കര്‍ത്താവിന്‍റെ കരം അവനോടുകൂടെഉണ്ടായിരുന്നു.(Luke : 1 : 66 )

നോമ്പുകാലസന്ദേശം – 2013 ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ


“സ്നേഹത്തില്‍ വിശ്വസിക്കുകയെന്നത് സ്നേഹിക്കാന്‍ ആവശ്യപ്പെടന്നു”

“ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും
നാം അതില്‍ വിശ്വസിക്കുകയും ചെയ്യുന്നു” (1 യോഹ 4:16)

പ്രിയസഹോദരീസഹോദരന്മാരേ,

വിശ്വാസവര്‍ഷത്തിന്റെ സാഹചര്യത്തിലെ വലിയ നോമ്പാചരണം വിലപ്പെട്ട ഒരവസരം നമുക്കു നല്കുന്നു. വിശ്വാസവും സ്നേഹവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ധ്യാനിക്കാനുള്ള അവസരം തന്നെ.  ദൈവത്തില്‍ – യേശുക്രിസ്തുവിന്റെ ദൈവത്തില്‍ – വിശ്വസിക്കുകയെന്നതും സ്നേഹിക്കുകയെന്നതും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണു ധ്യാനിക്കുന്നത്. സ്നേഹമാകട്ടെ, പരിശുദ്ധാത്മാവിന്റെ ഫലമാണ്. അത് നമ്മെ ദൈവത്തോടുള്ള ഭക്തിയുടെയും മറ്റുള്ളവരോടുള്ള സമര്‍പ്പണത്തിന്റെയും വഴിയില്‍ നയിക്കുന്നു.

1. വിശ്വാസം ദൈവത്തിന്റെ സ്നേഹത്തോടുള്ള പ്രത്യുത്തരമെന്ന നിലയില്‍

എന്റെ ഒന്നാമത്തെ ചാക്രികലേഖനത്തില്‍ വിശ്വാസം, സ്നേഹം എന്നീ ദൈവീകപുണ്യങ്ങള്‍ തമ്മിലുള്ള ഉറ്റ ബന്ധത്തെക്കുറിച്ചുള്ള ചില ചിന്തകള്‍ ഞാന്‍ പങ്കുവച്ചിരുന്നു.  “ദൈവത്തിനു നമ്മോടുള്ള സ്നേഹം, നാം അറിയുകയും നാം അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു” (1 യോഹ 4:16) എന്നിങ്ങനെയുള്ള വിശുദ്ധ യോഹന്നാന്റെ മൌലിക പ്രസ്താവനയോടെയാണ് ഞാന്‍ തുടങ്ങിയത്. “ക്രൈസ്ത വനായിരിക്കുകയെന്നത് ഒരു ധാര്‍മ്മിക തിരഞ്ഞെടുപ്പിന്റെയോ ഉന്നതമായ ഒരാശയത്തിന്റെയോ ഫലമല്ല. പിന്നെയോ ഒരു സംഭവവുമായുള്ള, ഒരു വ്യക്തിയുമായുള്ള, കണ്ടുമുട്ടലിന്റെ ഫലമാണ്. ആ കണ്ടുമുട്ടല്‍ ജീവിതത്തിനു പുതിയൊരു ചക്രവാളവും നിര്‍ണായകമായ മാര്‍ഗ്ഗനിര്‍ദ്ദേശവും  നല്കുന്നു.  ദൈവം ആദ്യം നമ്മെ സ്നേഹിച്ചു (രള 1 യോഹ 4:10).  അതുകൊണ്ട് സ്നേഹിക്കുകയെന്നത് ഇപ്പോള്‍ വെറുമൊരു കല്പനയല്ല.  പിന്നെയോ ദൈവം നമ്മോട് അടുത്തുവരുന്നതിന്റെ ഹേതുവായ സ്നേഹമെന്ന ദാനത്തോടുള്ള ഒരു പ്രത്യുത്തരമാണ്” (ദൈവം സ്നേഹമാകുന്നു,1) എന്നിങ്ങനെ പ്രസ്താവിക്കുകയും ചെയ്തു.

വിശ്വസമെന്നത്, യേശുക്രിസ്തുവില്‍ പൂര്‍ണമായി വെളിവാക്കപ്പെട്ടതും ദൈവത്തിനു നമ്മോടുള്ളതുമായ സൌജന്യപരവും തീവ്രവുമായ സ്നേഹത്തിന്റെ വെളിപാടിനോടുള്ള വ്യക്തിപരമായ ഒട്ടിച്ചേരലാണ്. അത് നമ്മുടെ എല്ലാ കഴിവുകളുംകൊണ്ടുള്ള ഒട്ടിച്ചേരലാണ്. സ്നേഹമാകുന്ന ദൈവം ഹൃദയത്തെ മാത്രമല്ല ബുദ്ധിശക്തിയെയും പ്രവര്‍ത്തിപ്പിക്കുന്നു. “ജീവിക്കുന്ന ദൈവത്തെ അംഗീകരിക്കുകയെന്നത് സ്നേഹത്തിലേക്കുള്ള ഒരു വഴിയാണ്. അവിടത്തെ ഇഷ്ടം നമ്മള്‍ അനുസരിക്കുമ്പോള്‍ ആ അനുസരണം നമ്മുടെ ബുദ്ധിശക്തി, ഇച്ഛാശക്തി, വികാരങ്ങള്‍ എന്നിവയെ സംയോജിപ്പിക്കുന്നു. സര്‍വാശ്ളേഷിയായ സ്നേഹത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഈ പ്രക്രിയ എപ്പോഴും മുന്നേറുന്നതാണ്. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല”(ദൈവം സ്നേഹമാകുന്നു, 17).

അതുകൊണ്ട് എല്ലാ ക്രൈസ്തവര്‍ക്കും പ്രത്യേകിച്ച്, പരസ്നേഹപ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക്, വിശ്വാസം ആവശ്യമുണ്ട്. എന്തെന്നാല്‍ “അവരുടെ സ്നേഹത്തെ ഉദ്ദീപിപ്പിക്കുകയും മറ്റുള്ളവരോടുള്ള അവരുടെ താത്പര്യം ഉണര്‍ത്തുകയും ചെയ്യുന്ന ഒന്നാണ് ക്രിസ്തുവില്‍ ദൈവത്തെ കണ്ടെത്തുകയെന്നത്. ഇതിന്റെ ഫലമായി അവര്‍ക്ക് അയല്‍പക്കക്കാരോടുള്ള സ്നേഹമെന്നത് പുറമേ നിന്ന് അടിച്ചേല്പിക്കുന്ന ഒരു കല്പന യായിരിക്കുകയില്ല.  പിന്നെയോ തങ്ങളുടെ വിശ്വാസത്തിന്റെ ഒരു അനന്തരഫലമായിരിക്കും. സ്നേഹത്തിലൂടെ സജീവമാകുന്ന ഒന്നാണല്ലോ വിശ്വാസം” (ദൈവം സ്നേഹമാകുന്നു, 31മ).

ക്രിസ്തുവിന്റെ സ്നേഹത്താല്‍ കീഴടക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. അതുകൊണ്ട് അവര്‍ ആ സ്നേഹ ത്തിന്റെ സ്വാധീനവലയത്തില്‍പ്പെട്ടവരാണ്: “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു” (2 കോറി 5:14). വസ്തുനിഷ്ഠമായ രീതികളില്‍ അയല്‍ക്കാരെ പൂര്‍ണഹൃദയത്തോടെ സ്നേഹിക്കുന്നവരാണവര്‍.                   (രള ദൈവം സ്നേഹമാകുന്നു, 33). കര്‍ത്താവു സ്നേഹിക്കുകയും ക്ഷമിക്കുകയും ശ്ളീഹന്മാരുടെ കാലുകഴുകാന്‍ കുനിഞ്ഞുനിന്നുകൊണ്ട് സേവിക്കുകയും മനുഷ്യവംശത്തെ ദൈവസ്നേഹത്തിലേക്ക് അടുപ്പിക്കാന്‍ കുരിശില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്തുവെന്ന ബോധത്തില്‍ നിന്നാണ് പ്രധാനമായും ഈ മനോഭാവമുണ്ടാകുന്നത്.

“ദൈവം തന്റെ പുത്രനെ നമുക്കു നല്കിയെന്ന് വിശ്വാസം നമ്മോടു പറയുന്നു. അതു യഥാര്‍ത്ഥത്തില്‍ സത്യമാണെന്നതിനു വിജയകരമായ ഉറപ്പുനല്കുകയും ചെയ്യുന്നു: ദൈവം സ്നേഹമാണ്. കുരിശില്‍ യേശുവിന്റെ മുറിവേറ്റ ഹൃദയത്തില്‍ വെളിവാക്കപ്പെട്ട ദൈവത്തിന്റെ സ്നേഹത്തെ വിശ്വാസം കാണുന്നു. ആ വിശ്വാസം സ്നേഹത്തിന്  ജന്മം നല്കുന്നു. സ്നേഹമാണു പ്രകാശം. അവസാനം അതുമാത്രമാണു മങ്ങിയ ലോകത്തെ എപ്പോഴും പ്രകാശിപ്പിക്കുന്ന പ്രകാശം ജീവിക്കാനും അധ്വാനിക്കാനും വേണ്ട ധൈര്യം തരുന്ന പ്രകാശം അതാണ്” (ദൈവം സ്നേഹമാകുന്നു, 39).

“വിശ്വാസത്തില്‍ വേരുറച്ചതും വിശ്വാസത്താല്‍ രൂപീകരിക്കപ്പെട്ടതുമായ സ്നേഹം” (ദൈവം സ്നേഹമാകുന്നു, 7) ആണ് ക്രിസ്ത്യാനികളെ തിരിച്ചറിയാനുള്ള പ്രധാനപ്പെട്ട അടയാളമെന്നും മനസ്സിലാക്കാന്‍ ഇതെല്ലാം നമ്മെ സഹായിക്കുന്നു.

2. പരസ്നേഹം വിശ്വാസത്തിലുള്ള ജീവിതമെന്ന നിലയില്‍

ക്രൈസ്തവജീവിതം മുഴുവനും ദൈവസ്നേഹത്തോടുള്ള പ്രത്യുത്തരമാണ്. നമുക്കു മുമ്പേ പോകുന്നതും നമ്മെ വിളിക്കുന്നതുമായ അപൂര്‍വ്വ ദൈവികപ്രാരംഭത്തെ വിസ്മയത്തോടും നന്ദിയോടും കൂടി നാം അംഗീകരിക്കണം. അംഗീകരിക്കലെന്ന നിലയിലുള്ള വിശ്വാസമാണ് ആദ്യത്തെ പ്രത്യുത്തരം.  വിശ്വാസത്തിനു നല്കുന്ന സമ്മതം കര്‍ത്താവുമായുള്ള സൌഹൃദബന്ധത്തിന്റെ പ്രകാശമാനമായ കഥയുടെ തുടക്കം കുറിക്കുന്നു. അത് നമ്മുടെ മുഴുവന്‍ ജീവിതത്തെയും നിറയ്ക്കുകയും അതിന് പൂര്‍ണമായ അര്‍ത്ഥം നല്കുകയും ചെയ്യുന്നു.

എന്നാല്‍ ദൈവത്തിന്റെ സൌജന്യദാനമായ സ്നേഹത്തെ നാം സ്വീകരിക്കുന്നതുകൊണ്ടു മാത്രം അവിടന്ന് തൃപ്തനാകുന്നില്ല. അവിടന്ന് നമ്മെ സ്നേഹിക്കുക  മാത്രമല്ല ചെയ്യുന്നത്.  നമ്മെ തന്നിലേക്ക് അടുപ്പിക്കാനും നമ്മെ രൂപാന്തരപ്പെടുത്താനും അവിടന്ന് ആഗ്രഹിക്കുക കൂടി ചെയ്യുന്നു. “ഇനിമേല്‍ ജീവിക്കുന്നതു ഞാനല്ല, പിന്നെയോ ക്രിസ്തു എന്നില്‍ ജീവിക്കുന്നു” (രള ഗലാ 2:20) എന്നു വിശുദ്ധ പൌലോസിനോടൊപ്പം പറയാന്‍ പാകത്തിനു രൂപാന്തരപ്പെടുത്താനാണ് അവിടന്ന് ആഗ്രഹിക്കുന്നത്.

ദൈവത്തോടുള്ള സ്നേഹത്തിനു നമ്മില്‍ സ്ഥാനം നല്കുമ്പോള്‍ നാം അവിടത്തെപ്പോലെയാകും. അവിടത്തെ സ്നേഹത്തില്‍ പങ്കുചേരും. നാം അവിടത്തെ സ്നേഹത്തോടു തുറവുള്ളവരാകുമ്പോള്‍ നമ്മില്‍ ജീവിക്കാന്‍ നാം അവിടത്തെ അനുവദിക്കുന്നു. അവിടത്തോടൊപ്പം അവിടന്നില്‍ അവിടത്തെപ്പോലെ സ്നേഹിക്കാനും പ്രാപ്തരാകുന്നു. അപ്പോള്‍ മാത്രമേ നമ്മുടെ വിശ്വാസം യഥാര്‍ത്ഥത്തില്‍ “സ്നേഹത്തിലൂടെ സജീവ” മാകുകയുള്ളൂ (ഗലാ 5:6). അപ്പോള്‍ മാത്രമേ അവിടന്നു നമ്മില്‍ നിവസിക്കുകയുള്ളൂ (രള 1 യോഹ 4:12).

വിശ്വാസമെന്നത് സത്യത്തെ അറിയുകയും അതിനോട് ഒട്ടിച്ചേരുകയും ചെയ്യലാണ് (രള 1 തിമോ 2:4). പരസ്നേഹമെന്നത് സത്യത്തില്‍ “നടക്കല്‍” ആണ് (രള എഫേ 4:15). വിശ്വാസത്തിലൂടെ നമ്മള്‍ കര്‍ത്താവു                    മായുള്ള സൌഹൃദത്തിലേക്കു പ്രവേശിക്കുന്നു. പരസ്നേഹത്തിലൂടെ നാം ആ സൌഹൃദത്തില്‍ ജീവിക്കുകയും അതിനെ വളര്‍ത്തുകയും ചെയ്യുന്നു (രള യോഹ 15:14 ളള). നമ്മുടെ കര്‍ത്താവും ഗുരുവുമായ യേശുവിന്റെ കല്പനയെ ആശ്ളേഷിക്കാന്‍ വിശ്വാസം നമുക്കു കാരണമായിത്തീരുന്നു. സ്നേഹം അതു പ്രയോഗത്തിലാക്കുന്നതിലുള്ള സന്തോഷം നല്കുന്നു (രള യോഹ 13:13-17). വിശ്വാസത്തില്‍ നാം ദൈവമക്കളായി ജനിപ്പിക്കപ്പെടുന്നു (രള യോഹ 1:12 ളള). പരിശുദ്ധാത്മാവിന്റെ ഫലം വഹിച്ചുകൊണ്ടു നമുക്കു ദൈവികപുത്രത്വത്തില്‍ വസ്തുനിഷ്ഠമായി തുടരുവാന്‍ കാരണമായിത്തീരുന്നു. നല്ലവനും ഉദാരതാപൂര്‍ണനുമായ ദൈവം നമ്മെ ഏല്പിച്ച ദാനങ്ങള്‍ മനസ്സിലാക്കാന്‍ വിശ്വാസം നമ്മെ ശക്തരാക്കുന്നു (രള മത്താ 25:14-30).

3. വിശ്വാസവും പരസ്നേഹവും തമ്മിലുള്ള അലംഘ്യമായ ബന്ധം

മുകളില്‍പ്പറഞ്ഞതിന്റെ വെളിച്ചത്തില്‍, വിശ്വാസവും പരസ്നേഹവും തമ്മില്‍ വേര്‍തിരിക്കാനോ അവയെ പരസ്പരവിരുദ്ധങ്ങളായി കാണാനോ നമുക്ക് ഒരിക്കലും കഴിയുകയില്ലെന്നത് വ്യക്തമാണ്. ഇപ്പറഞ്ഞ രണ്ടു ദൈവികപുണ്യങ്ങളും അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു. അവയെ വ്യത്യസ്തങ്ങളായോ വിരുദ്ധങ്ങളായോ കരുതുന്നത് വഴിതെറ്റിക്കുന്ന ചിന്തയാണ്. ഒരുവശത്ത് വിശ്വാസത്തിന്റെ മുന്‍ഗണനയിലും നിര്‍ണായകത്വത്തിലും ശക്തമായ ഊന്നല്‍ നല്കുന്നതും പരസ്നേഹപ്രവര്‍ത്തനങ്ങളെ അവ്യക്തമായ മാനുഷികതാവാദമായി ചുരുക്കുന്നതും ഏറെ പക്ഷപാതപരമായിരിക്കും. മറുവശത്ത്, വിശ്വാസത്തിന്റെ സ്ഥാനം പ്രവര്‍ത്തനത്തിനു നല്കുന്നത്, പരസ്നേഹത്തിന്റെ മുന്‍ഗണനയ്ക്കും അത് ഉത്പാദിപ്പിക്കുന്ന പ്രവര്‍ത്തനത്തിനും നല്കുന്നത്, സഹായകരമായിത്തീരുകയില്ല. വിശ്വാസമാത്രവാദത്തെയും ധര്‍മ്മികപ്രവര്‍ത്തനമാത്രവാദത്തെയും ഉപേക്ഷിക്കുക ഗുണകരമായ ആധ്യാത്മികജീവിതത്തിന് അത്യാവശ്യമാണ്.
ക്രൈസ്തവജീവിതം ദൈവത്തെ കാണാന്‍ നിരന്തരം മലയിലേക്കു കയറലും സഹോദരീസഹോദരന്മാരുടെ അടുക്കലേക്ക് ഇറങ്ങലുമാണ്. ദൈവത്തില്‍ നിന്നു സ്വീകരിച്ച സ്നേഹവും ശക്തിയും വഹിച്ചുകൊണ്ട് മലയിറങ്ങുന്നത് അവരെ ദൈവത്തിന്റെ തന്നെ സ്നേഹംകൊണ്ട് സേവിക്കുവാനാണ്. സുവിശേഷം പ്രഘോഷിക്കാനും ജനങ്ങളുടെ വിശ്വാസം ഉണര്‍ത്താനും അപ്പസ്തോലന്മാര്‍ക്കുണ്ടായിരുന്ന തീക്ഷ്ണത ദരിദ്രര്‍ക്കു സേവനം ചെയ്യാന്‍ പരസ്നേഹവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നുവെന്ന് വിശുദ്ധ ലിഖിതത്തില്‍ കാണാം (രള അപ്പ 6:1-4).

സഭയില്‍ ധ്യാനവും പ്രവര്‍ത്തനവും സുവിശേഷത്തിലെ മറിയത്തിന്റെയും മര്‍ത്തയുടെയും പ്രതീകങ്ങളാണ്. അവ രണ്ടും ഒന്നിച്ചു നിലകൊള്ളുന്നു. അവ പരസ്പരപൂരകങ്ങളാണ് (രള ലൂക്ക 10:38-42). ദൈവവുമായുള്ള ബന്ധത്തിനാണ് എപ്പോഴും മുന്‍ഗണന നല്കേണ്ടത്. വസ്തുവകകളുടെ യഥാര്‍ത്ഥമായ ഏതു പങ്കുവയ്ക്കലും സുവിശേഷചൈതന്യത്തില്‍, വിശ്വാസത്തില്‍ വേരുറച്ചിരിക്കുകയും വേണം (രള ഏലിലൃമഹ അൌറശലിരല, 25 അുൃശഹ 2012).

ചിലപ്പോള്‍ പരസ്നേഹത്തെ ദൃഢൈക്യമാക്കി ചുരുക്കാനും ദൃഢൈക്യത്തെ കേവലം മാനുഷികതാ                                           പരമായ സഹായമാക്കി ചുരുക്കാനും നമുക്കു പ്രവണതയുണ്ടാകാം. എന്നാല്‍ ഏറ്റവും വലിയ പരസ്നേഹപ്രവര്‍ത്തനം സുവിശേഷവത്കരണമാണെന്ന വസ്തുത ഓര്‍മ്മിക്കുക സുപ്രധാന കാര്യമാണ്. അത് ‘വചനശുശ്രൂഷയാണ്: ദൈവവചനത്തിന്റെ അപ്പം മുറിച്ചുനല്കുക സുവിശേഷം പങ്കുവയ്ക്കുക, ദൈവവുമായുള്ള ബന്ധത്തിലേക്കു പ്രവേശിപ്പിക്കുക. ഇതിനെക്കാള്‍ ഉപകാരപ്രദമോ തന്മൂലം പരസ്നേഹപരമോ ആയ പ്രവൃത്തിയില്ല: സുവിശേഷവത്കരണം മനുഷ്യവ്യക്തിയുടെ ഏറ്റവും ഉന്നതവും ഏറ്റവും സമഗ്രവുമായ വളര്‍ത്തലാണ്. ദൈവദാസനായ പോള്‍ ആറാമന്‍ മാര്‍പാപ്പാ “ജനതകളുടെ പുരോഗതി” എന്ന ചാക്രികലേഖനത്തില്‍ എഴുതിയിട്ടുള്ളതുപോലെ, വികസനത്തിനുള്ള പ്രഥമവും പ്രധാനവുമായ സഹായം ക്രിസ്തുവിനെക്കുറിച്ചുള്ള പ്രബോധനമാണ് (രള ി. 16). ദൈവത്തിനു നമ്മോടുള്ള സ്നേഹമെന്ന പ്രാഥമിക സത്യത്തില്‍ ജീവിക്കുകയും അതു പ്രഘോഷിക്കുകയും വേണം. അതാണ് നമ്മുടെ ജീവിതത്തെ ഈ സ്നേഹം സ്വീകരിക്കാന്‍ സജ്ജമാക്കുന്നതും പൊതുവേ മനുഷ്യവംശത്തിന്റെയും ഓരോ വ്യക്തിയുടെയും സമഗ്രവികസനം സാധ്യമാക്കുന്നതും (രള സത്യത്തില്‍ സ്നേഹം, 8).

സാരാംശപരമായി, എല്ലാം ദിവ്യസ്നേഹത്തില്‍ നിന്നു പുറപ്പെടുകയും ദിവ്യസ്നേഹത്തിലേക്കു നയിക്കുകയും ചെയ്യുന്നു. സുവിശേഷപ്രഘോഷണത്തിലൂടെ ദൈവത്തിന്റെ ഉദാരതാപൂര്‍ണമായ സ്നേഹം നമ്മെ അറിയിച്ചിരിക്കുന്നു. നാം അതിനെ വിശ്വാസത്തോടെ സ്വീകരിച്ചാല്‍ ദൈവവുമായുള്ള പ്രഥമവും അനുപേക്ഷണീയവുമായ സമ്പര്‍ക്കം നമുക്കുണ്ടാകുന്നു. “ദിവ്യസ്നേഹവുമായുള്ള സ്നേഹബന്ധം സ്ഥാപിക്കാന്‍” അതു നമ്മെ ശക്തരാക്കുന്നു. പിന്നീട് നാം ആ ദിവ്യസ്നേഹത്തില്‍ നിവസിക്കുന്നു. അതില്‍ വളരുന്നു. സന്തോഷപൂര്‍വം നാം അതു മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്കുന്നു.

വിശ്വാസവും പരസ്നേഹപ്രവര്‍ത്തനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ഒരു പാഠഭാഗം എഫേസോസുകാര്‍ക്കുള്ള ലേഖനത്തിലുണ്ട്. അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഏറ്റവും നല്ല വിവരണം നല്കുന്നത് അതാണ്: “വിശ്വാസം വഴി കൃപയിലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല. ആരും അതില്‍ അഹങ്കരിക്കാതാരിക്കുന്നതിനു തന്നെ. നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്” (എഫേ 2:8-10).

രക്ഷാകരമായ മുഴുവന്‍ പ്രാരംഭവും ദൈവത്തില്‍നിന്ന്, അവിടത്തെ കൃപയില്‍നിന്ന്, വിശ്വാസത്തില്‍ സ്വീകരിച്ച അവിടത്തെ ക്ഷമയില്‍നിന്ന്, വരുന്നുവെന്ന് ഇവിടെ വ്യക്തമായി കാണാം. എന്നാല്‍ ഈ പ്രാരംഭ               പ്രവര്‍ത്തനം നമ്മുടെ സ്വാതന്ത്യ്രത്തെയും ഉത്തരവാദിത്വത്തെയും പരിമിതപ്പെടുത്തുന്നില്ല. മറിച്ച്, അവയെ യഥാര്‍ത്ഥമാക്കുകയും പരസ്നേഹപ്രവര്‍ത്തനങ്ങളിലേക്ക് അവയെ നയിക്കുകയുമാണ് ചെയ്യുന്നത്. ഇവ ഒന്നാമതായി മാനുഷികപ്രയത്നത്തിന്റെ ഫലമല്ല. ഇവയില്‍ അഹങ്കരിക്കാനില്ല. ഇവ വിശ്വാസത്തില്‍ നിന്നു ജനിക്കുന്നു, ദൈവം സമൃദ്ധമായി നല്കുന്ന, കൃപയില്‍നിന്ന് ഒഴുകിവരുന്നു.

പ്രവൃത്തി കൂടാത്ത വിശ്വാസം ഫലമില്ലാത്ത വൃക്ഷം പോലെയാണ്. ഈ രണ്ടു സദ്ഗുണങ്ങളും പരസ്പരം ഉള്‍ക്കൊണ്ടിരിക്കുന്നു. ക്രൈസ്തവജീവിതത്തിന്റെ പരമ്പരാഗത അഭ്യസനങ്ങള്‍ വഴി ശ്രദ്ധാപൂര്‍വകവും സുദീര്‍ഘവുമായ ദൈവവചനശ്രവണവും കൂദാശകളുടെ സ്വീകരണവും വഴി നമ്മുടെ വിശ്വാസത്തെ വളര്‍ത്താനും അതേസമയം ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹത്തില്‍ വളരാനും വലിയ നോമ്പ് നമ്മെ ക്ഷണിക്കുന്നു. ഉപവാസം, പ്രായശ്ചിത്തം, ധര്‍മ്മദാനം എന്നിവയിലൂടെയാണ് അങ്ങനെയുള്ള വളര്‍ച്ച നേടേണ്ടത്.

4. വിശ്വാസത്തിനു മുന്‍ഗണന, പരസ്നേഹത്തിന്റെ പ്രഥമ്യം

ദൈവത്തിന്റെ ഏതു ദാനവുമെന്നപോലെ വിശ്വാസവും പരസ്നേഹവും ഒരേ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് ഉദ്ഭവിക്കുന്നു (രള 1 കോറി 13). നമ്മുടെ ഉള്ളില്‍ “ആബാ പിതാവേ” (ഗലാ 46) എന്നു വിളിക്കുകയും “യേശു കര്‍ത്താവാണ്” (1 കോറി 12:3), “കര്‍ത്താവേ വന്നാലും” (1 കോറി 16:22; വെളി 22:20) എന്നിങ്ങനെ നമ്മെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് തന്നെ.

ദാനവും പ്രത്യുത്തരവുമെന്ന നിലയില്‍ വിശ്വാസം ക്രിസ്തുവിനെക്കുറിച്ചുള്ള സത്യം അറിയാന്‍ നമ്മെ കഴിവുള്ളവരാക്കുന്നു: ക്രിസ്തു മനുഷ്യാവതാരം ചെയ്ത് ക്രൂശിക്കപ്പെട്ടവനാണെന്ന്, പിതാവിന്റെ ഇഷ്ടത്തെ പൂര്‍ണമായി അനുസരിച്ചവനാണെന്ന്, അയല്‍ക്കാരനോടുള്ള അനന്തമായ ദൈവികസ്നേഹമാണെന്ന്, അറിയാന്‍ കഴിവു നല്കുന്നു. തിന്മയെയും മരണത്തെയും കീഴടക്കാന്‍ ഈ ദിവ്യസ്നേഹത്തിനു മാത്രമേ കഴിയുകയുള്ളൂ എന്ന ദൃഢമായ അവബോധം ഹൃദയങ്ങളിലും മനസ്സുകളിലും വിശ്വാസം നട്ടുപിടിപ്പിക്കുന്നു. പ്രത്യാശയെന്നപുണ്യത്തോടെ ഭാവിയിലേക്കു നോക്കാന്‍ വിശ്വാസം നമ്മെ ക്ഷണിക്കുന്നു. ക്രിസ്തുവിന്റെ സ്നേഹം നേടുന്ന വിജയം പൂര്‍ണതയിലെത്തുമെന്ന ആത്മാര്‍ത്ഥമായ പ്രതീക്ഷയോടെയാണ് അങ്ങനെ ചെയ്യുന്നത്.

ക്രിസ്തുവില്‍ വെളിവാക്കപ്പെട്ട ദൈവസ്നേഹത്തിലേക്ക് പരസ്നേഹം നമ്മെ ഉണര്‍ത്തുന്നു. നിത്യപിതാവിനും തന്റെ സഹോദരീസഹോദരന്മാര്‍ക്കും യേശു നടത്തിയ പൂര്‍ണവും വ്യവസ്ഥാതീതവുമായ സമര്‍പ്പണത്തില്‍ വ്യക്തിപരമായും അസ്തിത്വപരമായും പങ്കുചേരുന്നവരാക്കുന്നു. പരിശുദ്ധാത്മാവ് ഈ സ്നേഹംകൊണ്ട് നമ്മുടെ ഹൃദയങ്ങളെ നിറച്ചുകൊണ്ട് യേശുവിനു ദൈവത്തോടുള്ള പുത്രസഹജമായ ഭക്തിയിലും ഓരോ മനുഷ്യനോടുമുള്ള സാഹോദര്യപരമായ ഭക്തിയിലും നമ്മെ പങ്കുകാരാക്കുന്നു (രള റോമ 5:5)

ഇപ്പറഞ്ഞ രണ്ടു സദ്ഗുണങ്ങളും തമ്മിലുള്ള ബന്ധം സഭകളുടെ രണ്ട് മൌലികകൂദാശകളില്‍ പ്രതിബിംബിക്കുന്നുണ്ട്. മാമ്മോദീസയും കുര്‍ബാനയുമാണ് ആ കൂദാശകള്‍. മാമ്മോദീസ (വിശ്വാസത്തിന്റെ കൂദാശ) കുര്‍ബാനയ്ക്ക് (സ്നേഹത്തിന്റെ കൂദാശക്ക്) മുമ്പേ പോകുന്നു. എന്നാല്‍ അതു കുര്‍ബാനയിലേക്കു നയിക്കുന്നതാണ്. കുര്‍ബാന ക്രൈസ്തവയാത്രയുടെ പൂര്‍ണതയാണല്ലോ. അതുപോലെ വിശ്വാസം പരസ്നേഹത്തിനു മുമ്പേ പോകുന്നു. പക്ഷേ, വിശ്വാസം പരസ്നേഹത്താല്‍ മുടിചൂടപ്പെടുന്നെങ്കില്‍ മാത്രമേ യഥാര്‍ത്ഥമാകൂ. വിനയപൂര്‍വം വിശ്വാസം സ്വീകരിക്കുന്നതില്‍നിന്ന് എല്ലാം തുടങ്ങുന്നു; ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നുണ്ടെന്ന വിശ്വാസത്തില്‍ നിന്നുതന്നെ. എന്നാല്‍ പരസ്നേഹത്തിന്റെ സത്യത്തിലേക്ക് എത്തിച്ചേരണം (ദൈവത്തെയും അയല്‍ക്കാരനെയും എങ്ങനെ സ്നേഹിക്കാമെന്ന് അറിയുന്നതിലേക്ക് എത്തിച്ചേരണം). പരസ്നേഹം എല്ലാ സദ്ഗുണങ്ങളുടെയും പൂര്‍ത്തീകരണമായി എന്നേക്കും നിലകൊള്ളുന്നു (രള 1 കോറി 13:13).

പ്രിയ സഹോദരീസഹോദരന്മാരേ, വലിയ നോമ്പുകാലത്ത് കുരിശിന്റെയും ഉത്ഥാനത്തിന്റെയും സംഭവം അനുസ്മരിക്കാന്‍ നാം ഒരുങ്ങുകയാണല്ലോ. ആ സംഭവത്തില്‍ ദൈവസ്നേഹം ലോകത്തെ വീണ്ടെടുക്കുകയും അതിന്റെ പ്രകാശത്തെ ചരിത്രത്തിന്മേല്‍ പ്രസരിപ്പിക്കുകയും ചെയ്തു. ഈ അവസരത്തില്‍ നിങ്ങള്‍  എല്ലാവരും വിലപ്പെട്ട ഈ സമയം യേശു ക്രിസ്തുവിലുള്ള വിശ്വാസം വീണ്ടും ഉജ്വലിപ്പിക്കാന്‍  ചെലവഴിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. യേശുക്രിസ്തുവിനോടൊപ്പം പിതാവിനോടുള്ള സ്നേഹത്തിന്റെ പ്രവര്‍ത്തനത്തിലേക്കും നമ്മുടെ ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന സഹോദരീസഹോദരന്മാര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിലേക്കും ഓരോ വ്യക്തിയും കടക്കുന്നതിനുവേണ്ടിയാണത്. ഈ നിയോഗത്തിനായി ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. ഓരോ വ്യക്തിക്കും ഓരോ സമൂഹത്തിനും കര്‍ത്താവിന്റെ ആശീര്‍വാദം ലഭിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

വത്തിക്കാനില്‍ നിന്ന്,
ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ