Jesus saith unto him, I am the way, the truth, and the light: no man cometh unto the father, but by me. (John 14:6)

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ പത്താം വര്‍ഷത്തിലേയ്ക്ക്

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ പത്താം വര്‍ഷത്തിലേയ്ക്ക്

ഡബ്ലിന്‍ : കാരുണ്യത്തിന്റെ ജൂബിലിവര്‍ഷം അയര്‍ലണ്ടിലെ സീറോമലബാര്‍ സഭക്ക് അനുഗ്രഹത്തിന്റെ പത്താംവര്‍ഷം ‘2006 – 2016”
അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ പത്താം വര്‍ഷത്തിലേയ്ക്ക് . പ്രവാസ ദേശത്ത് സീറോ മലബാര് സഭയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും കരുതലിനും നന്ദി അര്‍പ്പിച്ചുകൊണ്ട് മെയ് 21 ന് ശനിയാഴ്ച നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ ദശവല്‍സര ആഘോഷങ്ങള്‍ക്ക് തുടക്കമാവും.സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സഭാമക്കള്‍ നോക്ക് തീര്‍ഥാടനകേന്ദ്രത്തില്‍ ഒന്നുചേര്‍ന്ന് ദൈവത്തിന് നന്ദിയര്‍പ്പിക്കും.

മേയ് 21ന് നടക്കുന്ന ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്കും സമ്മേളനത്തിനും ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ഡേര്‍മറ്റ് മാര്‍ട്ടിന്‍ നേതൃത്വം നല്കും. അന്നേ ദിവസം രാവിലെ 10.45 ന് ആര്‍ച്ച് ബിഷപ്പ് ഭദ്രദീപം കൊളുത്തി ദശാബ്ദി ആഘോഷ പരിപാടികളുടെ തിരിതെളിയ്ക്കും .

തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാനയും വര്‍ണാഭമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും ,പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും.

2006 ല്‍ ഡബ്ലിന്‍ ആര്‍ച്ച്ബിഷപ് സീറോ മലബാര്‍ സഭാഗങ്ങളായ വൈദികരെ ചാപ്ല്യന്‍മാരായി ആയി നിയമിച്ചതോടു കൂടിയാണ് അയര്‍ലണ്ടില്‍ സഭയുടെ പാരമ്പര്യ രീതിയിലുള്ള ആത്മീയ ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് വിശ്വാസ കൂട്ടായ്മകളുടെ ആവശ്യ പ്രകാരം അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളിലും സഭാ പ്രവര്‍ത്തനം ആരംഭിച്ചു. 2006 വരെയുള്ള കാലഘട്ടത്തില്‍ അയര്‍ലണ്ടില്‍ പഠനത്തിന്റെ ഭാഗമായി വന്ന വൈദികരുടെ സേവനമാണ് ആരംഭകാല കുടിയേറ്റ വിശ്വാസികള്‍ക്ക് ലഭിച്ചിരുന്നത്.
സീറോ മലബാര്‍ സഭയുടെ പ്രവാസി കാര്യാലയവും ഡബ്ലിന്‍ അതിരൂപതയും സംയുക്തമായി ആരംഭിച്ച ആത്മീയ പരിപാലനശുശ്രൂഷകള്‍ അയര്‍ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായുള്ള 32 മാസ് സെന്ററുകളിലായി ഇതിനകം വ്യാപിച്ചുകഴിഞ്ഞു. ഇത് കൂടാതെ വിവിധ സ്ഥലങ്ങളില്‍ ഇപ്പോഴും കൂട്ടായ്മകള്‍ രൂപപ്പെട്ടുവരുന്നുമുണ്ട്.

അയര്‍ലണ്ടിലെ സീറോമലബാര്‍ വിശ്വാസസമൂഹം തങ്ങള്‍ക്കു പാരമ്പര്യമായി കിട്ടിയ വിശ്വാസം ചോര്‍ന്ന്പോകാതെ കാത്തുസൂക്ഷിക്കുന്നതിനും, കുടുംബമെന്ന അടിസ്ഥാനശിലക്ക് ഇളക്കം വരാതെ സംരക്ഷിക്കേണ്ടതിനും യുക്തമായ വിശ്വാസപരിശീലനപരിപാടികളും ആത്മീയ ശുശ്രൂഷകളും വിഭാവനം ചെയ്യേണ്ട അവസരം കൂടിയാണ് ദശാബ്ദി ആചരണവേളയെന്ന് സഭയുടെ നാഷണല്‍ കോര്‍ഡിനേററര്‍ മോണ്‍.ഫാ.ആന്റണി പെരുമായന്‍ ഓര്‍മ്മപ്പെടുത്തി. സഭാ ശുശ്രൂഷകള്‍ക്കായി വലിയ പ്രോത്സാഹനം തന്ന അഭിവന്ദ്യ പിതാക്കന്മാരെയും, തദേശ്ശിയ സഭാധികാരികളെയും, സ്തുത്യര്‍ഹമാംവിധം സേവനം ചെയ്ത മുന്‍ ചാപ്ല്യന്‍വൈദികരെയും സഭാ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ വേണ്ടി അഹോരാത്രം അധ്വാനിച്ച ആദ്യകാല പ്രവാസികളായെത്തിയ സഭാമക്കളെയും നന്ദിയോടെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കേണ്ട വര്‍ഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
അയര്‍ലണ്ടിലെ മലയാളി കത്തോലിക്കര്‍ എല്ലാ വര്‍ഷവും നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള മേയ് മാസത്തിലെ തീര്‍ഥാടനവേളയോട് അനുബന്ധിച്ച് ഈ വര്‍ഷം സംഘടിപ്പിച്ചിരിക്കുന്ന ദശാബ്ദി ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹത്തിന് നന്ദിയര്‍പ്പിക്കാനായി ഏവരെയും ക്ഷണിക്കുന്നതായി മോണ്‍.പെരുമായന്‍ അറിയിച്ചു.

മേയ് 21 ന്റെ നോക്ക് തീര്‍ഥാടനത്തിനും ദശാബ്ദി ആഘോഷങ്ങള്‍ക്കും സഭയുടെ എല്ലാ കേന്ദ്രങ്ങളിലും ലോക്കല്‍ തലത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ഫാ. പോല്‍ മോരേലി (ബെല്‍ഫാസ്റ്റ്), ഫാ. ജോസഫ് കറുകയില്‍ (ഡെറി), ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍), ഫാ. ആന്റണി ചീരംവേലില്‍ (ഡബ്ലിന്‍), ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ (കോര്‍ക്ക്) എന്നിവരുടേയും അയര്‍ലണ്ടില്‍ സഭാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന മറ്റു വൈദീകരുടെയും,സഭാസമിതികളുടെയും, യൂണിറ്റ് തല ഭാരവാഹികളുടെയും നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നോക്ക് മരിയന്‍ തീര്‍ഥാടനത്തിനായി ഒരുക്കുന്നുണ്ട് .

നോക്ക് മരിയന്‍ തീര്‍ഥാടനത്തിലേക്ക് അയര്‍ലണ്ടിലെ മുഴുവന്‍ കത്തോലിക്കാ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി തീര്‍ത്ഥാടനത്തിന്റെ കണ്‍വീനര്‍ ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത:കിസാന്‍ തോമസ്-0876288906 (പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)