിത്വം, പ്രേഷിതപ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ ഏറെ മുന്നേറാന്‍ സാധിക്കും. മിഷന്‍ ഫണ്ട് സ്വരൂപിക്കുന്ന കാര്യത്തിലും ശ്രദ്ധചെലുത്തണം. സഭയുടെ വിശ്വാസതീഷ്ണതയിലും ധാര്‍മിക നിലപാടിലും ഉറച്ചുനിന്ന് പ്രവര്‍ത്തിക്കണം.

പ്രവാസികളുടെ പുതിയ തലമുറ ധാര്‍മികതയില്‍ വളരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?, സഭയ്ക്ക് ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ സാധിക്കും ?

മാതാപിതാക്കള്‍ സഭയുടെ വിശ്വാസവീക്ഷണങ്ങളെയും ധാര്‍മികമായ നിലപാടുകളെയും കഴിവതും പഠിക്കാന്‍ ശ്രമിക്കുക. സംശയങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണം. സഭാപൂര്‍ണമായ സമ്പൂര്‍ണ ദര്‍ശനം ഉണ്െടങ്കില്‍ മക്കള്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശം കൊടുക്കാന്‍ സാധിക്കും. കുഞ്ഞുങ്ങളെ ബാല്യം മുതല്‍ ജീവിതകാലംവരെ അനുഗമിക്കുന്ന ജീവിതശൈലി സായത്തമാക്കണം. പ്രായമായ മക്കളെപ്പോലും കൈവിടുന്ന രീതി ഉണ്ടാകരുത്. പ്രായത്തിനനുസരിച്ചുള്ള ഗൈഡന്‍സ് കൊടുക്കുക. എല്ലായ്പോഴും അവര്‍ക്ക് ഉറച്ച പിന്തുണയും സഹകരണവും നല്‍കണം. മക്കളോട് ചേര്‍ന്നു നിന്നുകൊണ്ട് വളര്‍ത്തുന്ന രീതിയുണ്ടാകണം. കുട്ടികളെ ഒരിക്കലും അലോസരപ്പെടുത്തരുത്. അവര്‍ക്ക് അപ്രീതികരമായ ഒന്നും ചെയ്യാതെ നോക്കണം. ഈ ആധുനിക ലോകത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് ബോധവത്കരിക്കണം. ലൈംഗിക അരാജകത്വത്തിനുള്ള സാഹചര്യങ്ങള്‍, ഇന്റര്‍നെറ്റ് വഴിയുള്ള അപകടങ്ങള്‍ എന്നിവ മനസിലാക്കികൊടുക്കണം. മാധ്യമങ്ങള്‍ അനുഗ്രഹമാണെന്നതില്‍ രണ്ടു പക്ഷമില്ല. ലോകത്തിന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കു വലുതാണ്. ഇന്റര്‍നെറ്റിലൂടെ കുട്ടികളില്‍ ക്രിയാത്മക വളര്‍ച്ച ഉണ്ടാകുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണം. വ്യതിചലനങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ മാധ്യമങ്ങളെ വിനിയോഗിക്കണം. സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള പുതിയ സൃഷ്ടികള്‍ കണ്െടത്തണം. ഓരോ തൊഴിലിനും അനുസരിച്ച് പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ ഇന്റര്‍നെറ്റ് സഹായിക്കുന്നു.കുട്ടികളുടെ ധനവിനിയോഗത്തില്‍ ശ്രദ്ധിക്കണം. മതബോധനം ഉള്‍പ്പെടെയുള്ള വിശ്വാസപരിശീലനത്തില്‍ ശ്രദ്ധാലുവവാകണം.

മറ്റു സഭകളുമായി കത്തോലിക്കാസഭയ്ക്ക് നല്ല ബന്ധമുണ്ടല്ലോ. എക്യുമെനിസത്തിന്റെ പ്രസക്തി എന്താണ് ?

എക്യുമെനിസം തീര്‍ച്ചയായും സഭയുടെ ആവശ്യമാണ്. അതിന്റെ ആധികാരികത നാം മനസിലാക്കണം. വിശ്വാസവിഷയങ്ങളിലുള്ള ഉത്തരവാദിത്തങ്ങള്‍ പരിഹരിക്കേണ്ടത് സഭാപിതാക്കന്മാരാണ്. സീറോമലബാര്‍ സഭയുടെ കുര്‍ബാനയ്ക്കുള്ള അവസരമില്ലെങ്കില്‍ രണ്ടാം പരിഗണന നല്‍കേണ്ടത് ലത്തീന്‍ കുര്‍ബാനയ്ക്കാണ്. എക്യുമെനിസം ആരംഭിക്കേണ്ടത് സാമൂഹ്യജീവിതത്തില്‍ പരസ്പരം സഹകരിച്ചുകൊണ്ടാണ്. എന്നാല്‍ അവരവരുടേതായ രീതിയില്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്ന ചില സമൂഹങ്ങളുമായി സഹകരിച്ചുപോകാന്‍ കത്തോലിക്കാസഭയ്ക്ക് ബുദ്ധിമുട്ടുണ്ട്.

പാശ്ചാത്യ സംസ്കാരത്തിന്റെ ദൂഷ്യവശങ്ങളില്‍നിന്നു മോചനം നേടാന്‍ എന്തൊക്കെ ചെയ്യണം. നല്ലവശങ്ങള്‍ എന്തൊക്കെയാണ് ?

പാശ്ചാത്യ സംസ്കാരത്തിന്റെ ഏറ്റവും നല്ലവശം എന്നു പറയുന്നത് അവരുടെ അധ്വാനശീലമാണ്. ഈ അധ്വാനശീലം നമ്മളും സമ്പാദിക്കണം. അധ്വാനഫലങ്ങള്‍ അയല്‍ക്കാരനുവേണ്ടി പങ്കുവയ്ക്കണം. നമ്മുടെ അധ്വാനംകൊണ്ട് എത്രപേര്‍ക്ക് സന്തോഷമുണ്ടാകുന്നുവോ അത്രയും നമ്മുടെ മനസ് സന്തോഷിക്കും. ഭൌതികതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളും ദൈവത്തെ മുന്‍നിര്‍ത്തി ജീവിക്കാതിരിക്കുന്നതും പാശ്ചാത്യ സംസ്കാരത്തിന്റെ കോട്ടമാണ്. അതോടൊപ്പം ആഡംബരജീവിതത്തോടുള്ള അഭിനിവേശവും സുഖലോലുപതയും പാശ്ചാത്യ സംസ്കാരത്തിന്റെ ദൂഷ്യവശങ്ങളാണ്. സത്യത്തിനും നീതിക്കും സ്നേഹത്തിനും പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ജീവിതശൈലിയാണ് നാം സ്വായത്തമാക്കേണ്ടത്.

സഭാമക്കളില്‍ ചിലരെങ്കിലും സഭാവിരുദ്ധ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ?

സഭയുടെ ഔദ്യോഗികമായി ഉത്തരവാദിത്തമുള്ളവരോട് ബന്ധപ്പെട്ടുവേണം സഭാകാര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍. എന്നാല്‍ ചിലരിലെങ്കിലും ഇതിനു വിരുദ്ധമായ പ്രവണത കണ്ടുവരുന്നുണ്ട്. പരസ്പര ധാരണയോടുകൂടി തിരുത്തപ്പെടേണ്ടതാണിവ.

അമേരിക്കയില്‍ സീറോമലബാര്‍ സഭാ രൂപത സ്ഥാപിച്ചതുപോലെ യൂറോപ്പ് കേന്ദ്രീകരിച്ച് പുതിയ രൂപതയ്ക്കു സാധ്യത?

സഭാപരമായി ആദ്യം വളരെയേറെ വളര്‍ച്ച ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനുശേഷം ഒരു രൂപതയോ നിരന്തരമായി സന്ദര്‍ശനം നടത്തുന്ന ഒരു മെത്രാന്റെയോ സേവനം ലഭ്യമാക്കാന്‍ സാധിക്കും.

സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്കുള്ള പങ്ക്?

വാസ്തവത്തില്‍ കത്തോലിക്കാസഭയില്‍ സ്ത്രീകളുടെ പ്രവര്‍ത്തനം വളരെയേറെയാണ്. സിസ്റേഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം സഭയ്ക്ക് സഹായമാകുന്നു. പാരിഷ്കൌണ്‍സിലും സ്ത്രീകളുടെ മറ്റു സംഘടനകളും വഴി സ്ത്രീകള്‍ക്ക് വളരെയേറെ പ്രാതിനിധ്യം എല്ലാ മേഖലയിലും ലഭിച്ചുവരുന്നു. ആതുരശുശ്രൂഷാ രംഗത്തെ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ പ്രശംസാര്‍ഹമാണ്. സ്ത്രീകള്‍ക്കെതിരേയുള്ള തിന്മകളെ നിര്‍മാര്‍ജനം ചെയ്യുക സഭയുടെ കടമയാണ്. അതുപോലെ സ്ത്രീകളെ സംരക്ഷിക്കേണ്ടതും പരമപ്രധാനമാണ്.

സഭയുടെ വെബ്സൈറ്റിനെക്കുറിച്ച്?

സഭയുടെ വെബ്സൈറ്റ് ആധുനീകരിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നു. അതിനായി ഒരു വെബ്സൈറ്റ് കമ്മിറ്റി രൂപീകരിച്ചതായി സഭാ ചാന്‍സലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍ അറിയിച്ചു. ംംം.ാരശാ.ീൃഴ എന്നതാണ് സഭയുടെ വെബ്സൈറ്റ്. സഭ പുതുതായി ഒരു മാട്രിമോണിയല്‍ സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സഭാവിശ്വാസികള്‍ക്ക് അവരുടെ മക്കളുടെ വിവാഹം നടത്താന്‍ ിതില്‍ രജിസ്റര്‍ ചെയ്യുന്നതിലൂടെ സാധിക്കും. കൂടാതെ ഡാറ്റാ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളും മിഷന്‍ഫണ്ടിന്റെ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാകും. ഫാ.ജോസ് പാലക്കീലാണ് വെബ്സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്നത്.

ലോകമെമ്പാടുമുള്ള പ്രവാസിമക്കളോട് പിതാവിന് പറയാനുള്ളത്?

നാം ഏതു രാജ്യത്തായിരിക്കുന്നുവോ അവിടെ വിശ്വാസത്തിന്റെ സാക്ഷ്യം നല്‍കണം. അന്യനാട്ടില്‍നിന്നു മറ്റൊരു കോളനി സ്ഥാപിച്ച് ജീവിക്കുന്നവരെപ്പോലെയാകരുത്. ആ രാജ്യങ്ങളിലെ ജനങ്ങളോടു ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കണം. അന്യരെന്ന് തോന്നാതെയുള്ള ജീവിതരീതിയാകണം. സ്വന്തം രാജ്യത്തെക്കുറിച്ചു മാത്രം ചിന്തിക്കാതെ അതത് രാജ്യത്തിന്റെ അഭിവൃദ്ധിക്കായും പ്രവര്‍ത്തിക്കണം. അതത് രാജ്യങ്ങളിലെ ഭാഷയും സംസ്കാരവും ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനം നടത്തണം. സാമ്പത്തിക ഉന്നതി ഉണ്ടാകുമ്പോള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കണം.