എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനെന്തിക്കുന്നു (Luke .1 :47 )

സീറോ മലബാര്‍ സഭയ്ക്ക് ദൈവത്തിന്റെ കൈയ്യൊപ്പ്:ബ്രിട്ടണിൽ പുതിയ രൂപതയും,യൂറോപ്പിന് പുതിയ അപ്പസ്റ്റോലിക് വിസിറ്റേറ്ററും:പ്രാർത്ഥനാശംസകളോടെ ഡബ്ളിൻ സീറോ മലബാർ ചർച്ച്.

സീറോ മലബാര്‍ സഭയ്ക്ക് ദൈവത്തിന്റെ കൈയ്യൊപ്പ്:ബ്രിട്ടണിൽ പുതിയ രൂപതയും,യൂറോപ്പിന് പുതിയ അപ്പസ്റ്റോലിക് വിസിറ്റേറ്ററും:പ്രാർത്ഥനാശംസകളോടെ ഡബ്ളിൻ സീറോ മലബാർ ചർച്ച്.

ഡബ്ളിൻ: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രുപത സ്ഥാപിക്കപ്പെട്ടു. ഈ രൂപതയുടെ പ്രഥമമെത്രാനായി പാലാ രൂപതാംഗമായ ഫാ. ജോസഫ് ശ്രാമ്പിക്കലിനെയും യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിനെയും പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് (2016 ജൂലൈ 28 വ്യാഴം) റോമന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്‍ഡ്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30- ന് കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ കൂരിയായിലും ഇംഗ്ലണ്ടിലെ പ്രസ്റ്റണ്‍ സെന്‍റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദൈവാലയത്തിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പ്രസ്റ്റണ്‍ സെന്‍റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ലാംഗസ്റ്റര്‍ രൂപതാ മെത്രാന്‍ ബിഷപ്പ് മൈക്കിള്‍ ക്യാംപ്ബെല്ലുമാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. അറിയിപ്പിനു ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിഞ്ഞാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് നിയുക്ത മെത്രാൻമാരെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.കഴിഞ്ഞ മൂന്നു വര്‍ഷമായി റോമിൽ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളില്‍ സഹായിച്ചു വരികയായിരുന്നു .കരുണയുടെ വര്‍ഷത്തില്‍ പരിശുദ്ധപിതാവു ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രത്യേകം നിയോഗിച്ച ആയിരത്തിലധികം കരുണയുടെ പ്രേഷിതരില്‍ ഒരാളായിരുന്നു നിയുക്തമെത്രാൻ.

യൂറോപ്പിലെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത് കഴിഞ്ഞ അഞ്ചു വര്‍ഷമായി റോമില്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രൊക്കുരേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാര്‍ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ കോ-ഓര്‍ഡിനേറ്ററായും സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. റോമിലെ പ്രൊക്കുരേറ്റര്‍ എന്ന ശുശ്രൂഷ മോണ്‍. സ്റ്റീഫന്‍ തുടരുന്നതാണ്. റോമിലുള്ള വിവിധരാജ്യങ്ങളിലെ പ്രവാസിസമൂഹങ്ങള്‍ക്കു അജപാലനശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന വൈദികരെ പ്രതിനിധീകരിച്ച് റോമാരൂപതയിലെ പ്രസിബിറ്ററല്‍ കൗണ്‍സിലിലും അംഗമാണ് മോണ്‍. സ്റ്റീഫണ്‍.

അയർലണ്ടിലെ സീറോ മലബാര്‍ വിശ്വാസികൾക്ക് ഉണർവും ഊർജ്ജവും നൽകുന്ന മാർപ്പാപ്പായുടെ ഈ നടപടിയെ പ്രാർത്ഥനാപൂർവം നോക്കികാണുകയാണെന്നും പുതിയ ബിഷപ്പിനും അപ്പസ്തോലിക് വിസിറ്റേറ്ററിനും അജപാലന ശുശ്രൂഷാ കർമ്മങ്ങളിൽ കൂടുതൽ നിറവും ദൈവപരിപാലനയും ഉണ്ടാകുവാൻ പ്രർത്ഥിക്കണമെന്നും അയർലണ്ടിലെ എല്ലാ ദൈവമക്കളോടും അഭ്യർത്ഥിക്കുന്നതായി ചാപ്ളയിൻമാരായ ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലിൽ എന്നിവർ അറിയിച്ചു.
വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ)